തിരുവനന്തപുരം: കേരളത്തിലെ സർവ്വ മാദ്ധ്യമ ഉടമകളെയും വിഡ്ഢികളാക്കിയോ അല്ലെങ്കിൽ ഒരു സംഘം ബിസിനസ് മാദ്ധ്യമ പ്രവർത്തകർക്ക് മദ്യം വാങ്ങി കൊടുത്തോ കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യ ത്രീഡി ഫോൺ ഇറക്കുന്നുവെന്ന് അവകാശപ്പെടുന്ന അഗസ്റ്റിൻ സഹോദരന്മാർ അവകാശപ്പെടുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് പേരുകളായ അമിതാഭ് ബച്ചനും സച്ചിൻ ടെണ്ടുൽക്കറും തങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരാണ് എന്നാണ്. കൊച്ചു കേരളത്തിൽ നിന്നാണ് തുടക്കം എങ്കിലും ആപ്പിളിനും സാംസ്ങിനും ഭീഷണി ഉയർത്തുന്ന ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർമാരായി സച്ചിനും അമിതാബും വരുന്നതിൽ ആർക്കെങ്കിലും അത്ഭുതം തോന്നേണ്ട കാര്യമില്ല. 3500 കോടി നിക്ഷേപിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കമ്പനിയുടെ ബ്രാൻഡ് അംബാസിഡർമാരായി ഇവർ എത്തുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യവുമില്ല.

പത്രവാർത്തകൾ കണ്ട് അമിതാഭ് ബച്ചനെയും സച്ചിൻ തെണ്ടുൽക്കറുടെയും ഓഫീസുകളുമായി ഈ ലേഖകൻ ബന്ധപ്പെടുകയുണ്ടായി. മുംബൈയിൽ അറിയപ്പെടുന്ന ബിസിനസ്സ് ജേർണലിസ്റ്റുകളും ഇക്കാര്യത്തിൽ ഞങ്ങളെ സഹായിച്ചു. സച്ചിന്റെ ഓഫീസിൽ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നാണ് അറിയിച്ചത്. കഴിഞ്ഞ 29ന് കേരളത്തിൽ വരാനോ കമ്പനി പ്രതിനിധികൾ അവകാശപ്പെടുന്നതുപോലെ ഫെബ്രുവരി 29ന് വരാനോ ഒരു ബുക്കിംഗും ഇല്ല എന്ന് സച്ചിന്റെ ഓഫീസ് അറിയിക്കുന്നു. അപ്പോൾ പിന്നെ സച്ചിൻ എങ്ങനെയാണ് ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആകുന്നത്? മുഴുവൻ പത്രങ്ങളിലും ചാനലുകളിലും വന്ന കാര്യമാണിത്.

സച്ചിൻ സംഗതി അറിഞ്ഞില്ലെങ്കിലും അമിതാബ് ബച്ചന്റെ ഓഫീസ് ചർച്ച നടത്തിയ കാര്യം തള്ളിയതുമില്ല. കൊച്ചിയിലെ പുഷ് എന്ന ഏജൻസി വഴി അമിതാബ് ബച്ചന്റെ ഓഫീസ് മാംഗോ ഫോണുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഒമ്പത് കോടി രൂപയാണ് അമിതാബിന് നൽകാമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റത്. അഡ്വാൻസായി 1.9 കോടിയുടെ ചെക്കും നൽകി. എന്നാൽ അമിതാബിന്റെ ഓഫീസ് ഈ ചെക്ക് സമർപ്പിച്ചപ്പോൾ പണം ഇല്ലാത്തതുകൊണ്ട് അത് മടങ്ങുകയാണ് ചെയ്തത്. അതുകൊണ്ട് അമിതാബും വരുന്നില്ല എന്നാണ് വ്യക്തമായി അറിയാൻ കഴിഞ്ഞത്.

ബ്രാൻഡ് അംബാസിഡർമാരുടെ കാര്യം ചോദിച്ചപ്പോൾ ഉടമകളിൽ ഒരാളായ ആന്റോ അഗസ്റ്റിൻ ഉരുണ്ടു കളിക്കുകയായിരുന്നു. സച്ചിനും ബച്ചനും വരുമെന്നും നിങ്ങൾ 29 വരെ കാത്തിരിക്കൂ എന്നുമാണ് ആദ്യം പറഞ്ഞത്. എന്നാൽ അതിന് ഒരു ചെറിയ ഇമെയിൽ എങ്കിലും തരുമോ എന്നു ചോദിച്ചപ്പോൾ സച്ചിനെ കൊണ്ട് വരുമെന്ന് ഞാൻ ആരോടും പറഞ്ഞില്ല എന്നായി. പത്രവാർത്തകൾ എങ്ങനെ വന്നു എന്നു അറിയില്ല എന്നും ആന്റോ പറയുന്നു. സച്ചിനെ ഒഴിവാക്കിയെങ്കിലും ബച്ചന്റെ കാര്യത്തിൽ ഇപ്പോഴും ആന്റോയ്ക്ക് ഉറപ്പാണ്. സച്ചിന് കൊടുക്കാൻ പണത്തിന്റെ നല്ലൊരു ഭാഗം കൊച്ചിയിലെ ഏജൻസി അടിച്ചുമാറ്റുന്നുവെന്ന് തിരിച്ചറിഞ്ഞ വിഷമത്തിൽ ആ ഏജൻസിയുമായുള്ള കരാർ റദ്ദ് ചെയ്ത് മറ്റൊരു ഏജൻസി വഴിയാണ് കൊണ്ടുവരുന്നതെന്ന് ഒടുവിൽ ആന്റോ പറഞ്ഞത്. എന്നാൽ ഏത് ഏജൻസിയെന്നോ അതിനുള്ള രേഖകളോ കാണിക്കാൻ ആന്റോ തയ്യാറല്ല താനും.

