- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പത് ഏക്കർ ഉള്ളവൻ എങ്ങനെ 150 ഏക്കർ സ്വന്തമാക്കി? നിയമം ലംഘിച്ച് പണിതുയർത്തിയ റിസോർട്ടുകളുടെ ഉടമകളാര്? വിഎസിന്റെ പുലിയും പൂച്ചയും മലയിറങ്ങിയ ശേഷം എങ്ങനെ കൊള്ള ഇരട്ടിയായി? പരിസ്ഥിതി കളങ്കപ്പെടുത്തുന്നത് കുമ്പസാരക്കുറ്റം ആക്കും മുമ്പ് ഒരുകൂട്ടം നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് മൂന്നാറിനെ വ്യഭിചരിക്കുന്നത് കണ്ടെത്താൻ ഇറങ്ങിയ വൈദികൻ പറയുന്ന കഥ
ഇത് ജിജോ കുര്യൻ. കോട്ടയത്തെ സാധാരണക്കാരനായ ഒരു കപ്പൂച്ചിയൻ വൈദികൻ. സോഷ്യൽ മീഡിയയിലും സൂക്ഷമമായി ഇടപെടുന്ന ഒരു സാധാരണക്കാരൻ. എന്നാൽ അച്ചൻ ഇതുവരെ എന്തെങ്കിലും സഭാ സംബന്ധമായ വിഷയത്തെ കുറിച്ച് പറഞ്ഞ് ആരും കേട്ടിട്ടില്ല. അഥവാ അങ്ങനെ വല്ലതും പറഞ്ഞാൽ അതു വിവാദം ആവുകയും ചെയ്യും. അതിൽ ഒന്ന് ചാവറയച്ചന്റെ വിശുദ്ധീകരണ ദിവസം അച്ചൻ ഇട്ട പോസ്റ്റായിരുന്നു. പ്രകൃതി, ആദിവാസികൾ, പ്രകൃതി വിഭവങ്ങളും മണ്ണും, ദളിതർ എന്നിവയാണ് അച്ചന്റെ ഇഷ്ട വിഷയങ്ങൾ. പ്ലാച്ചിമടയിലും മുത്തങ്ങയിലും നിൽപ്പു സമരത്തിലും ഒക്കെ സംഘാടകർപോലും അറിയാതെ പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങിയിട്ടുണ്ട് ഈ വൈദികൻ. അങ്ങനെ പറഞ്ഞാൽ ഒരുപാട് പറയാനുണ്ട്. ആ വൈദികനെ കുറിച്ച് പറയാനല്ല ഇത് എഴുതുന്നത്. അത് അദ്ദേഹത്തിന് ഒട്ടും താൽപര്യം ഉള്ള കാര്യമല്ല. ഒരു ദിവസം മറുനാടനിൽ വിളിച്ച് ഞാൻ മൂന്നാറുവരെ പോവുകയാണ്, ചില കാര്യങ്ങൾ കണ്ടെത്താനുണ്ട്, പ്രസിദ്ധീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ നൽകാമെന്ന് പറഞ്ഞു. എതാനും ആഴ്ചകൾ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ചുറ്റിക്കറങ്ങ
ഇത് ജിജോ കുര്യൻ. കോട്ടയത്തെ സാധാരണക്കാരനായ ഒരു കപ്പൂച്ചിയൻ വൈദികൻ. സോഷ്യൽ മീഡിയയിലും സൂക്ഷമമായി ഇടപെടുന്ന ഒരു സാധാരണക്കാരൻ. എന്നാൽ അച്ചൻ ഇതുവരെ എന്തെങ്കിലും സഭാ സംബന്ധമായ വിഷയത്തെ കുറിച്ച് പറഞ്ഞ് ആരും കേട്ടിട്ടില്ല. അഥവാ അങ്ങനെ വല്ലതും പറഞ്ഞാൽ അതു വിവാദം ആവുകയും ചെയ്യും.
