- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണനയില്‍; കുറച്ചുദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമൃതയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മറുപടി
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം, മസ്കറ്റില്‍ അത്യാസന്ന നിലയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ കഴിയാതെ പോയ അമൃതയുടെ കുടുംബത്തിന് നഷ്ടപരിഹാരം പരിഗണിക്കുന്നതായി വിമാന കമ്പനി.
മസ്കറ്റില്‍ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തോടാണ് വിമാന കമ്പനി അനുകൂലമായി പ്രതികരിച്ചത്. നഷ്ട പരിഹാരം നല്‍കുന്നത് പരിഗണനയില്‍ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയില്‍ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിന് മെയില്‍ അയച്ചിരുന്നു.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണെന്ന് അമൃത അറിയുന്നത്.. ആദ്യം കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വിമാനം കയറുന്നതിനു തൊട്ടുമുന്‍പ് ഫ്ലൈറ്റ് റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് വന്നു. എയര്‍ ഇന്ത്യാ എകസ് പ്രസ് ജീവനക്കാരുടെ സമരമായിരുന്നു കാരണം. പലരെയും കണ്ടുകരഞ്ഞപേക്ഷിച്ച് ഒടുവില്‍ അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നേടി. പക്ഷേ സമരം മൂലം അന്നും യാത്ര നടന്നില്ല. ഒടുവില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കാതെ നമ്പി രാജേഷ് യാത്രയായി.
ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്. അമൃത നല്കിയ പരാതിയില്‍ എയര്‍ ഇന്ത്യയുടെ നോഡല്‍ ഓഫിസറാണ് മറുപടി അയച്ചത്. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതായും ദുഃഖത്തില്‍ പങ്കുചേരുന്നതായും കമ്പനി അറിയിച്ചു.
നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ആവശ്യം വ്യക്തമാക്കി ഇമെയില്‍ അയയ്ക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു.
അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന ഭര്‍ത്താവിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയര്‍ ഇന്ത്യയ്ക്ക് അയച്ച മെയിലില്‍ അമൃത ആവശ്യപ്പെട്ടു. തന്റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കില്‍ ഭര്‍ത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും അമൃത മെയിലില്‍ പറഞ്ഞിരുന്നു.