- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർ പരാതി കൊടുത്തെങ്കിലും പരിശോധ ഉണ്ടായില്ല ; കെഎസ്ആർടിസി ഡിപ്പോയിൽ 1000 ലീറ്റർ ഡീസൽ തിരിമറി; തട്ടിപ്പ് പുറത്തായതോടെ പകരം ഡീസലെത്തിച്ചു; ഡീസൽ വെട്ടിപ്പ് പതിവാണെന്ന് ജീവനക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ഡീസൽ തിരിമറി വ്യാപകമാകുന്നതായി ജീവനക്കാരുടെ പരാതി.സംശയം തോന്നുമ്പോഴൊക്കെ ജീവനക്കാർ പരാതിപ്പെടുന്നുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം.ഈ സമയത്താണ് വസ്തുത ശരിയാണെന്ന് സ്ഥിരീകരിച്ച് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ച ഡീസലിൽ 1,000 ലീറ്ററിന്റെ വെട്ടിപ്പ് കണ്ടെത്തുന്നത്.
എന്നാൽ ഡീസലിലെ കുറവ് പിടിക്കപ്പെട്ടതോടെ കരാറുകാരൻ പകരം ഡീസൽ എത്തിച്ചു. ഡിപ്പോയുടെ ആകെ മൈലേജ് കുറയുന്നതായി ജീവനക്കാർ നേരത്തേ പരാതിപ്പെട്ടെങ്കിലും പരിശോധന ഉണ്ടായിരുന്നില്ല.നെടുമങ്ങാട് ഡിപ്പോയിൽ എത്തിക്കുന്ന ഡീസലിന്റെ അളവ് പരിശോധിക്കണമെന്നു ജീവനക്കാർ പരാതി പറയാൻ തുടങ്ങിയിട്ട് നാളേറെയായി. നെടുമങ്ങാട് എംഎസ്പി ഫ്യൂവൽസ് കൊണ്ടുവന്ന ടാങ്കറിൽ 15,000 ലീറ്റർ ഡീസൽ ഉണ്ടെന്നായിരുന്നു അവകാശവാദം.
പരിശോധിച്ചപ്പോൾ 14,000 ലീറ്ററേ ഉള്ളൂ. 1,000 ലീറ്റർ 'ആവിയായി'. കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 96,000 രൂപയായിരുന്നു. ഒരു വശത്ത് ശമ്പളം കിട്ടാതെ ജീവനക്കാർ വലയുമ്പോൾ മറുവശത്ത് കെഎസ്ആർടിസിയിൽ തട്ടിപ്പുംവെട്ടിപ്പും അരങ്ങേറുകയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.കഴിഞ്ഞ മാസങ്ങളിൽ ഡിപ്പോയുടെ ആകെ മൈലേജ് കണക്കുകൂട്ടുമ്പോൾ കുറവാണെന്നു പരാതി ഉയർന്നിരുന്നു.
കെഎസ്ആർടിസിയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ ജീവനക്കാർക്ക് പലവിധ ക്ലാസുകളും പരിശീലനങ്ങളും നൽകുമ്പോഴാണ് അധികൃരുടെ പിടിപ്പുകേട് കൊണ്ട് കെഎസ്ആർടിസിക്ക് വൻനഷ്ടത്തിന് ഇടവരുന്നത്.എങ്ങനെ ഇന്ധനക്ഷമത കൂട്ടാമെന്നു പഠിപ്പിക്കാൻ മെക്കാനിക്കുമാർക്കും ഡ്രൈവർമാർക്കും ക്ലാസും സംഘടിപ്പിച്ചു. ഈ വെട്ടിപ്പ് തുടങ്ങിയിട്ടു കുറേക്കാലമായെന്നും വിശദമായ അന്വേഷണം വേണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. എല്ലാം മുകളിലേക്ക് അറിയിച്ചിട്ടുണ്ടെന്ന പതിവുപല്ലവിയാണു ഡിപ്പോ അധികൃതർ നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