അതിൽ ഒന്ന് ചാവറയച്ചന്റെ വിശുദ്ധീകരണ ദിവസം അച്ചൻ ഇട്ട പോസ്റ്റായിരുന്നു. പ്രകൃതി, ആദിവാസികൾ, പ്രകൃതി വിഭവങ്ങളും മണ്ണും, ദളിതർ എന്നിവയാണ് അച്ചന്റെ ഇഷ്ട വിഷയങ്ങൾ. പ്ലാച്ചിമടയിലും മുത്തങ്ങയിലും നിൽപ്പു സമരത്തിലും ഒക്കെ സംഘാടകർപോലും അറിയാതെ പോയി ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങിയിട്ടുണ്ട് ഈ വൈദികൻ. അങ്ങനെ പറഞ്ഞാൽ ഒരുപാട് പറയാനുണ്ട്.
ആ വൈദികനെ കുറിച്ച് പറയാനല്ല ഇത് എഴുതുന്നത്. അത് അദ്ദേഹത്തിന് ഒട്ടും താൽപര്യം ഉള്ള കാര്യമല്ല. ഒരു ദിവസം മറുനാടനിൽ വിളിച്ച് ഞാൻ മൂന്നാറുവരെ പോവുകയാണ്, ചില കാര്യങ്ങൾ കണ്ടെത്താനുണ്ട്, പ്രസിദ്ധീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ നൽകാമെന്ന് പറഞ്ഞു.
എതാനും ആഴ്ചകൾ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ചുറ്റിക്കറങ്ങിയും സർക്കാർ ഓഫീസുകൾ കയറി നിരങ്ങിയും അച്ചൻ ചില കണ്ടെത്തലുകൾ നടത്തി. മൂന്നാർ എന്ന ലോകത്തെ ഏറ്റവും അതിസുന്ദരമായ ഒരു ദേശത്തെ അത്യാഗ്രഹികളായ മലയാളികൾ എങ്ങനെയാണ് ബലാത്സംഗം ചെയ്തു കൊല്ലാറാക്കിയത് എന്ന കഥ.
ആ കഥയാണ് ഇന്നുമുതൽ പ്രസിദ്ധീകരിക്കുന്നത്. കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ അച്ചന്റെ ഭാഷയിൽ തന്നെ മണ്ണിനെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന ആ കഥ ഞങ്ങൾ ഇന്നുമുതൽ നാലു ദിവസമായി പറയുകയാണ് - എഡിറ്റർ.
കയ്യേറിയവന്റെ കഥ
2007 ലെ പരാജയപ്പെട്ട മൂന്നാർ ഓപ്പറേഷന് ശേഷം മൂന്നാർ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ മൂന്നാർ ഏലമലക്കാടുകളുടെ പരിധിയിൽ വരുന്ന എട്ട് വില്ലേജുകളിൽ ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ നടക്കുന്ന എല്ലാ നിർമ്മാണങ്ങളും നിർത്തി വയ്ക്കാൻ ദേവികുളം ആർഡിഒ ഉത്തരവിട്ടു. 108 നിർമ്മാണങ്ങൾക്കാണ് സ്റ്റോപ്പ് മെമോ കൊടുത്തത്. അതിൽ മഹാഭൂരിപക്ഷവും കൊമേഷ്യൽ വിഭാഗത്തിൽ വരുന്ന വൻ റിസോർട്ടുകളാണ്.
റിസോർട്ടുകളുടെ അനധികൃത കൈയേറ്റവും നിർമ്മാണവും കൂടാതെയാണ് എസ്റ്റേറ്റ് ഉടമകളുടെ വക വനഭൂമി കൈയേറ്റം.അതിനെക്കുറിച്ച് മൂന്നാർ ഓപ്പറേഷൻ നയിച്ച സുരേഷ് കുമാർ ഐപിഎസ് തന്നെ ശാന്തൻ പാറയിലെ ഒരു കൈയേറ്റത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. 150 എക്കറോളം വരുന്ന തമിഴ്‌നാടിനോട് ചേർന്നുള്ള ഒരു വലിയ എസ്റ്റേറ്റ് 50 ഏക്കറിന് മാത്രമാണ് പട്ടയമുള്ളത്. 'ബാക്കിയെല്ലാം കയ്യേറ്റം'. ഇത് ഏലമലക്കാടുകളിലെ ഒറ്റപ്പെട്ട സംഭവമല്ല, വ്യാപകമായ പ്രതിഭാസമാണ്. ഒരിക്കലും കണിശമായ ഒരു റീസർവ്വേയിലൂടെയല്ലാതെ പരിഹരിക്കാൻ പറ്റാത്ത, ഭൂമി വളരുന്ന പ്രതിഭാസം.
