- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശ്ശൂരില്‍ കനത്ത മഴയില്‍ മദ്രസ കെട്ടിടം തകര്‍ന്നുവീണു; വന്‍ ദുരന്തം ഒഴിവായത് അവധി നല്കിയിരുന്നതിനാല്
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകര്‍ന്നുവീണു. കട്ടന്‍ ബസാര്‍ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകര്‍ന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ മദ്രസയ്ക്ക് അവധി നല്കിയതിനാല് വന്‍ ദുരന്തം ഒഴിവായി.
അതേസമയം, കൊടകരയില്‍ ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കൊടകര അഴകത്ത് അമ്പാടി ലൈന്‍ സുരഭി നിവാസില്‍ റാവുവിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ആള്‍മറയുള്ള കിണര്‍ താഴ്ന്നതിനോടൊപ്പം വെള്ളം അടിക്കുന്ന മോട്ടറും കിണറ്റില്‍ പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പല മേഖലകളിലും മഴക്കെടുതികള്‍ തുടരുകയാണ്. കണ്ണൂരിലെ മലയോര മേഖലയില്‍ പുഴകളില്‍ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് സൂചന. മണിക്കടവ്, മാട്ടറ പുഴകളിലാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. വയനാട്ടില്‍ 25 ദുരിതാശ്വാസ ക്യാമ്പുകളിലായി 1002 പേരെ പാര്‍പ്പിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ നാടുകാണി അതിര്‍ത്തിയില്‍ ചുരം റോഡില്‍ വിള്ളല്‍ കണ്ടെത്തി.
മാനന്തവാടി കുറ്റ്യാടി ചുരം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് വില്ല്യാപ്പള്ളിയില്‍ വീട്ടമ്മ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ ചെറുപുഴ കോഴിച്ചാലില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷിച്ചു. കോഴിച്ചാലില്‍ പാലം തകര്‍ന്നു ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ആണ് രക്ഷപ്പെടുത്തിയത്.