തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട ബാർ കോഴ വിവാദത്തിൽ സർക്കാറിനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷം. വിവാദത്തിൽ യൂത്ത് കോൺഗ്രസ് നാളെ പ്രത്യക്ഷ സമരം നടത്തും. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസിലേക്ക് മാർച്ച് നടത്താനാണ് യൂത്ത് കോൺഗ്രസ് ഒരുങ്ങുന്നത്. നോട്ടെണ്ണൽ യന്ത്രവുമായാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

'കേരളമദ്യനയ അഴിമതിയുടെ സൂത്രധാരൻ കോഴമന്ത്രി എം.ബി. രാജേഷിന് നോട്ടെണ്ണൽ യന്ത്രം നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം. നാളെ രാവിലെ 11 മണിക്ക്', എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്ററിലുള്ളത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

അതേസമയം, മന്ത്രി എം.ബി. രാജേഷ് സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞദിവസം ഓസ്ട്രിയയിലേക്കുപോയി. ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ട മന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയ്ക്കൊപ്പം ഫ്രാൻസും ബെൽജിയവും അദ്ദേഹം സന്ദർശിക്കും. നേരത്തെ തീരുമാനിച്ചതുപ്രകാരമാണ് സന്ദർശം. കേന്ദ്രാനുമതിയും ലഭിച്ചിരുന്നു. ജൂൺ രണ്ടിന് തിരികെയെത്തും.