കണ്ണൻ ദേവൻ മലകളിലും ഏലമലക്കാടുകളിലും 2000ത്തിന് ശേഷം സംഭവിച്ച മാറ്റങ്ങൾ മൂന്നാർ കുന്നുകൾ കയ്യേറി രണ്ട് നൂറ്റാണ്ട് കാലഘട്ടം കൊണ്ട് സംഭവിച്ചതിനേക്കാൾ അതിഭീകരമായിരുന്നു. അതിന് കാരണമായി തീർന്നത് 2000 ശേഷം സംഭവിച്ച ടൂറിസം വികസനമാണ്. മൂന്നാറിന്റെ പ്രത്യേക ആകർഷണം 12 വർഷത്തിൽ ഒരിക്കൽ കൂട്ടമായി പൂക്കുന്ന കുറിഞ്ഞികളാണ്. അവസാന കുറിഞ്ഞിപൂക്കാലം 2006 ൽ ആയിരുന്നു. അന്ന് മുൻപൊരിക്കലും കാണാത്ത വിധമുള്ള സഞ്ചാരികളുടെ കുത്തൊഴുക്കിനാണ് മൂന്നാർ സാക്ഷ്യം വഹിച്ചത്. കുറിഞ്ഞിപ്പൂക്കൾ കാണാനെത്തിയവരെ സ്വീകരിക്കാൻ മാത്രം റിസോർട്ടുകളും ഡോർമെട്രികളും ഇല്ലാതെ പോയതിന്റെ കച്ചവട സാധ്യത തിരിച്ചറിഞ്ഞ് റിസോർട്ട് മാഫിയകൾ ആ മേഖലയിലേക്ക് പ്രേവേശിക്കുകയായിരുന്നു.
അങ്ങനെ കുറിഞ്ഞി പൂക്കാലങ്ങൾക്കിടയിലെ മൂന്നാർ-വട്ടവട, മൂന്നാർ --മറയൂർ റൂട്ടിലെ വിനോദ സഞ്ചാര സാധ്യതകൾ കൂടി ഉൾപ്പെടുത്തി തോട്ടം തൊഴിലാളികളുടെ പുത്തൻ തലമുറയുമായി, പ്രധാനമായും മൂന്നാർ ടൗൺ അടിസ്ഥാനമാക്കിയ ടാക്‌സി കച്ചവട തൊഴിലാളികളുമായി കൈകോർത്ത് ഈ വ്യവസായം കൊഴുത്തു. (ടാറ്റയ്ക്കും ടൂറിസത്തിൽ കമ്പം തോന്നി തോട്ടം മേഖലയിലെ ബംഗ്ലാവുകൾ റിസോർട്ടുകളായി മാറ്റാൻ ടാറ്റായും അനുമതി തേടിയെങ്കിലും അത് നിഷേധിക്കപ്പെട്ടു) അങ്ങനെ കുറിഞ്ഞിപ്പൂക്കൾ മൂന്നാറിന്റെ നാശത്തിന്റെ മുന്നോടിയും പിന്നോടിയുമായി വിരിഞ്ഞു കൊണ്ടിരുന്നു.
കൈയേറി പണിത സൗധങ്ങൾ
മൂന്നാറിൽ ആർക്കൊക്കെ റിസോർട്ടുകൾ ഉണ്ട്? എങ്ങനെയാണ് നിയമപരമായി ഇവർ ഈ ഭൂമി സ്വന്തമാക്കി റിസോർട്ടുകൾ സ്ഥാപിച്ചത്? ഭൂമി സ്വന്തമാക്കുന്നതിൽ നടന്ന റവന്യൂ ചട്ടലംഘനങ്ങൾ എന്തൊക്കെ? കെട്ടിട നിർമ്മാണത്തിൽ നടന്ന നിർമ്മാണ ചട്ടലംഘനങ്ങൾ എന്തൊക്കെ? ആരാണ് ഈ മാഫിയകൾക്ക് ഒത്താശ ചെയ്തത്? ഇങ്ങനെ കുറേ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചാൽ മൂന്നാറിലെയും ഏലമലക്കാടുകളിലേക്ക് പടർന്നുകയറി റിസോർട്ട് വ്യവസായത്തിന്റെയും ഉൾക്കളികൾ തെളിയും. നിയമത്തിനും സർക്കാരിനും രാഷ്ട്രീയത്തിനും ഒന്നും ചെയ്യാൻ പറ്റാത്തവിധത്തിൽ എല്ലാവരും കൂടി ഭൂമിക്കുമേൽ നടത്തുന്ന കൂട്ടബലാത്കാരമാണ് മുന്നാറിന്റെ നശീകരണം.
നിർമ്മാണത്തിലെ ആദ്യ ചോദ്യം ചോദിക്കേണ്ടത് റിസോർട്ട് ഉടമകളോടാണ്. നിങ്ങൾക്ക് ഇവിടെ എങ്ങനെ റിസോർട്ട് നിർമ്മാണത്തിന് ഭൂമി കിട്ടി? സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കേരള ലാന്റ് അസൈന്മെന്റ് ആക്ട് 196 (1960 ലെ 30 ാം ആക്ട്) ആണ് ഗവൺമെന്റ് ഭൂമി പതിച്ചു കൊടുക്കുന്നതിന് വ്യവസ്ഥ ചെയ്തത്. കേരള സർക്കാർ രൂപപ്പെടുത്തിയ ആദ്യത്തെ നിയമം. ഈ നിയമത്തിന്റെ 7 ാം വകുപ്പ് പ്രകാരം ഭൂമി പതിച്ചു നൽകുന്നതിന് മുൻകാല പ്രാബല്യത്തോടെയോ പിൻകാല പ്രാബല്യത്തോടെയോ സർക്കാരിന് ചട്ടങ്ങൾ രൂപപ്പെടുത്തുവാൻ അധികാരം ഉണ്ട്.
അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഭൂമി പതിച്ചു നൽകുന്നതിനായി രൂപീകരിച്ചതാണ് കേരള ഭൂമി പതിച്ചുനൽകൽ ചട്ടങ്ങൾ, 1964 (കേരള ലാന്റ് അസ്സൈന്മെന്റ് റൂൾസ് -1964) 1-8-1971 ന് മുൻപുള്ള കൈവശക്കാർക്കാണ് ഇടുക്കിയിൽ നിലവിൽ 1964 ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുനൽകുന്നത്. കൂടാതെ 1-1-1977 ന് മുൻപുള്ള വനഭൂമി കുടിയേറ്റം ക്രമപ്പെടുത്തി കൊടുക്കുന്നതിന് 'കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ 1993' എന്ന പേരിൽ സർക്കാർ മറ്റൊരു ഭൂമി പതിച്ചുനൽകൽ ചട്ടംകൂടി രൂപീകരിച്ചു. ഈ രണ്ട് ചട്ടപ്രകാരം മാത്രമേ ഇടുക്കിയിൽ ഒരാൾക്ക് ഭൂമി കൈവശം വയ്ക്കാനാവൂ. ഈ രണ്ട് ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശ്യങ്ങൾ ഇവയാണ്.
1. വ്യക്തപരമായ കൃഷി ആവശ്യത്തിന്.
2. വീടുകളുടെ നിർമ്മാണത്തിന് (1993 ചട്ടത്തിൽ കടകളും ഉൾപ്പെടുത്തി).
