തൃശ്ശൂർ: ഇറാൻ കേന്ദ്രീകരിച്ച് തൃശ്ശൂർ സ്വദേശി നടത്തിയ മനുഷ്യക്കടത്തിന്റെയും അവയവ കച്ചവടത്തിന്റെയും വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ തൃശ്ശൂർ മുല്ലശ്ശേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ട് കൊല്ലത്തിനിടെ നടന്ന അവയവ കൈമാറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ മൂലം പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്ന് തുറന്ന് സമ്മതിച്ച് തൃശൂർ മുല്ലശ്ശേരി സ്വദേശിയായ വീട്ടമ്മ രംഗത്ത് വന്നു. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ.

മുല്ലശ്ശേരിയിൽ മാത്രം രണ്ട് കൊല്ലത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേർ അവയവം വിറ്റതായാണ് വിവരം. ഇവരിലൊരാളാണ് ഈ വീട്ടമ്മയും. അവയവക്കച്ചവടത്തിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന 'കിഡ്‌നി വിശ്വൻ' എന്നറിയപ്പെടുന്ന വിശ്വനാഥൻ എന്നയാളുടെ പേരും വീട്ടമ്മ പറയുന്നുണ്ട്. തങ്ങൾ ചെയ്തിട്ടുള്ള കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് ഇവരുടെ പ്രതികരണം. ഇത്തരത്തിൽ ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് അവയവം വിൽക്കുന്നതിലേക്ക് ഇടനിലക്കാരും മറ്റും എത്തിക്കുന്നത്.

പ്രധാനമായും സാമ്പത്തിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെയാണ് പ്രതികൾ സമീപിച്ചിട്ടുള്ളത്. തങ്ങളുടെ പ്രശ്‌നങ്ങൾ മൂലം ഇവർ പെട്ടെന്ന് സമ്മതവും നൽകും. പാലക്കാട് അവയവക്കച്ചടത്തിന് ഇരയായ ഷമീറും മുല്ലശ്ശേരിയിലെ വീട്ടമ്മയും അടക്കം കേസിൽ ഇരകളായവരുടെയെല്ലാം പശ്ചാത്തലം സമാനമാണ്.

വിശ്വനാഥനെ കൂടാതെ ബേബി മനോഹരൻ എന്നൊരു ഇടനിലക്കാരനെ കുറിച്ച് കൂടി പരാതിയുണ്ട്. എന്നാലിവർക്കെതിരെ മൊഴി ലഭിച്ചിട്ടും ഉപകാര പ്രദമായ വിവരങ്ങളല്ലെന്ന് പറഞ്ഞ് ഗുരുവായൂർ എസിപി അന്വേഷണം അവസാനിപ്പിച്ചു എന്നാണ് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു ആരോപിക്കുന്നത്. ദാരിദ്ര്യം മുതലെടുത്താണ് പ്രദേശത്ത് അവയവക്കച്ചവട മാഫിയ പിടിമുറുക്കിയതെന്നും ബാബു പറയുന്നു.

ബാബുവിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമായതെന്നും സ്ത്രീകളാണ് ഇരകളായതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. ഇരകളായ ഏഴ് പേരിൽ അഞ്ചുപേർ വൃക്കയും രണ്ടുപേർ കരളുമാണ് ദാനം ചെയ്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ കാര്യക്ഷമമായിരുന്നില്ലെന്നും ഇദ്ദേഹം വ്യക്കമാക്കി.

വൃക്കയും കരളുമാണ് വിൽപ്പന നടത്തിയത്. പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെയാണ് ഇതിന് പ്രതിഫലം ലഭിച്ചതെന്നും ഇരകളുടെ സാമ്പത്തിക പരാധീനതകൾ മുതലെടുത്താണ് മാഫിയകൾ അവയവ കച്ചവടം നടത്തിയതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും സി.എ ബാബു പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിഎ ബാബു മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പൊലീസ്, ബാബുവിന്റെയും വൃക്ക നഷ്ടപ്പെട്ടവരുടെയും മൊഴിയെടുത്തിരുന്നു. അന്നക്കര സ്വദേശി വിശ്വനാഥൻ, ബേബി മനോഹരൻ എന്നിവർ ഇടനിലക്കാരെന്ന് മൊഴി ലഭിച്ചിട്ടും ഉപകാരപ്രദമായ വിവരങ്ങളല്ലെന്ന് പറഞ്ഞ് ഗുരുവായൂർ എസിപി അന്വേഷണം അവസാനിപ്പിച്ചു എന്നാണ് ബാബു പറയുന്നത്.

സംസ്ഥാന തലത്തിൽ സ്‌പെഷ്യൽ ടീമിനെ നിയോഗിക്കണമെന്ന ശുപാർശയിലും നടപടി ഉണ്ടായില്ല. പത്തുകൊല്ലത്തിലേറെയായി വിശ്വനാഥനെതിരെ പല ഏജൻസികളും പരിശോധന നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം മുല്ലശേരിയിലെപ്പോലെ തെളിവില്ലെന്നു പറഞ്ഞ് പരാതി അവസാനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ബാബു ആരോപിക്കുന്നു.

വിവരം ലഭിച്ച ഉടനെ ഈ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു. ഏജന്റ് മുഖേനയാണ് അവയവം ദാനം ചെയ്തതെന്ന് ഇവർ വ്യക്തമാക്കിയതായും സി.എ ബാബു പറഞ്ഞു. പുറം പോക്കിലും മറ്റും താമസിക്കുന്നവരെയാണ് ഏജന്റുമാർ ബന്ധപ്പെടുന്നത്. പണം നൽകിയ കാര്യവും മറ്റും തന്നോട് സ്ത്രീകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

'വള ഊരി കൊടുക്കുന്നത് പോലെയാണ് സ്ത്രീകൾ അവയവദാനം നടത്തിയത്, എല്ലാം നിർധനരായ സ്ത്രീകളാണ്, ഇതിലൊരു സ്ത്രീ വൃക്ക വിറ്റുണ്ടാക്കിയ അഞ്ച് ലക്ഷം രൂപ ഇവരുടെ ഭർത്താവ് ഇവരെ പറ്റിച്ച് കയ്യിലാക്കി, ഈ സ്ത്രീ ഇപ്പോൾ വിദേശത്താണ്, സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിരന്നു, അന്വേഷണം വന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു.' ഭവിഷയത്തിൽ നിയമനടപടിയുമായി പോകാവുന്നിടത്തോളം പോകുമെന്നും സാബുവും 'സാന്ത്വനം' ഭാരവാഹികളും അറിയിക്കുന്നു.

കൊച്ചി കേന്ദ്രീകരിച്ചു നടന്ന മറ്റൊരു അവയവക്കടത്ത് കേസിൽ പിടിയിലായ തൃശ്ശൂർ സ്വദേശി സബിത്ത് നാസറിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. അങ്കമാലി സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ സബിത്ത് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പിടിയിലായത്. ഇതിനുപിന്നാലെ അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.