- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
14 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍ പിരിഞ്ഞു; മകള്‍ക്കു വേണ്ടി സ്നേഹത്തിന്റെ വഴിയില്‍ വീണ്ടും: ആലപ്പുഴ കുടുംബ കോടതിയില്‍ നടന്നത് അപൂര്‍വ്വ പുനഃസമാഗമം
ആലപ്പുഴ: 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ ബന്ധം വേര്‍ പിരിഞ്ഞവര്‍ മകള്‍ക്കു വേണ്ടി വീണ്ടും സ്നേഹത്തിന്റെ വഴിയിലെത്തി. ആലപ്പുഴ കുടുംബക്കോടതിയാണ് വിവാഹമോചിതരായ ദമ്പതിമാരുടെ അപൂര്‍വ പുനഃസമാഗമത്തിനു വേദിയായത്. ആലപ്പുഴ കളര്‍കോടു സ്വദേശി സുബ്രഹ്‌മണ്യനും (58) കുതിരപ്പന്തി രാധാ നിവാസില്‍ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും കുടുംബജീവിതത്തിലേക്കു പ്രവേശിച്ചത്. മാതാപിതാക്കളുടെ അപൂര്‍വ്വ പുനഃസമാഗമത്തിന് സാക്ഷിയായതാവട്ടെ ഇവരുടെ ഏക മകള്‍ അഹല്യ എസ്. നായരും.
പത്താം ക്ലാസ് കഴിഞ്ഞ മകളുടെ സുരക്ഷിതമായ ഭാവിയെന്ന ഉത്തരവാദിത്വം പേറിയാണ് ഇരുവരും വീണ്ടും ജീവിത്തതില്‍ ഒരുമിക്കാന്‍ തീരുമാനിച്ചത്. അഹല്യ പത്താംക്ളാസില്‍ മികച്ച വിജയംനേടി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. കോടതി ഇടപെടലില്‍ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു അവര്‍ വീണ്ടും കൈകോര്‍ത്തത്. പുനര്‍വിവാഹം രജിസ്റ്റര്‍ചെയ്യാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു ഇവരുടെ മടക്കം. തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റന്‍ാണ് സുബ്രഹ്‌മണ്യന്‍. വാടയ്ക്കല്‍ അങ്കണവാടിയിലെ ഹെല്‍പ്പറാണ് കൃഷ്ണകുമാരി.
2006 ഓഗസ്റ്റ് 31-നായിരുന്നു സുബ്രഹ്‌മണ്യന്റെയും കൃഷ്ണകുമാരിയുടെയും വിവാഹം. നിസ്സാരപ്രശ്നത്തിന്റെ പേരില്‍ വഴക്കിട്ട് അകന്ന ഇരുവരും കോടതിയെ സമീപിച്ചു. 2010 മാര്‍ച്ച് 29-നു നിയമപരമായി വേര്‍പിരിഞ്ഞു. കൃഷ്ണകുമാരിക്ക് ഒന്നരലക്ഷം രൂപയും സ്വര്‍ണാഭരണമടക്കമുള്ള ബാധ്യതകളും തിരിച്ചുനല്‍കിയായിരുന്നു വേര്‍പിരിയല്‍.
മകളുടെ ചെലവിനായി ജീവനാംശം ആവശ്യപ്പെട്ട് 2020-ല്‍ ആലപ്പുഴ കുടുംബക്കോടതിയില്‍ കൃഷ്ണകുമാരി ഹര്‍ജി നല്‍കി. മാസംതോറും 2,000 രൂപ നല്‍കാന്‍ കോടതി വിധിച്ചു. ഇതിനെതിരേ സുബ്രഹ്‌മണ്യന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതു കോടതി തള്ളി. പ്രശ്നം രമ്യമായി പരിഹരിക്കാനായിരുന്നു നിര്‍ദ്ദേശം. കേസ് വീണ്ടും കുടുംബക്കോടതി ജഡ്ജി വിദ്യാധരന്റെ മുന്നിലെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
രണ്ടുപേരും പുനര്‍വിവാഹിതരല്ലെന്നതു കോടതി കണക്കിലെടുത്തു. മകളുടെ സുരക്ഷയെയും ഭാവിയെയും കരുതി ഒരുമിച്ചു താമസിക്കാനുള്ള നിര്‍ദ്ദേശം ഇരുവരും അംഗീകരിച്ചു. ഇനിയുള്ളനാള്‍ കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തിനു സമീപത്തെ വാടകവീട്ടിലാകും ഇവരുടെ താമസം. സുബ്രഹ്‌മണ്യനുവേണ്ടി അഭിഭാഷകരായ ആര്‍. രാജേന്ദ്രപ്രസാദ്, എസ്. വിമി, ജി. സുനിത, കൃഷ്ണകുമാരിക്കുവേണ്ടി സൂരജ് ആര്‍. മൈനാഗപ്പള്ളി എന്നിവര്‍ ഹാജരായി.