മുംബൈ: മനുഷ്യക്കടത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ച 303 യാത്രക്കാരിൽ 276 പേർ തിരിച്ചെത്തി. ഛത്രപതി ശിവാജി മരാഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, എയർബസ് എ 340 ലാണ് യാത്രക്കാർ പറന്നെത്തിയത്. നാല് ദിവസമാണ് ഇവരെ ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്.

പുലർച്ചെ 3.30 ഓടെ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത നിരീക്ഷണത്തിലായിരുന്നു. പലവട്ടം സിബിഐയുടെയും ഇമിഗ്രേഷൻ വകുപ്പിന്റെയും നിരന്തരമായ ചോദ്യം ചെയ്യലിന് ശേഷം രാവിലെ 8.30 ഓടെയാണ് ഇവരെ പോകാൻ അനുവദിച്ചത്.

303 യാത്രക്കാരുമായി ദുബായിൽ നിന്ന് നിക്കരാഗ്വയ്ക്ക് പോയ വിമാനമാണ് മനുഷ്യക്കടത്ത് സംശയിച്ച് ഫ്രഞ്ച് അധികൃതർ നാലു ദിവസത്തോളം തടഞ്ഞുവെച്ചത്. ഇവരിൽ 276 യാത്രക്കാർ മാത്രമാണ് തിരിച്ചെത്തിയത്. കുട്ടികൾ അടക്കം 27 പേർ ഫ്രാൻസിൽ തന്നെ തുടരുകയാണ്. യാത്രക്കാരിൽ ഏറിയ പങ്കും പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പുറത്തു വന്ന മിക്കവരും മാസ്‌ക് കൊണ്ടോ തൂവാല കൊണ്ടോ മുഖം മറച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും തയ്യാറായില്ല.

ലെജൻഡ് എയർലൈന്റെ വെള്ള സ്റ്റിക്കറുള്ള രണ്ടു ബാഗേജുകൾ മാത്രമാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. സംസാരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ചിലരൊക്കെ മാധ്യമങ്ങളോട് രോഷാകുലരാകുകയും ചെയ്തു. സ്വന്തം ചെലവിൽ ജന്മനാട്ടിലേക്ക് പോകാൻ ആണ് അനുവദിച്ചതെന്ന് പഞ്ചാബിൽ നിന്നുള്ള യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

ദുബായിൽ നിന്ന് നിക്കരാഗ്വ ലക്ഷ്യമാക്കി ഡിസംബർ 22 നാണ് വിമാനം യാത്ര തിരിച്ചത്. കിഴക്കൻ ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ വച്ച് സാങ്കേതിക പ്രശ്‌നം ഉണ്ടായതോടെയാണ് യാത്ര മുടങ്ങിയത്. കുട്ടികൾ അടക്കം 303 ഇന്ത്യൻ യാത്രക്കാരും അതോടെ കുടുങ്ങി. മനുഷ്യക്കടത്താണെന്ന് ഫ്രഞ്ച് അധികൃതർക്ക് രഹസ്യവിവരം കിട്ടിയതോടെയാണ് വിമാനം തടഞ്ഞുവച്ചത്.

എല്ലാ യാത്രക്കാരുടെയും സാഹചര്യങ്ങളും, ലക്ഷ്യങ്ങളും സംബന്ധിച്ച് ഫ്രഞ്ച് അധികൃതർ ജുഡീഷ്യൽ അന്വേഷണം നടത്തിയിരുന്നു. യാത്രക്കാർ നിക്കരാഗ്വെയിലേക്ക് പോവുകയായിരുന്നുവെന്നും അവിടെ നിന്ന് യുഎസിലേക്കും, കാനഡയിലേക്കും അനധികൃതമായി പ്രവേശിക്കുകയായിരുന്നു ലക്ഷ്യമെന്നും ഫ്രഞ്ച് അധികൃതർ കണ്ടെത്തി.

നിക്കരാഗ്വയിലേക്കുള്ള കണക്ഷൻ ഫ്‌ളൈറ്റാണ് സംശയത്തിന് ഇടയാക്കിയത്. അമേരിക്കയിൽ അഭയം തേടിയെത്താൻ എളുപ്പവഴിയായാണ് ആ മധ്യഅമേരിക്കൻ രാജ്യത്തെ പലരും കാണുന്നത്. യുഎസിൽ അനധികൃതമായി പ്രവേശിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 2023 ൽ മാത്രം 96,917 ഇന്ത്യാക്കാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51.61 ശതമാനത്തിന്റെ വർദ്ധന.

മൂന്നാം ലോക രാജ്യങ്ങളെ ട്രാൻസിറ്റ് പോയിന്റുകളായി കണ്ടുകൊണ്ട് യുഎസിലേക്കും കാനഡയിലേക്കും കുടിയേറാൻ നടത്തുന്ന യാത്രകളെ ഡുങ്കി ഫ്‌ളൈറ്റുകൾ എന്നാണ് വിളിക്കുന്നത്. ദുബായിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനമാണ് പാരീസിൽ നിന്ന് 160 കിലോമീറ്റർ അകലെ വാട്രിയിൽ ലാൻഡ് ചെയ്തത്. ഇന്ധനം നിറയ്ക്കാൻ വേണ്ടിയാണ് വിമാനം അവിടെ ഇറങ്ങിയതെന്ന് പറയുന്നു.

യുഎസിലേക്ക് ആളെ കടത്തുന്ന ക്രൈം സിൻഡിക്കേറ്റുമായി ബന്ധമുള്ളതാണ് വിമാനമെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഫ്രാൻസിന്റെ സംഘടിത കുറ്റകൃത്യ വിരുദ്ധ യൂണിറ്റായ ജുനാൽകോയ്ക്കാണ് അന്വേഷണ ചുമതല. മനുഷ്യക്കടത്ത് തെളിഞ്ഞാൽ, ഫ്രാൻസിൽ 20 വർഷം വരെയാണ് തടവ് ശിക്ഷ.