കൊച്ചി: വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം. വെയിലത്ത് പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സൂര്യാഘാത സാധ്യത ഒഴിവാക്കാനാണ് നടപടി.

രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 വരെയുള്ള സമയത്തിനകത്ത് എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയിരിക്കണം. അതേ സമയം പകൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇതിനിടയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള നൽകണം. വെയിൽ കനക്കുന്ന സമയത്ത് വിശ്രമം അനുവദിച്ചിരിക്കയാണ്. കഴിഞ്ഞ വർഷവും ഇതേ മാതൃകയിൽ നിയന്ത്രണ ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ ഇത് മാർച്ച് രണ്ട് മുതലായിരുന്നു. ഇത്തവണ ചൂട് നേരത്തെ കനത്തു.

ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നൽകണമെന്ന് ലേബർ കമീഷണർ ഡോ കെ വാസുകി അറിയിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാത ത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമ്മാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു.