കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി മാല മോഷണത്തിന് ഇറങ്ങിയ യുവാവ് പൊലിസിന്റെ സമര്‍ത്ഥമായ നീക്കങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായി. ചക്കരക്കല്‍ മൗവ്വഞ്ചേരി സ്വദേശിയായ സര്‍ഫറാസാണ് (28) സ്ത്രീയുടെ മാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്. സി.ഐ എം.പി ആസാദിന്റെ നേതൃത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാലു ദിവസം കൊണ്ടു പ്രതിയെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച പകലാണ് സംഭവം. തിലാന്നൂരിലെ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ കയറിയ സര്‍ഫറാസ് അവിടെ യുണ്ടായിരുന്ന കടയുടമയുടെ അഞ്ചു പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടെ ഒന്നേകാല്‍ പവന്‍ മാത്രമേ ഇയാള്‍ക്ക് കൊണ്ടു പോവാനായുള്ളു. ഇതുമായി രക്ഷപ്പെട്ട സര്‍ഫറാസിനെ ആദ്യ ദിവസങ്ങളില്‍ സൂചനയൊന്നും ലഭിക്കാത്തതിനാല്‍ പൊലിസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ഇതേ തുടര്‍ന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. കടയുടെയും സമീപത്തെയും സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലിസിന് നിര്‍ണായക തെളിവു ലഭിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന ഹീറോ എക്‌സെന്ന പുത്തന്‍ ബൈക്കാണ് കേസില്‍ വഴിത്തിരിവായത്. ജില്ലയില്‍ വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ഈ ബൈക്കുണ്ടായിരുന്നുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതേ വാഹനങ്ങള്‍ വാങ്ങിയവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.

അവര്‍ക്കൊപ്പം സര്‍ഫറാസുമുണ്ടായിരുന്നു സ്റ്റേഷനിലെത്തിയ ഇയാള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ചിത്രവുമായുള്ള സാമ്യം കാരണമാണ് കുടുങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തിരിച്ചറിഞ്ഞതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ കൊവിഡ് കാലത്ത നാട്ടിലെത്തുകയായിരുന്നു. ഇതിനു ശേഷം ബേക്കറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായതോടെയാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

സര്‍ഫറാസ് മോഷ്ടിച്ച സ്വര്‍ണം ചക്കരക്കല്ലിലെ ഒരു ജ്വല്ലറിയില്‍ നിന്നും വിറ്റ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു വിറ്റ വകയില്‍ 54000 രൂപ ലഭിച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.