- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിപി പറയുന്നത് കളവ്; പണം നല്‍കിയത് ഭൂമിക്ക് ബാധ്യതയില്ലെന്ന കരാറിലെ വാക്കുവിശ്വസിച്ച്; ഷെയ്ഖ് ദര്‍വേഷ് സാഹിബിന് എതിരെ പരാതിക്കാരന്‍ വീണ്ടും
തിരുവനന്തപുരം: ഭൂമി ഇടപാട് കേസില്‍, പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ വാദങ്ങളെ ഖണ്ഡിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറയുന്നത് ശരിയല്ല. ഭൂമിക്ക് ബാധ്യതയില്ലെന്നു കരാറില്‍ പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരനായ ടി.ഉമര്‍ ഷെരീഫ് പറഞ്ഞു. സംശയം മൂലം അന്വേഷിച്ചപ്പോഴാണു ബാധ്യത കണ്ടെത്തിയത്. പണം തിരികെ ലഭിച്ചാല്‍ കേസില്‍ നിന്നു പിന്മാറുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. "ആദ്യം 15 ലക്ഷം രൂപ നല്‍കി. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം ചോദിച്ചു. അപ്പോള്‍ അതില്ലെന്നു പറഞ്ഞു. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് 26 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്ന് അറിഞ്ഞത്" ഉമര്‍ പറഞ്ഞു.
ഭൂമിയില്‍ യാതൊരു ബാധ്യതയുമില്ലെന്നു കരാറിന്റെ എട്ടാമത്തെ പാരഗ്രാഫില്‍ പറയുന്നുണ്ട്. അതു വിശ്വസിച്ചാണ് കരാര്‍ ഒപ്പുവച്ച് പണം നല്‍കിയത്. തുടര്‍ന്ന് ബാധ്യതയുള്ള ഭൂമിയില്‍ താല്‍പര്യമില്ലെന്നും കരാറില്‍ നിന്നു പിന്മാറുകയാണെന്നും അറിയിച്ചു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ ഇതുവരെ പണം നല്‍കാതിരുന്നതോടെയാണു നോട്ടിസ് അയച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും പണം തിരികെ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കില്ലെന്നും വേണമെങ്കില്‍ ഭൂമി നല്‍കാമെന്നുമായിരുന്നു മറുപടി.
തുടര്‍ന്നാണ് രേഖകള്‍ സഹിതം കോടതിയെ സമീപിച്ചതെന്നും ഉമര്‍ ഷെരീഫ് പറഞ്ഞു. ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയെ നേരില്‍ കണ്ടു പരാതി പറഞ്ഞു. മുഖ്യമന്ത്രിയെ കാണേണ്ടതില്ല എല്ലാം ശരിയാക്കാമെന്ന് പി.ശശി പറഞ്ഞതായും ഉമര്‍ ഷെരീഫ് പറഞ്ഞു.
അതേസമയം, ഭാര്യയുടെ പേരിലുള്ള ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പട്ട ഇടപാടില്‍ കൃത്യമായ കരാറോടെയാണ് ഏര്‍പ്പെട്ടതെന്നു ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് പണം നല്‍കിയ ശേഷം കരാറുകാരന്‍ ഭൂമിയില്‍ മതില്‍ കെട്ടിയിരുന്നു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ ഇയാള്‍ അഡ്വാന്‍സ് തിരികെ ചോദിക്കുകയായിരുന്നുവെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പറഞ്ഞു.
അഡ്വാന്‍സ് തുക നല്‍കിയതിനു ശേഷമാണ് ഈ ഭൂമി പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം രൂപ ബാധ്യയുണ്ടെന്നും അറിഞ്ഞതെന്നു പരാതിക്കാരന്‍ പറയുന്നു. 5 ലക്ഷം രൂപ ഡിജിപിക്കു നേരിട്ടും 25 ലക്ഷം രൂപ ഡിജിപിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലും നല്‍കിയെന്നു പരാതിക്കാരനായ ടി.ഉമര്‍ ഷെരീഫ് പറഞ്ഞു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. ഇതിനിടെയാണ് ഡിജിപിയുടെ പ്രതികരണം. ഭൂമിയ്ക്ക് വായ്പയുളളതില്‍ പോലീസ് മേധാവി പ്രതികരിച്ചിട്ടുമില്ല.
ഭൂമി വില്‍ക്കാനായി 74 ലക്ഷം രൂപയുടെ കരാര്‍ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്ത ശേഷം കരാര്‍ ലംഘിച്ചതിനു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരെ കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചിരുന്നു. ഭൂമി വാങ്ങാന്‍ കരാര്‍ ഒപ്പിട്ട വഴുതക്കാട് സ്വദേശി ടി.ഉമര്‍ ഷെരീഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പറഞ്ഞത്.
10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു. പണം തിരികെ നല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വേ നമ്പര്‍ 140/3 ആയി ഉള്ള ഭൂമി വില്‍ക്കാന്‍ 2023 ജൂണ്‍ 22നാണ് ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടതെന്നു പരാതിയില്‍ പറഞ്ഞു.
പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ഇതേ ഭൂമി പൊതുമേഖലാ ബാങ്കില്‍ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കി. പലിശയും ചെലവും ഉള്‍പ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ.ഡി.അശോക് കുമാര്‍ മുഖേന കോടതിയെ സമീപിച്ചു. മേയ് 28നാണു ഭൂമിയില്‍ ജപ്തി നോട്ടിസ് പതിച്ചത്.