ഇടയ്ക്ക് ഞാൻ ഇവരെ ആരെയും കൊണ്ടു വരുമെന്ന് ആരോടും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ആന്റോ അതൊക്കെ പത്രങ്ങൾ എഴുതിയതാണ് എന്ന് പറഞ്ഞ് തടി തപ്പാൻ ശ്രമിച്ചിരുന്നു. സച്ചിനെയും ബച്ചനെയും കൊണ്ടുവരാൻ ആണ് തങ്ങളുടെ ആഗ്രഹം എന്നാണ് പറഞ്ഞതെന്നും അവരെ കൊണ്ടുവരുമെന്ന് ആക്കിയതിന് ഉത്തരവാദി താൻ അല്ല എന്നും പറഞ്ഞ് തടി തപ്പാൻ ശ്രമിച്ചു. ബച്ചന്റെ കാര്യം എടുത്തു ചോദിച്ചപ്പോൾ ഇനി എത്ര ചെലവായാലും ബച്ചനെ കൊണ്ടു വന്നിരിക്കും എന്ന വെല്ലുവിളി നടത്താനും ആന്റോ മറന്നില്ല. തന്റെ കുടുംബ സ്വത്തിന്റെ ഒരു ചെറിയഅംശം മാത്രമെ ബച്ചന് പത്തോ പന്ത്രണ്ടോ കോടി കൊടുക്കാൻ വേണ്ടി വരൂ എന്നാണ് ആന്റോയുടെ നിലപാട്. എന്നാൽ ഒരിക്കൽ ചെക്ക് മടങ്ങിയ സ്ഥിതിക്ക് ഇനി ആര് ശ്രമിച്ചാലും ഈ കമ്പനിയുടെ ഉദ്ഘാടനത്തിന് എത്തില്ല എന്ന് ബച്ചന്റെ ഓഫീസ് വ്യക്തമാക്കിയതായി ഇവരുമായി ബന്ധമുള്ളവർ പറയുന്നു.

മനോരമയുടെ ബിസിനസ് റിപ്പോർട്ടർ പി കിഷോർ ജനുവരി അഞ്ചിന് തയ്യാറാക്കിയ വാർത്തയിൽ കമ്പനിയുടെ മൊത്തം മുതൽ മുടക്ക് 3,500 കോടി രൂപയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതു കൂടാതെ തന്നെ സച്ചിൻ ടെണ്ടുൽക്കറും അമിതാബ് ബച്ചനുമാണ് ബ്രാൻഡ് അംബാസിഡർമാരും എന്നും വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. കൊറിയൻ സാങ്കേതിക വിദ്യയാണ് കമ്പനി പിന്തുടരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ചൈനയിൽ നിർമ്മിക്കുന്ന ഫോണുകൾ കൊറിയയിലും യൂറോപ്പിലും മാർക്കറ്റ് പിടിക്കുമെന്നുമാണ് മറ്റൊരു അവകാശവാദം. കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സെന്റർ കൊറിയയിൽ ആണെങ്കിലും ചൈനയിലാണ് നിർമ്മാണ ഫാക്ടറി എന്നുമാണ് അവകാശവാദം. ദക്ഷിണ ചൈനയിലെ  ഷെഞ്‌ജെനിൽ 700 കോടിയുടെ ഫാക്ടറിയെന്നും കിഷോറിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ജനുവരി 29ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പത്രങ്ങളിൽ വാർത്ത വന്നെങ്കിലും ഇതുവരെ എന്തുകൊണ്ട് ഇത് ലോഞ്ച് ചെയ്തില്ല എന്ന ചോദ്യം ആയിരുന്നു ഞങ്ങൾ ആദ്യം ഉയർത്തിയത്. എന്നാൽ ഫെബ്രുവരി 29 എന്നാണ് ഞങ്ങൾ പറഞ്ഞതെന്നും ഫെബ്രുവരി 29-ാം തീയതി ഉണ്ടാവില്ല എന്ന് കരുതി പത്രക്കാർ എല്ലാവരും ജനുവരി 29 ആയി എഴുതിയത് തങ്ങളുടെ കുറ്റം അല്ല എന്നുമാണ് ആന്റോ പറയുന്നത്. ഫെബ്രുവരി 29ത് വരെ നിങ്ങൾ കാത്തിരിക്കു, എന്നും ലോകത്തെ അത്ഭുതപ്പെടുത്താൻ മൊബൈൽ മൊബൈൽ ഫോൺ എത്തുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. മറുനാടന്റെ ഇന്നലത്തെ റിപ്പോർട്ടിനെ തുടർന്നാണ് ഈ സ്ഥാപനത്തിന്റെ പ്രതിനിധികൾ ഉന്നയിച്ച പ്രധാന വിഷയവും അതായിരുന്നു.

  • ഫോൺ നമ്പർ പോലുമില്ലാത്ത വെബ്‌സൈറ്റ്; കമ്പനി രജിസ്റ്റർ ചെയ്തത് മൂന്ന് മാസം മുമ്പ്; പത്തുദിവസം കൂടി കഴിയുമ്പോൾ ലോകം കീഴടക്കാൻ ഇരിക്കുന്ന മാംഗോ ഫോൺ കമ്പനിയുടെ കഥ നാളെയും തുടരും.