കുമളി: തോട്ടഭൂമിയിൽ നിന്ന് അനധികൃതമായി ഈട്ടിമരങ്ങൾ മുറിച്ച് മണ്ണിനടയിൽ കുഴിച്ചിട്ടിരുന്നത് വനപാലകർ പിടികൂടി. സംഭവത്തിൽ കുമളി പഞ്ചായത്ത് മെംബർക്കെതിരെ വനനിയമ പ്രകാരം കേസെടുത്തു. കുമളി പഞ്ചായത്ത് മെംബർ കബീറിന്റെ കൈവശത്തലിരിക്കുന്ന സ്ഥലത്ത് നിന്നാണ് മരങ്ങൾ മുറിച്ച് 13 കഷണങ്ങളായി മണ്ണിൽ കുഴിച്ചിട്ടിരുന്നത്. പരാതി ലഭിച്ചതോടെ വനം വകുപ്പ് കുമളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി തടി കണ്ടെടുത്ത്, കസ്റ്റഡിയിലെടുത്തു.

എം.എം.ജെ പ്ലാന്റേഷന്റെ കൈവശത്തിലിരുന്ന തോട്ടഭൂമിയിലെ മരങ്ങളാണ് മുറിച്ച് ,മണ്ണിൽ പുഴ്തിയത്. പരിസ്ഥിതി ദുർബ്ബല മേഖലയിൽ നിന്നും മരം മുറിച്ചു വിൽക്കാൻ പാടില്ലെന്നും കെട്ടിട നിർമ്മാണം പാടില്ലെന്നുമുള്ള വിവാദങ്ങൾ കൊടുംപിരി കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ വിവാദം.

13 കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ് വനം വകുപ്പ് തടിക്കഷണങ്ങൾ കണ്ടെത്തിയത്. 75000 - എഴുപത്തി അയ്യായിരം രൂപ വിലവരും എന്നാണ് പ്രാഥക നിഗമനം കൂടുതൽ തടികൾ മുറിച്ചിട്ടുണ്ടോയെന്നും വനംവകുപ്പ് അന്വേഷണം നടന്നു വരികയാണ്. സ്ഥലത്തിന്റെ കൈവശക്കാരനായ പഞ്ചായത്ത് മെംബർക്കെതിരെ വനനിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

സ്റ്റേഡിയം, ബഡ്‌സ് സ്‌കൂൾ തുടങ്ങി വിവിധ വികസന പദ്ധതികൾക്കായി കുമളി പഞ്ചായത്ത് ഈ സ്ഥലം വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടെ പഞ്ചായത്തുമായി ബന്ധപ്പെട്ടവർ ഇടനിലക്കാരായി ഇവിടെ പലർക്കും ഭൂമി വിൽപന നടത്തിയിട്ടുണ്ടെന്നാണ് വിവരം. വിവാദങ്ങൾ ഉയർന്നപ്പോൾ സ്ഥലത്തിന്റെ നിജസ്ഥിതി ആവശ്യപ്പെട്ട് വനം വകുപ്പ് 2 മാസം മുൻപ് റവന്യു വകുപ്പിന് കത്ത് നൽകിയിരുന്നു.

എന്നാൽ റവന്യു വകുപ്പ് ഒരു മറുപടിയും നൽകിയില്ല. ഇതിനിടെയാണ് പുതിയ മരംമുറി വിവാദം ഉണ്ടായിരിക്കുന്നത്. അതോടെ വനം വകുപ്പ് വീണ്ടും റവന്യു വകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്.