- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി അയോധ്യയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; മതവികാരം ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് യെച്ചൂരി
കണ്ണൂർ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യെച്ചൂരി പറഞ്ഞു. നഗ്നമായ മതധ്രുവീകരണമാണ് നടക്കുന്നത്. മതവികാരം ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്.
രാമക്ഷേത്ര ചടങ്ങിലേക്ക് നേരിട്ട് ക്ഷണം കിട്ടിയെന്നും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. പങ്കെടുക്കില്ലെന്നത് കൃത്യമായ രാഷ്ട്രീയ നിലപാടാണ്. സിപിഎമ്മിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. സിപിഎം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തിൽ രാഷ്ട്രീയം കലർത്തുന്നതിനെയാണ് ശക്തമായി എതിർക്കുന്നത്. മതത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രം വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറുന്നതിന്റെ തെളിവാണ് പെഗസ്സസ്. വ്യക്തി സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്. ഇന്ത്യൻ സമ്പത്ത് രംഗം മെച്ചപ്പെട്ടുവെന്നത് തെറ്റായ വിവരങ്ങൾവെച്ചുള്ള പ്രചരണമാണ്. ജനങ്ങളുടെ വാങ്ങൽ ശേഷി കുത്തനെ കുറഞ്ഞു. തൊഴിലില്ലായ്മയും ശമ്പളമില്ലാത്ത ജോലിയും രാജ്യത്ത് വർധിച്ചിരിക്കുകയാണ്.
മറുനാടന് ഡെസ്ക്