- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടമ്പനാട് എട്ടുവയസുകാരിയുടെ മരണം ഷിഗല്ല മൂലം?
കടമ്പനാട്: ഛർദ്ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ നാലാം ക്ലാസുകാരി മരിച്ചു. ഷിഗെല്ല ബാധയെന്ന് സംശയിച്ച് പഞ്ചായത്തും ആരോഗ്യ വിഭാഗവും പ്രതിരോധ നടപടികൾ ആരംഭിച്ചു. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിന്റേയും ചിത്രയുടേയും മകൾ അവന്തിക(8) ആണ് ഏപ്രിൽ 30 ന് വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
ഇവിടെ നിന്നും ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിൽ കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ലാബ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ഏപ്രിൽ 30ന് രാവിലെയാണ് ഛർദ്ദിയും വയറിളക്കവുമായി അടൂർ ജനറൽ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുന്നത്. രോഗം വഷളായതോടെ വൈകിട്ട് മൂന്നിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെയെത്തി അൽപ്പസമയത്തിനുള്ളിൽ തന്നെ കുട്ടി മരിച്ചു. ഷിഗെല്ല ബാധയെന്ന സംശയത്തെ തുടർന്ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലേയും സമീപത്തെ വീടുകളിലേയും കിണറുകളിലെ വെള്ളം ശേഖരിച്ചു. ഇവിടെ നിന്നും അറുപതു സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് പറഞ്ഞു.
സമീപത്തെ വീടുകളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഛർദ്ദിയും വയറിളക്കവും പോലുള്ള രോഗലക്ഷണമുണ്ടായതായി വിവരം ലഭിച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി. ആശ വർക്കർമാരെ രംഗത്തിറക്കി കുട്ടിയുടെ വീട്ടിലും മറ്റും ശുചീകരണ പ്രവർത്തനവും നടത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അങ്ങാടിക്കൽ അറന്തക്കുളങ്ങര ഗവ.എൽ.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അവന്തിക. സഹോദരൻ: അവിനേഷ്.