അടൂര്‍: ഡ്യൂട്ടിയിലായിരുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയെ കൈയില്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്യാതെ നോട്ടീസ് നല്‍കി വിട്ടയച്ച അടൂര്‍ പോലീസിന്റെ നടപടി വിവാദത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തുന്നതിന് എടുക്കുന്ന കേസുകളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇവിടെ സി.പി.എം ഇടപെടലിനെ തുടര്‍ന്ന് പ്രതിയെ നോട്ടീസ് കൊടുത്തു വിടുകയാണ് ചെയ്തുവെന്നാണ് ആക്ഷേപം.

ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിനാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കു നേരെ അസഭ്യ വര്‍ഷം ഉണ്ടായത്. അടൂര്‍ ഡിപ്പോയില്‍ നിന്ന് കായംകുളം റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടര്‍ മനീഷിനെയാണ് കൊട്ടാരക്കര മൈലം എസ്.ജി.കോട്ടേജില്‍ ഷിബു അസഭ്യം വിളിച്ചതും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. ഈ ദൃശ്യം യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തി. ശനിയാഴ്ച രാത്രി 8.40ന് പഴകുളം ഭാഗത്തു വച്ചായിരുന്നു സംഭവം. കായംകുളത്തു നിന്നും പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോഴാണ് ഷിബു ടിക്കറ്റ് എടുത്തില്ലെന്ന് കണ്ടക്ടര്‍ കണ്ടെത്തിയത്.

ഇക്കാര്യം ചോദിച്ചപ്പോള്‍ ഷിബു കണ്ടക്ടര്‍ക്കു നേരെ തിരിയുകയായിരുന്നു. മറ്റ് യാത്രക്കാരെയും ഷിബു മര്‍ദിക്കാന്‍ ശ്രമിച്ചു. കണ്ടക്ടറുടെ പരാതിയില്‍ പോലീസ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു. ഷിബുവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍, അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാതെ വിട്ടയച്ചു. ഇത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നാണ് ആക്ഷേപം.

സാധാരണ ഇത്തരം കേസുകളില്‍ പ്രതിയെ റിമാന്‍ഡ് ചെയ്യുകയാണ് പതിവ്. രാഷ്ട്രീയ സ്വാധീനമുള്ളപ്പോള്‍ മാത്രമാണ് ഈ വിധത്തില്‍ നോട്ടീസ് നല്‍കി വിടുന്നത്. അടൂര്‍ നെല്ലിമൂട്ടിപ്പടിയില്‍ ഹോം ഗാര്‍ഡിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാക്കളെയും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. ഇവരില്‍ രണ്ടു പേരെ പിന്നീട് കാപ്പ ചുമത്തി നാടു കടത്തി.