3. പ്രയോജനപ്രദമായ അനുഭവ അവകാശങ്ങൾ
എന്നാൽ ഈ ഉദ്ദേശ്യങ്ങൾക്ക് ഒന്നുമല്ലാതെ എങ്ങനെയാണ് ഇവിടെ റിസോർട്ട് നിർമ്മാണങ്ങൾ നടത്താൻ കഴിയുന്നത്? ഈ ചോദ്യത്തിന് മുന്നിലാണ് പ്രദേശിക ഭൂരണകൂടവും റവന്യൂ ഡിപ്പാർട്ടെമെന്റും ഡിസ്ട്രിക് ടൗൺ പ്ലാനിങ് ഓഫീസറും ഭൂമിയെവച്ച് രാഷ്ട്രീയം കളിക്കുന്നവരും ഒരുപോലെ പങ്കാളികളാവുന്നത്.
വിളവുതിന്നുന്ന വേലി-റവന്യു ഡിപ്പാർട്ട്‌മെന്റ്
മൂന്നാറിൽ തഹൽസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും ഒത്താശയോടെയാണ് സർക്കാർ ഭൂമി കയ്യേറ്റം നടത്തിയത് എന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ, സനൽ കുമാർ, ഗോപാല മേനോൻ എന്നിവർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിവേദിതാ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ റവന്യൂ ഡിപ്പാർട്ടെമെന്റിൽ ചില കൂട്ട സസ്‌പെൻഷനുകൾ നടന്നു. എന്നാൽ അവർ മുന്നോട്ടുവച്ച മൂന്നാർ സംരക്ഷണ നടപടികൾ ഒന്നും ഒൻപത് വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല എന്നു മാത്രമല്ല നാലിരട്ടിയും ആറിരട്ടിയുമായി മൂന്നാർ നശീകരണം വർദ്ധിച്ചു.
എന്നാൽ ഏലമലക്കാടുകളും രവീന്ദ്രൻ പട്ടയവും ഉൾപ്പെടുത്താത്ത നിവേദിതയുടെ റിപ്പോർട്ട് എന്ത് മൂന്നാർ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്ന് സുരേഷ് കുമാർ ഐപിഎസ് ചോദിക്കുന്നു. ചോദ്യം ഇതാണ്: റവന്യൂ ഡിപ്പാർട്ട്‌മെന്റിന് 1964, 1947, 1993 ലെ ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ പഠിക്കാൻ ഇനിയും മനസ്സില്ലേ? അതോ റവന്യൂ ഡിപ്പാർട്ട്‌മെന്റിലെ ഏറ്റവും അഴിമതിക്കാരെ വീണ്ടും തള്ളിവിടാൻ (നിവേദിത തന്നെ അത് പറയുന്നു) ഉള്ള ഇടമാണോ ഉടുമ്പൻചോല, ദേവികുളം താലൂക്കുകൾ.
ഒരു കാലത്ത് അഴിമതി നിറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരെ പണിഷ്‌മെന്റ് ട്രാൻസ്ഫർ കൊടുത്ത് ഇവിടെ തള്ളി, അവർ അവിടെ വീണ്ടും കൂട്ടിക്കൊടുപ്പ് നടത്തി വർദ്ധിച്ച തോതിൽ നടത്തി കൊഴുത്തു. ഈ കൂട്ടിക്കൊടുപ്പിന്റെ വൻ നേട്ടം മനസ്സിലാക്കി ഇന്ന് ദേവികുളം, ഉടുമ്പൻ ചോല താലൂക്കുകൾ റവന്യൂ ഉദ്യോഗസ്ഥരുടെ പേമെന്റ് സീറ്റുകളായി. ഇവിടെ വിളവ് തിന്നത് വേലി തന്നെ. സനൽ കുമാർ കമ്മിറ്റി 2012ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഭീകരമായ രീതിയിൽ നടന്ന കൈയേറ്റത്തെക്കുറിച്ചും ആളുകൾ കൈവശം വച്ചിരിക്കുന്ന വ്യാജ ഇടപാടുകളെക്കുറിച്ചും അവയ്ക്ക് എതിരായി എടുക്കേണ്ട നിയമ നടപികളെക്കുറിച്ചും പറയുന്നു. പക്ഷേ, വിദഗ്ദ്ധ റിപ്പോർട്ട് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നു.
