മലപ്പുറം: പൊലീസിനെതിരെ പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയില്‍ സി.പി.എം നേതൃത്വത്തിനെതിരെ ആരോപണവുമായി യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍ രംഗത്ത്. ഗൂഡാലോചനയ്ക്ക് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ പൊന്നാനിയില്‍ എത്തിച്ചതിന് പിന്നില്‍ പൊന്നാനിയിലെ സി.പി.എം ജില്ലാ കമ്മറ്റിയംഗവും, ഏരിയ സെക്രട്ടറിയും, സി.പി.എം ഏരിയ നേതാവും ചേര്‍ന്നാണെന്നും അദ്ദേഹം ആരോപിച്ചു.

പൊന്നാനിയിലെ സ്ത്രീകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തില്‍ കെട്ടിചമച്ച കഥയാണ് ഇതിന് പിന്നിലെന്നും ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും അജയ് മോഹന്‍ പറഞ്ഞു. സ്ത്രീയുടെ വെളിപ്പെടുത്തല്‍ നടന്നത് സി.പി.എം നേതാവിന്റെ വീട്ടില്‍ വെച്ചായിരുന്നിട്ട് പോലും ഇക്കാര്യം നേതാക്കള്‍ മറച്ചു വെച്ചു. അന്‍വര്‍ ഇടത് മുന്നണിയില്‍ നിന്നും പോയതിന് ശേഷം അന്‍വര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന പ്രസ്താവന ഒരു മാസം കഴിഞ്ഞ് പറയുന്നതില്‍ അര്‍ത്ഥമില്ല. സംഭവത്തില്‍ സി.പി.എം ജില്ല നേതൃത്വത്തിന് പങ്കുണ്ടോ എന്ന് അറിയണം. ഗൂഢാലോചനയില്‍ പങ്കുണ്ടെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, ഇല്ലെങ്കില്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അജയ് മോഹന്‍ കൂട്ടിച്ചേര്‍ത്തു.