വടക്കാഞ്ചേരി: ഇന്ത്യയിലാദ്യമായി വനിതാ റസ്റ്റ് ഹൗസ് എന്ന ആശയം സർക്കാർ തലസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി വിനിയോഗിച്ച് നിർമ്മിച്ച വടക്കഞ്ചേരി പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് പൂർത്തീകരണോദ്ഘാടനം പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റസ്റ്റ് ഹൗസുകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം അവയുടെ പരിപാലനത്തിന് മാറ്റിവയ്ക്കാൻ ആലോചനയുണ്ട്. ഹോസ്പിറ്റൽ മേഖലയിൽ പുതിയ ചുവടുവെപ്പുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വികസനത്തിന്റെ ഭാഗമായി താമസസൗകര്യങ്ങളുടെ കുറവ് പരിഹരിച്ച് കുറഞ്ഞ ചെലവിൽ താമസം ലഭിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് 2021 നവംബറിൽ ആരംഭിച്ചു. രണ്ട് വർഷത്തിനിടയിൽ റസ്റ്റ് ഹൗസുകളിൽനിന്ന് അധിക വരുമാനമായി 12.88 കോടി രൂപയാണ് ലഭിച്ചത്. 2.96 ലക്ഷം പേരാണ് 400 രൂപ നിരക്കിൽ ഓൺലൈനായി മുറികൾ ബുക്ക് ചെയ്തത്. മണ്ഡലത്തിൽ മാത്രം 7.91 ലക്ഷം രൂപയാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

പി.പി സുമോദ് എംഎ‍ൽഎ അധ്യക്ഷനായി. മുൻ മന്ത്രി എ.കെ ബാലൻ മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് ചിറ്റൂർ-പുതുനഗരം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷമീം സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ഉസനാർ, ബ്ലോക്ക് പഞ്ചായത്ത് വനജ രാധാകൃഷ്ണൻ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം വി.എ അൻവർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.