- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്വാസകോശം സ്പോഞ്ച് പോലെയാണ്; എന്നിട്ടും 300 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള തീക്കനലിലേക്ക് വീഴുന്ന തീച്ചാമുണ്ഡിയുടെ അവസ്ഥ എന്തായിരിക്കും? ഈ കമ്യൂണിസ്റ്റ് അന്ധവിശ്വാസം ഇഞ്ചിഞ്ചായുള്ള നരബലി; കുട്ടികളെ കൊണ്ട് തീച്ചാമുണ്ഡി കെട്ടിക്കുന്നതിനെതിരെ വൻ പ്രതിഷേധം
കോഴിക്കോട്: 300 ഡിഗ്രിയിലധികം ചൂടുള്ള ഒരു കനൽക്കൂനയിലേക്ക് ഒരു മനുഷ്യൻ എടുത്ത് ചാടുക! ലോകത്തിൽ എവിടെയും കാണാത്ത അങ്ങേയറ്റം അപകടകരമായ ഒരു ഒരു അനുഷ്ഠാന കലയാണ് ഉത്തര മലബാറിലെ പ്രശസ്തമായ തീച്ചാമുണ്ഡി തെയ്യം. അടുത്ത ്പോകാൻ പോലും പറ്റാത്ത വൻ ചൂടുള്ള കനലിലേക്ക് ചാടുകയാണ് തീച്ചാമുണ്ഡിയുടെ രീതി. പകൽ മുഴുവൻ വിറക് കത്തിച്ച കനൽ ഒരു കൂനയായി കൂട്ടിയിടും. ഈ കനൽ ഇളക്കാൻ നീളമുള്ള മുളന്തണ്ട് മായി പത്തു പന്ത്രണ്ടു പേർ ഉണ്ടാവും. ഈ തീക്കുണ്ഡത്തിലേക്ക് ആണ് തീച്ചാമുണ്ഡി തെയ്യം ചാടുന്നത്. അരയിൽ കെട്ടിയ കയർ കുറെ ആളുകൾ പിടിച്ചിരിക്കും. ഇവരാണ് തീച്ചാമുണ്ഡയെ തീയിലേക്കു വലിച്ചിടുന്നതും തിരിച്ചെടുക്കുന്നതും. ഇവരുടെ ശ്രദ്ധ ഒന്ന് പാളിയാൽ മാരകമായി പൊള്ളലേൽക്കും. ശരിക്കും ജീവൻ വെച്ചുള്ള ഞാണിന്മ്മേൽ കളി.
നേരത്തെ തന്നെ ഇത്തരം തീച്ചാമുണ്ഡി കലകാരന്മാർ പലരും പൊള്ളലേറ്റ് ആശുപത്രിയിലായപ്പോൾ ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അന്ധവിശ്വാസങ്ങളെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ പോലും, ഇത് തങ്ങളുടെ പരമ്പരാഗത അനുഷ്ഠാന രീതിയാണ് എന്ന് പറഞ്ഞ് തീച്ചാമുണ്ഡിയെ പിന്തുണക്കുകയാണ്. കണ്ണുർ- കാസർകോട് ജില്ലകളിലെ മാർക്സിസ്റ്റ് പാർട്ടി ഗ്രാമങ്ങളിലാണ് ഇത്തരം തെയ്യങ്ങൾ അരങ്ങേറുന്നത്. തെയ്യം കെട്ടുന്നവരും വലിക്കുന്നവരുമൊക്കെ പാർട്ടിക്കാർ തന്നെ. അതുകൊണ്ടുതന്നെ ഇതൊരു കമ്യുണിസ്റ്റ് അന്ധവിശ്വാസമായിട്ട് കൂടിയാണ് അറിയപ്പെടുന്നത്.
'എന്നെ ധരിച്ചാൽ ധരിച്ചവർക്കും എന്നെ കാണാനും കേൾക്കാനും വന്ന ഏവർക്കും അവരുടെ കന്നുകാലികൾക്കും പൈതങ്ങൾക്കും നാളെ മേലാക്കത്തിന് മേലൈശ്വര്യത്തിനും ഗുണം വരണേ ഗുണം' എന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളുന്ന തീച്ചാമുണ്ഡി മലബാറിലെ തെയ്യക്കോലത്തിലെ ഏറ്റവും സവിശേഷമായ ഇനമാണ്. എന്നാൽ ഇപ്പോൾ 13 വയസ്സുള്ള ഒരു കുട്ടി തീച്ചാമുണ്ഡി തെയ്യം കെട്ടിയത് വൻ വിവാദമാവുകയാണ്. ഇത് ബാലപീഡനമാണെന്നും അധികൃതർ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്, സ്വതന്ത്രചിന്തകരും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും രംഗത്ത് എത്തിയിട്ടുണ്ട്.
ഇത്രയും വിറക് കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതിനുള്ളിലെ താപനില 300 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും ചൂട് എന്നാണ് പറയപ്പെടുന്നത്. ഇത് നിശ്ചയമായും ശ്വാസകോശത്തിന് പൊള്ളൽ ഉണ്ടാക്കും. മാത്രമല്ല പരിചയസമ്പന്നരായ തെയ്യം കലാകാരന്മാർക്ക് കൃത്യമായ ടൈമിങ്ങ് ഉണ്ട്. അവരെ വലിക്കുന്നവർക്കും അത് അറിയാം. എന്നാൽ കുട്ടികൾക്ക് ഈ ടൈമിങ്ങ് ഉണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ടുതന്നെ ഇഞ്ചിഞ്ചായുള്ള ഒരു നരബലിയാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. അതുപോലെ തന്നെ ഗുരുതരമായ ബാലാവകാശ ലംഘനവുമാണിതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
കൃഷ്ണൻ മലയന്റെ അനുഭവം
സ്വതന്ത്രചിന്തകനും എഴുത്തുകാരും പ്രാസംഗികനുമായ ടോമി സെബാസ്റ്റ്യൻ കൃഷ്ണൻ മലയൻ എന്ന തെയ്യം കലാകാരന്റെ അനുഭവം ചൂണ്ടിക്കാട്ടി ഇങ്ങനെ എഴുതുന്നു. 'തീച്ചാമുണ്ഡി തെയ്യം കെട്ടിയതിന്റെ മൂന്നാം നാൾ കൃഷ്ണൻ മലയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീച്ചാമുണ്ഡി ആയി വേഷം കെട്ടുന്ന ഭൂരിഭാഗം പേരുടെയും പിന്നീടുള്ള ജീവിതം മരുന്നിനെയും യാതനയും ലോകത്താണ്.അത്യുഗ്രമായ ചൂടിൽ കനലിലേക്ക് ഭ്രാന്തമായ ആവേശത്തോടെ വീഴുന്ന ഇവരുടെയെല്ലാം രക്തത്തിൽ വെളുത്ത രക്താണുക്കളുടെ എണ്ണം കുറവായിരിക്കും.
ശരീരത്തിന് പ്രതിരോധശക്തി നഷ്ടമായി ഇവർ നിത്യ രോഗങ്ങളുടെ പിടിയിലാകും. ആന്തരാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ വന്നിരിക്കും.എല്ലാവരുടെയും മുമ്പിൽ ദൈവമായി ആടിയ മനുഷ്യൻ വെള്ളം പോലും ഇറക്കാൻ ആവാതെ ആന്തരാവയവങ്ങൾ തകർന്ന് നിസ്സഹായതയുടെ ദൈന്യതയും പേറി ജീവിക്കേണ്ടി വരുന്നു.''- ടോമി സെബാസ്റ്റ്യൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
നേരെത്ത കേരളകൗമുദി ഇതുസംബന്ധിച്ച് നടത്തിയ ഒരു അന്വേഷണത്തിൽ ഗുരതരമായ രോഗങ്ങളുമായി തീച്ചാമുണ്ഡി കലാകാരന്മാാരുടെ ജീവിതം അകാലത്തിൽ പൊലിയുകയാണെന്ന് കണ്ടെത്തിയിരുന്നു. പലരും മദ്യത്തിന് അടിമയായി. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ മൂലം, ഉണങ്ങിക്കരിഞ്ഞുപോയവരെയാണ് തനിക്ക് കാണാനായതെന്ന്, ലേഖനം തയ്യാറാക്കിയ പി ബാലചന്ദ്രൻ എഴുതിയിരുന്നു.
ശ്വാസംകോശം കരിഞ്ഞുപോകും
അതിനിടെ തീച്ചാമുണ്ഡി കോലം കെട്ടിയ കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല എന്ന് കാണിക്കാനായി ഒരു വീഡിയോയും ഇറങ്ങി. അതിൽ കുട്ടി കുഴപ്പമില്ല എന്നാണ് പറയുന്നത്. ഇതേക്കുറിച്ച് ടോമി സെബാസ്റ്റ്യൻ ഇങ്ങനെ എഴുതുന്നു. ' ശരിയാണ് കുട്ടിക്ക് കാര്യമായ കുഴപ്പമൊന്നുമില്ല. കാര്യമായ കുഴപ്പമെന്ന് പറഞ്ഞാൽ ശരീരത്തുള്ള വലിയ പൊള്ളലുകൾ വേദന നീറ്റൽ എന്നിവയൊക്കെയാണ്. ഇത്രയും വിറക് കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതിനുള്ളിലെ താപനില എന്തായാലും 300 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും. ഈ പൊള്ളൽ നേരിട്ട് ശരീരത്തിൽ പതിക്കാതിരിക്കാൻ കുരുത്തോല കൊണ്ടുള്ള ഒരു ആവരണം തെയ്യത്തിനു ചുറ്റും ഉണ്ടാവും. പരിചയസമ്പന്നനായ ആളാണ് തെയ്യം എങ്കിൽ എങ്ങനെ ചാടണം എത്ര സമയത്തിനുള്ളിൽ പുറത്തുവരണം ശ്വാസോച്ഛ്വാസ നിയന്ത്രണം അങ്ങനെ പല കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ഉണ്ടാവും. അല്ലെങ്കിൽ അറിവുള്ളവർ അത് പറഞ്ഞു കൊടുക്കും. ഇല്ലെങ്കിൽ കൂടെ നിൽക്കുന്ന കയറിൽ കെട്ടിവലിക്കുന്ന ആളുകൾ ശ്രദ്ധിച്ചാലും മതി.
പക്ഷേ ഇവിടെ ആളുകൾ ആരും കാണാത്ത മറ്റൊരു സംഭവം ഉണ്ട് . ആ ചൂടിൽ ഉള്ള വായുവിനും ഏതാണ്ട് അതിനോടടുത്ത താപനില ഉണ്ടാകും. നമ്മുടെ ശ്വാസകോശത്തിലെ ആൽവിയോളുകൾ എന്ന നേർത്ത കുമിളകളിലാണ് ശ്വാസം എത്തിച്ചേരുന്നത്. അതിനു പുറമേയുള്ള അതിലോലമായ ലോമികകളിലൂടെയാണ് ഓക്സിജൻ- കാർബൺഡയോക്സൈഡ് വിനിമയം നടക്കുന്നത്. അവയെ സംരക്ഷിക്കാൻ വേണ്ടി അവയ്ക്ക് ചുറ്റും നനവുള്ള ഒരു ആവരണം ഉണ്ടാവും. ഇവയ്ക്ക് ഒരു താപ പരിധി ഉണ്ടാവും. ഏതാണ്ട് 65 ഡിഗ്രി സെൽഷ്യസ് ആണ് ആ പരിധി. അത് കഴിഞ്ഞാൽ ആൽവിയോളുകൾക്ക് പൊള്ളലേറ്റ് ചുരുക്കം സംഭവിക്കും. ശ്വാസകോശത്തിലുള്ള ഏകദേശം 30 കോടി വായു അറകളിൽ കുറച്ചൊക്കെ പൊള്ളലേറ്റ് ചുരുങ്ങിപ്പോയാലും ബാക്കിയുള്ളവ ആ വിടവ് തൽക്കാലത്തേക്ക് നികത്തും. അതുകൊണ്ട് തെയ്യം കിട്ടുന്ന ആളിന് പെട്ടെന്ന് ഒരു വലിയ ബുദ്ധിമുട്ട് അനുഭവപ്പെടില്ല. പക്ഷേ പിന്നീട് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിക്കും.
