- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പി.പി.ഇ. കിറ്റ് വാങ്ങിയതിൽ 10.23 കോടിയുടെ അധികച്ചെലവ്; ചട്ടവിരുദ്ധമായി മുഴുവൻതുകയും സ്വകാര്യ കമ്പനിക്ക് മുൻകൂർ നൽകി; അഴിമതി ആരോപണം ശരിവെച്ച് എ.ജി; ഒന്നാം പിണറായി സർക്കാറിലെ ഒരു കൊള്ള കൂടി പിടിക്കപ്പെടുമ്പോൾ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ കാലത്തു നടന്ന ക്രമക്കേടുകളുടെ വിവരങ്ങൾ ഓരോന്നായി പുറത്തേക്കു വരുന്നു. ആരോഗ്യ വകുപ്പിൽ കോവിഡ് കാലത്തെ മറയാക്കി നടന്ന അഴിമതിയുടെ വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രതിരോധത്തിലാക്കുന്നതാണ് ഉയർന്നിരിക്കുന്ന അഴിമതി ആരോപണം എങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇപ്പോൾ വിവാദമായ ഇടപാടിന് കൂടുതൽ താൽപ്പര്യമെടുത്തത്. അതുകൊണ്ട് തന്നെ ദുരന്ത സാഹചര്യത്തെയും മുതലെടുത്തുവെന്ന ചീത്തപ്പേരാണ് ഇപ്പോൾ സർക്കാറിനെതിരെ ഉയരുന്നത്.
കോവിഡ് കാലത്ത് വിപണിവിലയേക്കാൾ ഉയർന്ന തുകയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങി സർക്കാരിന് 10.23 കോടിയുടെ അധികച്ചെലവുണ്ടായതായാണ് എജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചട്ടവിരുദ്ധമായി മുഴുവൻതുക മുൻകൂർ നൽകി സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങിയെന്ന ആരോപണവും എ.ജി. ശരിവെച്ചു. കോവിഡ് കാലത്തെ ഇടപാടുകൾ സംബന്ധിച്ച കണ്ടെത്തലുകളിൽ സി.എ.ജി. ആരോഗ്യവകുപ്പിന്റെ വിശദീകരണം തേടിയിട്ടുണട്. വിശദീകരണം നൽകിയിട്ടില്ലെങ്കിലും മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ ശരിവെക്കുന്നതാണ് എ.ജി.യുടെ അന്തിമ റിപ്പോർട്ട്. ഇതോടെ ആരോഗ്യ വകുപ്പ് ഈ ആരോപണത്തിന് മറുപടി നല്‌കേണ്ട അവസ്ഥയിലാണ്.
2020 മാർച്ചിൽ സർക്കാർ നിശ്ചയിച്ചിരുന്ന 545 രൂപയെക്കാൾ 300 ശതമാനം അധികവിലയ്ക്കാണ് കിറ്റ് വാങ്ങിയത്. സർക്കാർ നിശ്ചയിച്ച വിലയോട് ഏകദേശം അടുത്ത തുകയ്ക്ക് നൽകാൻ നാലു കമ്പനികൾ തയ്യാറായിരുന്നു. അതിൽ മൂന്നു കമ്പനികൾ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സ്ഥിരം വിതരണക്കാരുമായിരുന്നു. എന്നാൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 1550 രൂപ നല്കിയാണ് അഞ്ചു സ്ഥാപനങ്ങളിൽനിന്നായി 2,56,000 കിറ്റുകൾ 24.18 കോടിക്ക് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) വാങ്ങിയത്. ഇതിലൂടെ 10.23 കോടിയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടായത്. സർക്കാർ നിശ്ചയിച്ചിരുന്ന വിലയ്ക്കാണെങ്കിൽ 13.95 കോടിമാത്രമായിരുന്നു ചെലവ്.
അടിയന്തിരസാഹചര്യം കണക്കിലെടുത്ത് 50 ശതമാനം തുക മുൻകൂർ നൽകി ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ സംസ്ഥാനതല ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ കമ്പനിയായ സാൻഫാർമയിൽനിന്ന് 15,000 പി.പി.ഇ. കിറ്റ് വാങ്ങാൻ അതിന്റെ മുഴുവൻ വിലയായ 2.32 കോടി മുൻകൂർ നൽകിയതും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
550 രൂപ നിരക്കിൽ 25,000 പി.പി.ഇ. കിറ്റ് നൽകാൻ ധാരണയിലെത്തിയിരുന്ന അനിത ടെക്സ്‌കോട്ടിന്റെ ഓർഡർ പകുതി വഴിക്ക് റദ്ദാക്കിയതായും കണ്ടെത്തി. 2020 മാർച്ച് 28 -ന് കമ്പനിക്ക് പർച്ചേസ് ഓർഡർ നല്കിയത് 15,000 കിറ്റുകൾക്ക് മാത്രമാണ്. ഓർഡർ ചെയ്തതിൽ പകുതിയോളം കിറ്റുകൾ 18 ദിവസത്തിനകം നൽകിയിട്ടും ഏപ്രിൽ 15-ന് അവരുടെ സപ്ലേ ഓർഡർ റദ്ദാക്കിയത് നിശ്ചിത സമയത്തിനുള്ളിൽ കിറ്റുകൾ നൽകിയില്ലെന്ന് കാരണം പറഞ്ഞാണ്.
ഇതിനായി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചിരുന്നില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന വിലയ്ക്ക് കിറ്റുകൾ നൽകിയ കമ്പനികൾ ഓർഡർ ലഭിച്ച് 23 -33 ദിവസം വരെ കഴിഞ്ഞാണ് വിതരണം ചെയ്തത്. കുറഞ്ഞവിലയ്ക്ക് കിറ്റ് നൽകാൻ തയ്യാറായിരുന്ന അനിത ടെക്സ്‌കോട്ടിന്റെ കരാർ റദ്ദാക്കിയതെന്തിനെന്ന് കോർപ്പറേഷൻ വ്യക്തമാക്കേണ്ടതുണ്ട്.
ഗ്ലൗസ് വാങ്ങുന്നതിനായി മുൻകൂർ നല്കിയ 1.02 കോടി അഗ്രത ഏവൺ എക്‌സിം എന്ന കമ്പനിയിൽനിന്ന് തിരിച്ചുപിടിച്ചിട്ടില്ലെന്നും കണ്ടെത്തി. ജൂൺ 11-ന് 50 ശതമാനം മുൻകൂർ തൂകയായ് 6.08 കോടി കമ്പനിക്ക് കൈമാറിയിരുന്നു. ജി.എസ്.ടി കൂടാതെ 10.85 നിരക്കിൽ ഒരു കോടി ഗ്ലൗസ് നൽകാമെന്നായിരുന്നു കരാറെങ്കിലും 2021 ജൂൺ 30 വരെ 41.60 ലക്ഷം ഗ്ലൗസ് മാത്രമാണ് നല്കിയിത്. 58.40 ലക്ഷം ഗ്ലൗസ് നൽകാനിരിക്കെ ജൂലായ് 7-ന് കരാർ കെ.എം.എസ്.സി.എൽ. റദ്ദാക്കി. കരാർ റദ്ദാക്കിയെങ്കിലും അധികമായി നല്കിയ 1.02 കോടി 2023 സെപ്റ്റംബർവരെ തിരികെ ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇപ്പോഴത്തെ എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുപോയാൽ അത് സർക്കാറിനെ കൂടുതൽ വെട്ടിലാക്കും.