പ്രാദേശിക ഭരണകൂടം - ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ
ഉടുമ്പൻചോല ദേവികുളം താലൂക്കുകളിലെ പ്രാദേശിക ഭരണകൂടമായ പഞ്ചായത്തുകളാണ് സാധാരണ നിർമ്മിതിക്ക് അനുമതി കൊടുക്കേണ്ടത്. ഈ അനുമതികൊടുക്കൽ നടപടിയിൽ പാർട്ടി സ്വാധീനങ്ങളും സാമ്പത്തിക നേട്ടങ്ങളും വളരെ പ്രധാനമായതു കൊണ്ടായിരിക്കാം അവർ കൊടുത്തിരിക്കുന്ന ഒട്ടുമിക്ക കെട്ടിട നിർമ്മാണ അനുമതികളും നിയമലംഘനമാകുന്നത്. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടപ്രകാരം (ചട്ടം 26/3) 45 ഡിഗ്രിയിൽ കൂടുതൽ എങ്കോണിപ്പ് ഉള്ള, മണ്ണൊലിപ്പ് സാധ്യതയുള്ള ചരിഞ്ഞ ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതികൊടുക്കാൻ പഞ്ചായത്തിന് കഴിയില്ല.
എന്നാൽ മൂന്നാറിൽ എവിടെയാണ് ഇപ്പോൾ നിലനിൽക്കുന്ന പുതുതലമുറ കെട്ടിടങ്ങൾ 45ഡിഗ്രിയിൽ താഴെ നിരപ്പിൽ എന്ന് പഞ്ചായത്ത് തന്നെ കാട്ടിത്തരേണ്ടി വരും. അങ്ങനെയുള്ളവ വിരലിൽ എണ്ണാവുന്നവ മാത്രമായിരിക്കും. മൂന്ന് നിലവരെയുള്ള കെട്ടിടങ്ങൾക്കേ അനുമതി കൊടുക്കാവൂ എന്ന അനുശാസനത്തെ റോഡ് നിരപ്പിൽ നിന്ന് മൂന്നുനില എന്നൊക്കെ അവർ വ്യാഖ്യാനിച്ചു കളയും.
ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് റോഡ് ലെവൽ എത്തണമെങ്കിൽ മിക്ക കെട്ടിങ്ങൾക്കും അടിയിൽ രണ്ടു നിലയെങ്കിലും ഉണ്ടാവണം. മേൽക്കൂര പുതുക്കിപ്പണിയലിന് അനുവാദം വാങ്ങിയശേഷം പോയി കെട്ടിടം മുഴുവൻ പൊളിച്ചുപണിയും. പഞ്ചായത്ത് കണ്ണടയ്ക്കും. മാലിന്യ സംസ്‌കരണത്തെക്കുറിച്ചോ, കെട്ടിട സുരക്ഷയെക്കുറിച്ചോ, നിർമ്മാണത്തിലെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചോ, ഒന്നും കാര്യമായ പഠനങ്ങൾ ഇല്ലായെന്ന് തെളിയിക്കാൻ മുതിരപ്പുഴ പഞ്ചായത്ത് നേരിട്ട മാലിന്യ പ്രശ്‌നങ്ങൾ മാത്രം മതി. മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ പഞ്ചായത്തുകൾ കെട്ടിട നിർമ്മാണ നികുതിയിനത്തിൽ ഭീമമായ തുകയാണ് കൈപറ്റുന്നതെന്ന് നിവേദിതാ പി. ഹരൻ റിപ്പോർട്ട് തന്നെ പറയുന്നു.
പ്രാദേശിക മേഖലയിൽ ഏറ്റവും കൂടുതൽ നികുതി പിരിക്കുകയും എന്നാൽ പ്രാദേശിക ഉത്തരവാദിത്വം ഏറെയൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന പഞ്ചായത്തുകൾ എന്നാണ് അവയെക്കുറിച്ച് റിപ്പോർട്ട് പറയുന്നത്. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ബെൽമൗണ്ട്, ഗ്രീൻ റിഡ്ജ്, ഹൈറേഞ്ച് ഇൻ തുടങ്ങിയ റിസോർട്ടുകളും ഹോട്ടലുകളും മൂന്നാർ എ.റ്റി.പി സ്‌കൂളിന്റെ പരിസരത്തേക്കും മുതിരപ്പുഴയാറിലേക്കും കക്കൂസ് മാലിന്യം അടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കി വിടുന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുമാസം മുൻപ് റവന്യു ഡിവിഷണൽ ഓഫീസർ പഞ്ചായത്തിനോടു ആവശ്യപ്പെടുകയായിരുന്നു.