2, ഫോറൻസിക് പരിശോധനകളിൽ തീപിടുത്തം മൂലമുണ്ടായ മരണങ്ങൾ ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന പരിശോധന ശ്വാസകോശത്തിൽ കരി ഉണ്ടോ എന്ന് നോക്കുക എന്നതാണ്. ഇവിടെ തീച്ചാമുണ്ടി വേഷം കെട്ടുന്ന ആൾ തീയിൽ പലതവണ ചാടുന്നതിനാൽ അയാളുടെ ശ്വാസകോശത്തിൽ തീർച്ചയായും കരി അടഞ്ഞിട്ടുണ്ടാവും. 'ശ്വാസകോശം സ്പോഞ്ച് പോലെയാണ്' ഒരാളെ നിത്യ രോഗിയാക്കാൻ അത്രയും കരി മതിയാവും.
3, ജ്വലനത്തിന് സഹായിക്കുന്ന വാതകമാണ് ഓക്സിജൻ . അതുതന്നെയാണ് നമ്മുടെ പ്രാണവായുവും. തീ കത്തുമ്പോൾ അതിന് ചുറ്റും ഓക്സിജൻ തീരെ കുറവായിരിക്കും. അന്തരീക്ഷത്തിൽ ഏതാണ്ട് 21 ശതമാനം ഉണ്ടാവേണ്ട ഓക്സിജൻ കുറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമായിരിക്കും അതിനു ചുറ്റും ഉണ്ടാവുക. മാത്രവുമല്ല ജ്വലനം വഴി ഉണ്ടാവുന്ന കാർബൺഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലുമായിരിക്കും. ഈ കാർബൺ ബൈ ഓക്സൈഡും കാർബൺ മോണോക്സൈഡും ആണ് തെയ്യം ശ്വസിക്കുക. ഇത് Hypercapnia, Carboxylheamoglobineamia എന്നീ അവസ്ഥകൾ സൃഷ്ടിക്കും. അതാവട്ടെ ഹാലുസിനേഷൻ പോലെയുള്ള അവസ്ഥകളിലേക്ക് മനുഷ്യനെ നയിക്കും, അതായത് യാഥാർത്ഥ്യബോധമോ വേദനയോ ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന തെയ്യം യാഥാർത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ വിശ്വസിക്കുന്നത് നിർത്തിയാലും തുടരുന്നത് എന്തോ അതാണ് യാഥാർത്ഥ്യം.
ഇവിടെ താൻ ദൈവമായതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്ന് ഒരു കുട്ടി വിശ്വസിക്കുന്നു. അവൻ ആ വിശ്വാസം അവസാനിപ്പിക്കുമ്പോൾ യാഥാർത്ഥ്യം ആരംഭിക്കുന്നു. അത് അവനെ ജീവിതത്തിന്റെ നിത്യ നരകത്തിലേക്ക് തള്ളിയിടുന്നു.
ഇവിടെ ആ കുട്ടി ഏതോ ഭ്രമാത്മക ലോകത്ത് ആണ് ജീവിക്കുന്നത്. ആ കുട്ടിയെ അങ്ങനെ സമൂഹം ആക്കിത്തീർത്തു. അവൻ സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളുടെ ഇരയാണ്. അവനെ യാഥാർത്ഥ്യബോധം മനസ്സിലാക്കിച്ച് ഒരു നല്ല പൗരൻ ആക്കി വളർത്തുക എന്നതാണ് നമ്മുടെ കടമ.
