കോട്ടയം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേരള എക്‌സ്പ്രസ് ട്രെയിന്‍ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് കോട്ടയത്ത് എത്തിയശേഷം പിടിച്ചിട്ടത്. കോട്ടയത്ത് നിന്നും ട്രെയിന്‍ പുറപ്പെടാനിരിക്കെയാണ് സാങ്കേതിക തകരാറുണ്ടായത്.

ട്രെയിനിന്റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിന്‍ പിടിച്ചിടാന്‍ കാരണമെന്നാണ് റെയില്‍വെ വിശദീകരിക്കുന്നത്. എറണാകുളത്ത് നിന്നും മറ്റൊരു ബോഗി എത്തിച്ച് ബോഗി മാറ്റി ഘടിപ്പിച്ചാലെ യാത്ര തുടരാനാകുവെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.

അതിനാല്‍ തന്നെ ട്രെയിന്‍ കോട്ടയത്ത് നിന്നും ഓടി തുടങ്ങാന്‍ രണ്ടു മണിക്കൂര്‍ എങ്കിലും സമയം പിടിക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ റിസര്‍വ് ചെയ്ത മറ്റു റെയില്‍വെ സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കുന്നവരും ട്രെയിനിലുണ്ടായിരുന്നവരും ദുരിതത്തിലായി.

കൊല്ലത്ത് എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചശേഷം യാത്ര തുടരുകയായിരുന്നു. എന്നാല്‍, കോട്ടയത്ത് എത്തിയതോടെ വീണ്ടും പ്രശ്‌നം ശ്രദ്ധയില്‍പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകളും വൈകാന്‍ സാധ്യതയുണ്ട്.