- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തില്‍ 27 ചാക്കുകളിലായി നിരോധിത പുകയില ഉത്പ്പന്നങ്ങള്‍; പിടിയിലായ മൊത്ത വ്യാപാരി സമീറിനെതിരെ മുന്‍പ് രണ്ടു കേസുകള്‍
സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തില്‍ 27 ചാക്കുകളിലായി നിരോധിത പുകയില ഉത്പ്പന്നങ്ങള്‍
മലപ്പുറം: ടര്‍ഫ് മൈതാനത്തിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തില്‍ 27 ചാക്കുകളിലായി നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചുവെച്ച മൊത്ത വ്യാപാരിക്കെതിരെ നേരത്തെയും കേസുകള്‍. വാടക ക്വാര്‍ട്ടേഴ്സ് വന്‍തോതില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുള്ള ഗോഡൗണായി ഉപയോഗിച്ച മൊത്തവ്യാപാരിയായ പനങ്ങാങ്ങര സ്വദേശി പടിക്കാപറമ്പില്‍ സമീറിനെ (34) കൊളത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തു.
പുഴക്കാട്ടിരി പൈതല്‍പ്പടിയില്‍ ടര്‍ഫ് മൈതാനത്തിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തിലാണ് 27 ചാക്കുകളിലായി ഹാന്‍സ്, കൂള്‍ലിപ്പ്, പാന്‍മസാല തുടങ്ങിയ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പനക്കായി ശേഖരിച്ച് വച്ചത്. സമീര്‍ വന്‍തോതില്‍ ഹാന്‍സ് തുടങ്ങിയ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വ്യാപകമായി ചില്ലറ വില്‍പ്പന നടത്തുന്നുണ്ടെന്നു ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം
ലഭിച്ചിരുന്നു.
തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സമീര്‍. തിങ്കളാഴ്ച രാത്രി സമീര്‍ പൈതല്പ്പടിയിലെ ക്വാര്‍ട്ടേഴ്സില്‍ വന്‍തോതില്‍ പുകയില ഉത്പ്പന്നങ്ങള്‍ എത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇന്നലെ ക്വാര്‍ട്ടേഴ്സില്‍ പോലീസ് പരിശോധന നടത്തി സമീറിനെ അറസ്റ്റ് ചെയ്യുകയും നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പുകയില ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചുവച്ച കുറ്റത്തിനു 2020 ല്‍ പെരിന്തല്‍മണ്ണ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. 2023 ല്‍ കൊളത്തൂര്‍ പോലീസ് രണ്ടു കേസുകള്‍ സമീറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുബീന, സിവില്‍ പോലീസ് ഓഫീസര്‍ അഭിജിത് എന്നിവരും ചേര്‍ന്നാണ് സമീറിനെ പിടികൂടിയത്.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