വ്യക്തി എന്ന നിലയിൽ ഒരുപക്ഷേ നമുക്ക് അത് ബുദ്ധിമുട്ടായേക്കാം. അതിനാണ് സ്റ്റേറ്റ് എന്ന സംവിധാനം ഉണ്ടാവേണ്ടത്. ഇവിടെ ഈ കുട്ടിയുടെ അവകാശങ്ങൾക്കു വേണ്ടിയും യാഥാർത്ഥ്യങ്ങൾക്ക് വേണ്ടിയും ശാസ്ത്രീയ മനോഭാവത്തിനു വേണ്ടിയും നിലനിൽക്കേണ്ടത് സ്റ്റേറ്റ് ആണ് . ഒരാൾ ഒരു ഡെല്യൂഷന് വിധേയമായാൽ അതിനെ ഭ്രാന്ത് എന്ന് വിളിക്കാം. പക്ഷേ ഒരു സമൂഹം മുഴുവൻ ഡെല്യൂഷന് വിധേയമായാൽ അതിനെ മതം എന്ന് വിളിക്കാം.''- ടോമി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ആചാര സംരക്ഷകരായി സിപിഎമ്മുകാർ
സാധാരണ ഇത്തരം അദ്ധവിശാസങ്ങൾക്കെതിരെ നവോത്ഥാനം എന്ന വാക്ക് ഉയർത്തി പ്രതിഷേധിക്കാനും പ്രതിരോധിക്കാനും ഇറങ്ങുന്ന സിപിഎമ്മുകാരാണ്. പക്ഷേ ഇവിടെ സിപിഎമ്മുകാർ ആചാര സംരക്ഷകർ ആണ്. തെയ്യം ഒരു സെക്യൂലർ ദൈവമാണെന്നും, ഈ നാടിന്റെ സംസ്ക്കാരമാണെന്നും പറഞ്ഞാണ്, മുന്നുറ് ഡിഗ്രി സെൽഷ്യസ് തീയിലേക്ക് ഒരു മനുഷ്യൻ ചാടുക എന്ന, ലോകത്ത് എവിടെയും കാണാത്ത പ്രാകൃത ആചാരത്തിന്റെ സംരക്ഷണത്തിനായി അവർ പറയുന്നത്.
ഡോ മനോജ് വെള്ളനാട് ഇങ്ങനെ കുറിക്കുന്നു. '' ആചാരമെന്ന പേരിൽ തീച്ചാമുണ്ഡി കോലങ്ങൾ പോലുള്ള 'ഇഞ്ചിഞ്ചായുള്ള നരബലി'കളെ കലാരൂപമായി കാണാനേ പാടില്ലാ. 13 വയസുള്ള കുട്ടിയെന്നല്ലാ ആരു ചെയ്താലും അത് എതിർക്കപ്പെടേണ്ടതാണ്.സ്വന്തം ഇഷ്ടപ്രകാരം പ്രായമായൊരാളാണത് ചെയ്യുന്നതെങ്കിലും, അതിനെ പ്രോത്സാഹിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് സഹായം ചെയ്യുന്നത് പോലെയാണ്. മൈനർ ആയിട്ടുള്ള കുട്ടികളെ വേഷം കെട്ടിക്കുന്നതും പൊള്ളുന്ന കനലിലേക്ക് 101 വട്ടമൊക്കെ (!) വലിച്ചെറിയുന്നതും വധശ്രമത്തിൽ കുറഞ്ഞ മറ്റൊന്നുമല്ല.
എത്ര ചെറിയ പൊള്ളലേറ്റാലും അതിന്റെ പരിണിതഫലങ്ങൾ ഏതെങ്കിലും തരത്തിലുള്ള വികലാംഗത്വമായി ജീവിതകാലം മുഴുവൻ ഒരാളുടെ കൂടെക്കാണും. 40% ത്തിലധികം പൊള്ളലേറ്റാൽ പിന്നെ ജീവൻ തന്നെ രക്ഷിക്കാൻ പ്രയാസമാവും. മുതിർന്നവരേക്കാൾ കുട്ടികളിൽ ഇത് കൂടുതൽ ഗുരുതരവുമാവും.ഒരിക്കലും ഇമ്മാതിരി സംഗതികൾ ഏത് വിശ്വാസത്തിന്റെ പേരിലാണെങ്കിലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. ഇതൊന്നും ആചാരമല്ലാ. പത്തരമാറ്റ് അനാചാരമാണ്. ''
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