മലപ്പുറം: മങ്കട നിയോജക മണ്ഡലത്തില്‍ കുറുവ പഞ്ചായത്തിലെ നാലു യുവാക്കളുടെ പേരില്‍ വ്യാജ എം.ഡി.എം.എ കേസ് ചുമത്തി പീഡിപ്പിച്ചതായി പരാതി. സംഭവം മണ്ഡലം എം.എല്‍.എ മഞ്ഞളാംകുഴി അലി നിയമസഭയില്‍ ഉന്നയിച്ചു. ചെറുപ്പക്കാര്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുവാക്കള്‍ക്കും കുടുംബത്തിനും ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും മഞ്ഞളാംകുഴി അലി എം.എല്‍.എ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചു.




രേഖാമൂലമുള്ള പരാതി ലഭിക്കുന്ന മുറക്ക് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മറുപടിയായി സഭയെ അറിയിച്ചു. മലപ്പുറം എസ് പി സുജിത് ദാസിന്റെ കാലത്ത് വ്യാജ കേസില്‍ കുടുക്കി ഒരുപാട് പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് മാനസിക പിരിമുറുക്കത്താല്‍ ഹൃദയാഘാതം മൂലം കരിഞ്ചാപ്പാടിയിലെ കരുവള്ളി ഷഫീഖ് കഴിഞ്ഞ ഏഴിന് മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ ഷഫീക്കിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബവും നാട്ടുകാരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം കേള്‍ക്കുകയും ചെയ്തിരുന്നു. ഷെഫീക്കും സുഹൃത്തുക്കളും യാത്ര ചെയ്ത കാറില്‍ നിന്നു പിടിച്ചെടുത്ത സുഗന്ധദ്രവ്യം എം.ഡി.എം.എ യാണെന്ന് പറഞ്ഞ് മേലാറ്റൂര്‍ പോലീസ ്അറസ്റ്റ് ചെയ്യുകയായിരുന്നു.

എംഡിഎംഎ അല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് വന്നപ്പോഴേക്കും നാട്ടുകാരുടെ ഇടയില്‍ ഒരു കുറ്റവാളിയായി ഷഫീഖിനെ ചാപ്പ കുത്തിയിരുന്നു. മേലാറ്റൂര്‍ മണിയാണീരിക്കടവ് പാലത്തിനു സമീപത്തുവെച്ചാണ് വാഹന പരിശോധനയ്ക്കിടെ പോലിസ് ഇവരെ പിടികൂടിയത്. കാറില്‍ വെച്ചിരിക്കുന്ന സുഗന്ധദ്രവമാണെന്ന് പറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ല. അതിക്രൂരമായ പീഡനങ്ങള്‍ ഷഫീകും സുഹൃത്തുക്കളും ഏറ്റുവാങ്ങി. ഗുഹ്യസ്ഥാനങ്ങളില്‍ വരെ മുളക് പുരട്ടി, തലകീഴായി കെട്ടിത്തൂക്കി, വാതിലിനിടയില്‍ വിരലുകള്‍ വെച്ചു അടയ്ക്കുന്നത് അടക്കമുള്ള ക്രൂരകൃത്യങ്ങള്‍ അവര്‍ ഏറ്റുവാങ്ങിയിരുന്നു എന്ന് നാട്ടുകാരും കുടുംബവും നിറ കണ്ണുകളോടെ എംഎല്‍എയുടെയുടെ മുന്നില്‍ വിശദീകരിച്ചിരുന്നു.

ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട് കുടുംബ ഭാരം മുഴുവന്‍ ചുമക്കേണ്ടി വന്നവനായിരുന്നു ഷഫീഖ്. കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളിയായിരുന്ന ഷഫീക്കിന് ജോലി നഷ്ടപ്പെട്ടു. വിദേശത്തുനിന്ന് ലീവിന് വന്ന രണ്ട് ചെറുപ്പക്കാര്‍ക്ക് അവരുടെ ജോലി നഷ്ടപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മറ്റൊരാള്‍ക്ക് കൂലിവേലയായിരുന്നു ജോലി, മാസങ്ങളോളം ജയില്‍ വാസം കിടന്ന് കൂടുതല്‍ കടബാധ്യതകള്‍ പേറേണ്ടി വന്നു.

മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിക്കാനുള്ള അധികാരികളുടെ ഹിഡന്‍ അജണ്ടകളുടെ ഇരകളാണ് ഷഫീക്കും സുഹൃത്തുക്കളും. നിരപരാധികളായ ഒരുപാട് ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കിയ സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും ഷഫീഖിന്റെ കുടുംബത്തിന് നീതി ലഭിക്കാനും നിയമ സഭക്ക് അകത്തും പുറത്തും ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് എംഎല്‍എ അറിയിച്ചു.