കോന്നി: തണ്ണിത്തോട് ബഥാന്‍ റോഡില്‍ കിണറ്റില്‍ വീന്ന കേഴ മാനിനെ വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീം എത്തി രക്ഷപെടുത്തി. കാവടയില്‍ ഷേര്‍ലിയുടെ പുരയിടത്തിലെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ ആണ് കേഴമാന്‍ വീണത്. തൊട്ടടുത്ത വീട്ടുകാര്‍ ഈ കിണറ്റിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്. ഇവര്‍ രാവിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വെള്ളം ടാപ്പിലൂടെ കലങ്ങി വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ആണ് കിണറ്റില്‍ കേഴമാന്‍ വീണ് കിടക്കുന്നത് കണ്ടത്.

തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വനപാലകരും റാന്നി ആര്‍ആര്‍ടിയും സ്ഥലത്ത് എത്തി വല ഉപയോഗിച്ച് ഇതിനെ പുറത്ത് എത്തിക്കുകയായിരുന്നു. റാന്നി ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജി കൃഷ്ണകുമാര്‍, വനപാലകരായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജയന്‍, ബീറ്റ് ഓഫീസര്‍ നാരായണന്‍ കുട്ടി, ഐശ്വര്യ സൈഗാള്‍, കൃഷ്ണപ്രിയ റ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.