ക്വിറ്റോ: അറിഞ്ഞതിനേക്കാൾ ഏറെ ഇനിയും അറിയാനുണ്ട് മനുഷ്യ ചരിത്രത്തെ സംബന്ധിച്ച് എന്ന് ഓമ്മപ്പെടുത്തുന്ന ഒരു കണ്ടെത്തൽ. ഏതാണ്ട് ആയിരം വർഷങ്ങളോളം, പതിനായിരത്തോളം ആളുകൾ വസിച്ചിരുന്ന ഒരു പുരാതന നഗരം ഇക്വഡോറിൽ കണ്ടെത്തിയിരിക്കുന്നു. വീടുകളും കൃഷിയിടങ്ങളും, നിരത്തുകളും, കനാലുകളും, കൃത്യമായി ആസൂത്രണം ചെയ്ത അങ്ങാടികളും ഒക്കെയായി ഒരു നഗരം.

ആൻഡെസ് പർവ്വതനിരയുടെ താഴെയുള്ള ഉപാനോ താഴ്‌വരയിലാണ് നൂറ്റാണ്ടുകളായി മണ്ണുമൂടിക്കിടന്നിരുന്ന നഗരം കണ്ടെത്തിയത്. ലേസർ-സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്. ഏറ്റവും അദ്ഭുതകരമായ കാര്യം, കണ്ടെത്തിയ പല റോഡുകളും നേർരേഖ പോലെ വളവില്ലാതെ നിവർന്ന് കിടക്കുന്നവയാണ് എന്നതാണ്. മണ്ണിനടിയിൽ ഏകദേശം മൂന്ന് മീറ്റർ താഴ്‌ച്ചയിലാണ് ഇവ കണ്ടെത്തിയ്ത്.

കളിമണ്ണ് കൊണ്ട് ഉയരമുള്ള തറകൾ നിർമ്മിച്ച് അതിന്മേലാണ് വീടുകളും ശവകുടീരങ്ങളും പണിതിരിക്കുന്നത്. അത്തരത്തിൽ ഏകദേശം 6000 ഓളം ഘടനകളാണ് കണ്ടെത്താൻ കഴിഞ്ഞത്. അതിനോടൊപ്പം കാർഷിക ഭൂമിയും, മലിനജലം പോകുന്നതിനുള്ള സംവിധാനങ്ങളും ഉണ്ട്.കണ്ടെത്തിയതിൽ ഏറ്റവും വീതികൂടിയ റോഡ് 33 അടി വീതിയുള്ള ഒരു റോഡാണ്.ആറു മുതൽ 12 മൈൽ വരെ ഇത് നീളുന്നു എന്നാണ് അനുമാനിക്കുന്നത്.

പുരാവസ്തു ഗവേഷകനായ അന്റോണി ഡോറിസൺ പറയുന്നത് ഇവിടെ ഏകദേശം 10,000 ഓളം പേർ താമസിച്ചിരിക്കാം എന്നാണ്. ഈ നഗരത്തിന്റെ പുഷ്‌കല കാലത്ത് ഇവിടെ 15,000 മുതൽ 30,000 പേർ വരെയും താമസിച്ചിട്ടുണ്ടാകാം. അതായത് റോമൻ കാലത്തെ ലണ്ടനിൽ ഉണ്ടായിരുന്നത്ര ജനങ്ങൾ ഈ പുരാതന നഗരത്തിലും ഉണ്ടായിരുന്നു എന്ന് സാരം. അന്ന് യു കെയിലെ ഏറ്റവും വലിയ മെട്രോപോളിസ് ആയിരുന്നു ലണ്ടൻ എന്നതോർക്കണം.

പുരാതന ആമസോൺ മനുഷ്യവാസയോഗ്യമായിരുന്നോ എന്ന തർക്കത്തിന് ഈ കണ്ടുപിടുത്തത്തോടെ ഒരു വിരാമമായിരിക്കുകയാണ്. കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ ഇവിടെ നിന്നും പിരമിഡികളും, മറ്റു ചില കളിമൺ നിർമ്മിതികളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്തരമൊരു തർക്കം ഉടലെടുത്തത്. ക്രിസ്ത്വബ്ദം 300 നും 600 നും ഇടയിലായി ഉപാനോയിലെ ജനങ്ങൾ തികച്ചും ദുരൂഹമായ സാഹചര്യത്തിൽ ഇല്ലാതെയാവുകയായിരുന്നു എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.

ഏതാണ്ട് 200 വർഷങ്ങൾക്ക് ശേഷം ഹൗപുല നാഗരികതയുമായി ബന്ധപ്പെട്ട ജനങ്ങൾ ഇവിടെ കുടിയേറി. ഏതാണ്ട് അതേസമയത്ത് തന്നെ യൂറോപ്യന്മാർ തെക്കെ അമേരിക്കയിൽ എത്തുകയും ചെയ്തു. ക്രമേണ, ഒരുകാലത്ത് തിരക്കു പിടിച്ച ഈ നഗരം കാടിനകത്ത് കാണാമറയത്ത് ആകുകയായിരുന്നു. പര്യവേഷണത്തിന് നേതൃത്വം നൽകിയ സ്റ്റീഫൻ റോസ്റ്റെയ്ൻ ആണ് ഇത് സംബന്ധിച്ച ലേഖനം സയൻസ് എന്ന ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നഷ്ട നഗരത്തിന്റെ താഴ്‌വാരം എന്നാണ് റോസ്റ്റെയ്ൻ ഈ താഴ്‌വരയെ വിശേഷിപ്പിച്ചിരിക്കുന്നത്.

വിവിധ നഗരയിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അത്യന്തം സങ്കീർണ്ണമായ ഒരു റോഡ് നെറ്റ്‌വർക്ക് ഇവിടെയുണ്ട് എന്നതാണ് ഏറെ അദ്ഭുതപ്പെടുത്തുന്ന കാര്യം. ഹിസ്പാനിക് കാലഘട്ടത്തിന് മുൻപുള്ളതാണ് ഈ നാഗരികത. ഉപാനോ ജനങ്ങൾ ഇവിടെ താമസം ആരംഭിക്കുന്നത് ഏതാണ് 2500 വർഷങ്ങൾക്ക് മുൻപ്, അതായത് ക്രിസ്തുവിനും 500 വർഷങ്ങൾക്ക് മുൻപായിരുന്നു എന്നാണ് അനുമാനിക്കുന്നത്.

ആമസോൺ കാടുകളിൽ വളരെ ചെറിയ കൂട്ടം ആളുകൾ അങ്ങിങ്ങായി, വനോദ്പന്നങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്നു എന്നതായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ, ഈ വനത്തിനുള്ളിലും വളരെയേറെ സജ്ജീകരണങ്ങളോടു കൂടിയ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ആ അനുമാനം തെറ്റെന്ന് തെളിയുകയാണ്. മാത്രമല്ല, ഇതോടെ ആമസോൺ കാടുകളുടെ ദുരൂഹത ഏറുകയുമാണ്. മനുഷ്യ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി അറിവുകൾ ഇനിയും ആമസോണിൽ ഒളിച്ചിരിപ്പുണ്ടാകാം എന്നാണ് ഇപ്പോൾ പുരാവസ്തു ശാസ്ത്രജ്ഞർ കരുതുന്നത്.