കാര്യങ്ങൾ സത്യമാണെന്ന് കണ്ടെത്തിയ പ്രാദേശിക ഭരണകൂടം ഇപ്പോൾ ഇവിടെയുള്ള റിസോർട്ടുകൾ എവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുവന്ന് അന്വേഷിക്കുന്നുണ്ടോ? ഇതിനോടകം എത്രയേറെ റിപ്പോർട്ടുകളാണ് മുതിരപ്പുഴയാറിലെ മാലിന്യത്തെക്കുറിച്ചും കോളിഫോം ബാക്ടീരിയേയും കുറിച്ചു വന്നത്!
നല്ലതണ്ണിയിലും ഹെഡ്‌ലോഡ് ഡാമിന്റെ താഴേയ്ക്കുള്ള ചാലിലും വനത്തിലും മലകൾക്കിടയിലും തട്ടുന്ന മാലിന്യത്തേക്കുറിച്ച് പ്രാദേശിക ഭരണകൂടത്തിന് പരാതിയില്ലേ? പ്രവർത്തനാനുമതി നിഷേധിക്കപ്പെട്ട റിസോർട്ടുകൾ ഇപ്പോഴും സുഗമമായി പ്രവർത്തിക്കുന്നതിന് പഞ്ചായത്തിന് പരാതിയില്ലേ? പ്ലാസ്റ്റിക് രഹിത ടൗണായി മൂന്നാറിനെ മാറ്റുക എന്ന നിർദ്ദേശത്തെ ഇതുവരെ പ്രായോഗികമാക്കാൻ കഴിയാത്തതെന്താണ്?
എന്തുകൊണ്ട് മൂന്നാർ തൊഴിലാളി സമരത്തിൽ പ്രാദേശിക ഭരണകർത്താക്കൾ പൂർണ്ണമായി ഒഴിവാക്കപ്പെട്ടു? അങ്ങനെ പല ചോദ്യങ്ങൾക്ക് ആത്മാർത്ഥമായി ഉത്തരം കൊടുത്താലേ ഈ മേഖലയിലെ പ്രാദേശിക ഭരണകൂടത്തിന്റെ കൃത്യവിലോപം വെളിവാകൂ. പ്രാദേശിക ഭരണത്തിലെ രാഷ്ട്രീയം ഇതിൽ വളരെ നിർണ്ണായകമാണ്. അതുകൊണ്ടാണ് പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് മൂന്നാറിലെ നേതാക്കളോട് ഇങ്ങനെ പറയേണ്ടി വന്നത് - 'ഏരിയ കമ്മിറ്റി റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ഏർപ്പെടരുത്.'
ടൗൺ പ്ലാനിങ് ഓഫീസർമാരുടെ ഗുരുതരമായ നിയമലംഘനം
കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ടൗൺ പ്ലാനിങ് ഓഫീസർമാരായി സേവനമനുഷ്ഠിച്ചവരോടാണ് മൂന്നാർ നിർമ്മാണത്തക്കുറിച്ച് ഈ ചോദ്യങ്ങൾ:
മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ എന്നീ 90 ഡിഗ്രി വരെ ചെരുവുകളുള്ള, മണ്ണിടിച്ചിൽ സാധ്യത വ്യാപകമായി ഉണ്ടെന്ന് കണ്ടെത്തിയ അപകടകരമായ മലമ്പ്രദേശത്ത് എത്രനില കെട്ടിടങ്ങൾ പണിയാം? എത്ര സ്‌ക്വയർഫീറ്റ് വരെയാകാം കെട്ടിടങ്ങളുടെ വലിപ്പം?
