- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ; രണ്ടുപ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പതോളം ചെടികൾ; സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കും വേണ്ടി വളർത്തിയതെന്ന് 26 കാരൻ
പറവൂർ: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ. വടക്കേക്കര പട്ടണം ഭാഗത്ത് പുഴക്കരേടത്ത് റോഡിൽ വീടിന്റെ മുകളിൽ നിലയിൽ രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി വിൽപ്പന ആവശ്യത്തിലേക്ക് കഞ്ചാവ് ചെടി നട്ടു വളർത്തിയ വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ (26 )യെ ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുനമ്പം ഡിവൈഎസ്‌പി എം കെ മുരളിയുടെ നിർദ്ദേശപ്രകാരം വടക്കേക്കര ഇൻസ്‌പെക്ടർ സൂരജ് വി സി, ഇൻസ്‌പെക്ടർ ഷെറി എം എസ് , എഎസ് ഐ റസാഖ് പൊലീസുകാരായ മിറാഷ് ലിജോ ശീതൾ ഡ്രൈവർ മധു എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
മണലും ആട്ടിൻ കാഷ്ടവും നിറച്ച രണ്ടു പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പതോളം കഞ്ചാവ് ചെടികൾ നനച്ചുവളർത്തുകയായിരുന്നു .അതിൽ നിന്നും ഒരു ചെടി വെട്ടി ഇലകൾ സമീപത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ഉണക്കാൻ വച്ചിരുന്നതും പൊലീസ് കണ്ടെടുത്തു. പൊലീസ് പരിശോധിക്കുന്ന സമയത്ത് ചെടികൾ പൂവിട്ട നിലയിലായിരുന്നു. തൊട്ടടുത്ത് വീടുകളുണ്ട്. പൊലീസ് എത്തുമ്പോഴാണ് സിജോ കഞ്ചാവ് വളർത്തിയിരുന്ന കാര്യം അയൽവാസികൾ അറിയുന്നത്.
സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിലേക്ക് വേണ്ടിയും സ്വന്തം ഉപയോഗത്തിനു വേണ്ടിയും ആണ് കഞ്ചാവ് നട്ടു വളർത്തുന്നതെന്ന് സിജോ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കഞ്ചാവ് ചെടിയും ഉണക്കിയ കഞ്ചാവും പൊലീസ് ബന്തവസ്സിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മുനമ്പം സബ് ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിൽ വരും ദിവസങ്ങളിൽ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് ഡി വൈ എസ് പി എം കെ മുരളി അറിയിച്ചു
മറുനാടന് മലയാളി ലേഖകന്.