- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു; ആറുമാസത്തിനിടെ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയില്‍ 2024 ജനുവരി മുതല്‍ ജൂണ്‍ 31 വരെ ഓണ്‍ലൈന്‍ തട്ടിപ്പുസംഘം 13.97 കോടി രൂപ കവര്‍ന്നതായി കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്. അജിത്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആകെ 70 കേസുകളാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്തു നിക്ഷേപകരെ ക്ഷണിക്കുന്ന രീതിയില്‍ നടന്ന തട്ടിപ്പുകള്‍ ഭൂരിഭാഗവും നടന്നത് സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകളിലൂടെയാണ്.
ഫെയ്സ് ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയാണ്. ഇതില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം, വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുകയാണ്. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റു കണക്കുകളാണ് ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ പുതുതായി ചേരുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് പണം ലഭിച്ചുവെന്നതിന്റെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കും.
എന്നാല്‍ ആ ഗ്രൂപ്പില്‍ പുതുതായി ചേര്‍ന്നവര്‍ ഒഴികെ ബാക്കിയെല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന് പലരും അറിയാറില്ല. തുടര്‍ന്ന് ഒരു വ്യാജ വെബ് സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. മിക്ക തട്ടിപ്പുകളും സമാനമായ രീതിയിലാണ് നടത്താറുള്ളത്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിതമായ ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനെക്കാള്‍ രണ്ടോമൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീന്‍ ഷോട്ട് നല്‍കും.
എന്നാല്‍ ഇത് സ്ക്രീന്‍ ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാനാകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാവുക പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജി.എസ്.ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് കബളിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍തുക സ്ക്രീന്‍ ഷോട്ടില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഒരിക്കലും ഇടപാടുകാര്‍ക്ക് ആ തുക പിന്‍വലിക്കാന്‍ കഴിയില്ല ഇതോടെയാണ് തങ്ങള്‍ കബളിക്കപ്പെട്ടുവെന്ന് ഇടപാടുകാര്‍ക്ക് വ്യക്തമാവുക.
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ ഒരു മണിക്കൂറിനകം 1930 നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്താല്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനാവും. ഇത്തരത്തില്‍ ഏഴു കേസുകളിലെ പ്രതികളെ പിടികൂടിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ അല്‍ഫാസ് സമീര്‍, വാസില്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒരു കോടി മുതല്‍ ഒന്നര കോടി വരെ നഷ്ടപ്പെട്ട കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിവേഗം നല്കിയ പരാതികളില്‍ 20 ലക്ഷം രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഓണ്‍ ലൈന്‍ തട്ടിപ്പിന് ഇരയായവര്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാമെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായി പൊലിസ് ബോധവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ സാമ്പത്തികമായി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.