കോമേഷ്യൽ കാറ്റഗറിയിൽ ചെറിയ കടകൾ മാത്രം പണിയാൻ റവന്യൂ അനുമതിയുള്ള ഈ പ്രദേശത്ത് ഏത് കോമേഷ്യൽ ക്യാറ്റഗറി ഉപയോഗിച്ചാണ് നിങ്ങൾ ഇവിടെ വൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നിർമ്മാണ അനുമതി കൊടുത്തത്? മൂന്നാർ മേഖലയ്ക്ക് വേണ്ടി കൃത്യമായി പാലിക്കേണ്ട ഒരു മാസ്റ്റർ ടൗൺ പ്ലാനിങ് ഉണ്ടോ? ഇവിടെ പണിയുന്ന കെട്ടടങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ (ലിഫ്റ്റ്, വെള്ളം, ഉയരം, ഫയർ & സെയ്ഫിറ്റി, മാലിന്യ സംസ്‌കരണം, പാർക്കിങ് ഏരിയ, റോഡ് സൗകര്യം) എന്തൊക്കെ?
നിങ്ങൾ അംഗീകരിച്ച് ഫയലിൽ സൂക്ഷിച്ച കെട്ടിടത്തിന്റെ പ്ലാനുകൾക്ക് തന്നെയാണോ പ്രവർത്തനാനുമതി കൊടുത്തത്? അനധികൃതമായി കൈവശം വെയ്ക്കുന്ന റവന്യൂ ഭൂമിയിൽ ഗാർഹികേതര നിർമ്മാണത്തിന് അനുമതി കൊടുക്കാൻ വകുപ്പുണ്ടോ? റവന്യൂ വകുപ്പ് എന്തിനുവേണ്ടി ഭൂമിയുടെ മേൽ ഒരാൾക്ക് കൈവശ അവകാശം കൊടുത്തുവോ? ആ ഉദ്ദേശത്തിനല്ലാതെ ഭൂമിയിൽ നിർമ്മാണം നടത്താൻ നിങ്ങൾക്ക് അനുമതി കൊടുക്കാമോ?
ഇങ്ങനെ ഒരു ഡസൻ കണക്കിന് ചോദ്യങ്ങൾക്ക് മുന്നിലേയ്ക്ക് എല്ലാ ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളെയും രാഷ്ട്രീയ നേതൃത്വത്തെയും നിർത്തിയാൽ മൂന്നാറിന്റെ നശീകരണത്തിന് അവർ കണക്കു പറയേണ്ടി വരും. കഴിഞ്ഞയിടെയാണ് 19 കോടി നികുതി നഷ്ടം മൂന്നാറ്, പള്ളിവാസൽ, ചിന്നക്കനാൽ മേഖലയിലെ ടാക്‌സ് ഇനത്തിൽ തന്നെ ഉണ്ടായതായി ധനവകുപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.
ഇപ്പോൾ ചെയ്യുന്നതുപോലെ നിർമ്മാണനിയമ ലംഘനവും റിസോർട്ടുകളുടെ നികുതി വെട്ടിപ്പും മലിനീകരണവും അന്വേഷിച്ച് നടക്കുകയല്ല ഡിപ്പാർട്ട്‌മെന്റുകൾ നടത്തേണ്ടത്. അത് കതിരിൽ രോഗം ചികത്സിക്കുന്നതിന് തുല്യമാണ്. രോഗം കടയ്ക്കലാണ്, അനധികൃത ഭൂമി കൈയേറ്റത്തിലും പാട്ട വ്യവസ്ഥകളുടെ ലംഘനത്തിലും. ചികിത്സ അവിടെ തന്നെ തുടങ്ങണം. അപ്പോൾ ചോദ്യം മാറും. മൂന്നാറിന്റെ ചെങ്കുത്തായ മലമുകളിൽ ഫ്‌ളാറ്റ് സമാനമായ ഈ വൻസൗധങ്ങൾക്ക് നിലനിൽക്കാൻ അവകാശമുണ്ടോ?
സ്റ്റോപ്പ് മെമോ നൽകിയവരുടെ ലിസ്റ്റ് ഇപ്രകാരം
നാളെ: കണ്ണൻ ദേവൻ കുന്നുകൾ ടാറ്റായ്ക്ക് സ്വന്തമോ?