തിരുവനന്തപുരം: കാടിനുള്ളിൽ യൂക്കാലി നടാൻ വനം വികസന കേർപ്പറേഷന് നൽകിയ അനുമതി റദ്ദാകും. നിയമലംഘനമാണെന്നും നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി വനംമേധാവി ഗംഗസ്സിങ് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ചാണ് വനംമേധാവി റിപ്പോർട്ട് നൽകിയത്. യൂക്കാലി നടുന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നും ശുപാർശയുണ്ട്. അനുമതിക്കായി നടത്തിയ നീക്കങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് വനംമേധാവി വിശദീകരിക്കുന്നു.

പ്രശ്‌നം വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും വിടാനാണ് നീക്കം. മന്ത്രാലയം ഇതിന് അനുമതി നിഷേധിക്കുന്നതോടെ ഇപ്പോഴത്തെ ഉത്തരവിന് പ്രസക്തിയില്ലാതാവും. ഫലത്തിൽ അനുമതി നിഷേധിക്കലുമാകും. സിപിഐയുടെ കടുത്ത എതിർപ്പ് തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നീക്കം നടത്തിയത്. യൂക്കാലി നടാനുള്ള അനുമതിക്കായി നേരത്തേ വനം വികസന കോർപ്പറേഷൻ കേന്ദ്രമന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയം അനുമതി നൽകിയില്ല. സംസ്ഥാനത്തെ ഉന്നതതലസമിതിയും അനുമതി നിഷേധിച്ചു. വന്യജീവി-മനുഷ്യ സംഘർഷം പെരുകുമ്പോൾ, വനത്തിന്റെ സ്വാഭാവികപരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വിദേശസസ്യങ്ങൾ ഒഴിവാക്കണമെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. അതുകൊണ്ട് കേരളത്തിലെ കാടുകളിൽ ഇനി യൂക്കാലി നടനാകില്ല.

മരമുറി മാഫിയയാണ് ഇതിന് പിന്നിൽ ചരടു വലിച്ചത്. യൂക്കാലി വച്ചാൽ നിശ്ചിത കാലത്തിന് ശേഷം അത് മുറിക്കും. അങ്ങനെ യൂക്കാലി മുറിക്കുമ്പോൾ കാടുകളിലെ മരങ്ങളും വെട്ടും. ഇരുചെവി അറിയാതെ യൂക്കാലി മരങ്ങൾക്കൊപ്പം ഇത് കടത്താം. കാട്ടിലെ തടിയെ ലക്ഷ്യമിടുന്ന മാഫിയാ ഇടപെൽ ഇപ്പോൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് യൂക്കാലി വയ്‌പ്പിച്ച് ഭാവിയിലെ മരം മുറിക്ക് അവർ സാധ്യത കണ്ടെത്തിയത്. ഇതാണ് വ്യാപക എതിർപ്പിൽ പൊളിയുന്നത്. ഇതിനെതിരെ വനം വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

വന്യമൃഗ ശല്യം നാട്ടിൽ രൂക്ഷമാക്കാൻ ഇടയുള്ള വനം വികസന കോർപ്പറേഷന്റെ മോഹം കേന്ദ്ര നയത്തിൽ തട്ടി തകരുകയാണ്. വിഷയത്തിൽ ഇടതു മുന്നണിയിലെ പ്രബലരായ സിപിഐയും വനം വകുപ്പിന് എതിരാണ്. 'വനഭൂമിയിലെ അക്കേഷ്യ, യൂക്കാലി, ഗ്രാന്റിസ് തുടങ്ങിയവ പിഴുതുമാറ്റി കാട്ടുമരങ്ങൾ നടും' -2021-ലെ സിപിഎം. പ്രകടനപത്രികയുടെ അനുബന്ധം എട്ടാം അധ്യായത്തിൽ 728-ാമത്തെ പ്രഖ്യാപനമാണിത്. ഇതുൾപ്പെടെ സിപിഐ ഉയർത്തിക്കാട്ടിയാണ് വിവാദം ആളിക്കത്തിച്ചത്.

യൂക്കാലി നടലുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിൽ സമ്മർദ്ദവും ഏറെയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധന നടത്തി. ഇതോടെയാണ് വനം മേധാവി എതിർപ്പ് റിപ്പോർട്ട് നൽകിയത്. ഭരണഘടനയുടെ കൺകറന്റ് പട്ടികയിലാണ് വനം. അതിനാൽ കേന്ദ്രം നിഷേധിച്ചത് സംസ്ഥാന വനംവകുപ്പിന് അനുവദിക്കാനാവില്ല. ഉത്തരവ് അസാധുവാകും. വനം വികസന കോർപ്പറേഷന്റെ 2020-21 മുതൽ 2024-25 വരെയുള്ള മാനേജ്‌മെന്റ് പ്ലാനിൽ യുക്കാലിമരങ്ങൾ നടുന്നത് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് കച്ചവട താൽപ്പര്യം വച്ച് പുതിയ ആവശ്യവുമായി കോർപ്പറേഷൻ എത്തുകയായിരുന്നു.

ഇതിൽ മാറ്റംവരുത്തി യൂക്കാലിമരം നടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനംവികസന കോർപ്പറേഷൻ നൽകിയ അപേക്ഷ 2023 ഫെബ്രുവരി 24-ന് കേന്ദ്ര വനംമന്ത്രാലയത്തിന്റെ ബെംഗളൂരു മേഖലാ ഓഫീസ് തള്ളിയിരുന്നു. പകരം നിലവിലുള്ള യൂക്കാലിമരങ്ങൾ മുറിക്കുന്നത് പ്ലാനിൽ ഉൾപ്പെടുത്താൻ അനുമതിനൽകി. എന്നാൽ മുറിക്കലിനെ നടാനുള്ള അനുമതിയാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു.