ലണ്ടൻ: സുഹൃത്തുക്കളുടെ തെറ്റായ വൈദ്യോപദേശം കിട്ടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം. ആർത്തവ വേദന ഒഴിവാക്കാൻ, ഗർഭ നിരോധന ഗുളിക കഴിച്ച 16 കാരി രക്തം കട്ട പിടിച്ച് മരിച്ചു. വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിക്കാമെന്ന് സുഹൃത്തുക്കളാണ് നിർദ്ദേശിച്ചത്.

മൂന്നാഴ്ച മുമ്പാണ് ലെയ്‌ല ഗുളിക കഴിച്ചത്. വയറ്റിൽ അണുബാധയുണ്ടായി 48 മണിക്കൂറിനകം മരണവും സംഭവിച്ചു. നവംബർ 25 നാണ് പെൺകുട്ടി ഗുളിക കഴിച്ചുതുടങ്ങിയത്. ഡിസംബർ 5 ഓടെ, കടുത്ത തലവേദന അനുഭവപ്പെട്ടു. ആഴ്ചാവസാനത്തോടെ കടുത്ത ഛർദ്ദിയും. ഓരോ അര മണിക്കൂറിലും ഛർദ്ദിക്കാൻ തുടങ്ങിയതോടെ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയി. വയറ്റിൽ അണുബാധയെന്ന് പറഞ്ഞ് ഡോക്ടർമാർ ഗുളിക നൽകി. ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും, പിന്നീട് പെൺകുട്ടിയുടെ നില വഷളാവുകയായിരുന്നു.

വീണ്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങിയ സമയത്ത് ലെയ്‌ല ശുചിമുറിയിൽ കുഴഞ്ഞുവീണു. നടക്കാൻ വയ്യാതായതോടെ, അമ്മയും അമ്മായിയും കൂടി എടുത്താണ് കാറിൽ കയറ്റിയത്. ഗ്രിംസ്ബിയിലെ ഏറ്റവും അടുത്ത ആശുപത്രിയിൽ വേഗം എത്തിച്ചപ്പോൾ സിടി സ്‌കാൻ എടുത്തു. രക്തം കട്ട പിടിച്ചെന്നായിരുന്നു പരിശോധനാഫലം.

ഡിസംബർ 13 ന് ശസ്ത്രക്രിയ നടത്തിയെങ്കിലും, പിറ്റേന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതായി വിധിയെഴുതി. ക്രിസ്മ്‌സ് അടുത്ത സമയത്തുണ്ടായ ദുരന്തം കുടുംബത്തെ ആകെ തകർത്തിരിക്കുകയാണ്. പെൺകുട്ടി കോളേജിൽ പോകാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഓക്‌സ്ഫഡിൽ വളരെ ഭാവിയുള്ള കുട്ടിയായാണ് അവളുടെ പ്രൊഫസർമാർ വിലയിരുത്തിയിരുന്നത്. അവൾക്ക് ഒരുജോലിയും കിട്ടിയിരുന്നു. ഞങ്ങൾ ആകെ ഞെട്ടലിലാണ്, അമ്മായി മിസ് ബ്രെയ്തവെയ്റ്റ് പറഞ്ഞു.

ലെയ്‌ലയുടെ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതിച്ചു. ക്രിസ്മസിന് മുമ്പ് ലെയ്‌ലയുടെ അവയവങ്ങൾ അഞ്ചുജീവനുകളാണ് രക്ഷിച്ചത്.