കോഴിക്കോട്: സിപിഎമ്മുമായി ബന്ധപ്പെട്ട സമകാലീന ചർച്ചകളിലൊക്കെ വലിയ വിവാദം ആവാറുള്ള കാര്യമാണ്, വൺസൈഡ് നവോത്ഥാനവാദം എന്നത്. ഹിന്ദുമതത്തെയും ഹിന്ദുത്വയെയും വലിയ വായിൽ ആക്രമിക്കുന്ന സിപിഎം നേതാക്കൾ, പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ മൗനം പാലിക്കുകയും, പഞ്ചപുച്ഛമടക്കി നിൽക്കുന്നതുമാണ് നാം സാധാരണ കാണാറുള്ളത്്. എന്നാൽ ഇപ്പോഴിതാ അതിൽ നിന്നെല്ലാം ഒരു പടികൂടി മാറിക്കൊണ്ട് കൃത്യമായ മത പ്രീണനത്തിലേക്ക് നീങ്ങുകയാണ്, കേരളത്തിലെ ഏക സിപിഎം ലോക്സാഭാംഗവും, ആലപ്പുഴ എം പിയുമായ എ എം ആരിഫ്. ഇദ്ദേഹം മുജാഹിദ് സമ്മേളനത്തിനായി നൽകിയ ഒരു ആശംസാ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വിവാദമാവുന്നത്.

ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയായ ആരിഫ്, ഇവിടെ തനി മതവാദികളെപ്പോലെയാണ് സംസാരിക്കുന്നത്. സലാം ചൊല്ലലും, ഇൻഷാഅള്ളാ പ്രയോഗവും, അള്ളാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല എന്നുമൊക്കെ പറഞ്ഞ് ഒരു തികഞ്ഞ മതവാദിയേപ്പോലെ പറഞ്ഞാണ് ആരിഫ് ആശംസ നൽകുന്നത്. അത് മാത്രമല്ല കേരളത്തിലെ മുസ്ലീങ്ങളെ അങ്ങേയറ്റം പിറകോട്ട് കൊണ്ടുപോവാൻ യത്നിക്കുന്ന ഒരു വിഭാഗമാണ് മുജാഹിദുകൾ. കേരളത്തിലെ മുസ്ലിം സ്ത്രീകളെ പർദക്കുള്ളിലാക്കിയതിൽ ഇവർക്കുള്ള പങ്ക് പറയാതിരിക്കാൻ ആവില്ല. ആരെയും തോൽപ്പിക്കുന്ന വിദ്വേഷ പ്രസംഗമാണ് പല മുജാഹിദ് നേതാക്കളും നടത്താറുള്ളത്. അമ്പലത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിന് പണം കൊടുക്കുന്നതുപോലെ ആണെന്നും, സംഗീതം എന്നാൽ പച്ച വ്യഭിചാരം ആണെന്നും, മുസ്ലിം പെൺകുട്ടികൾ നൃത്തം ചെയ്യാൻ പാടില്ല എന്നൊക്കെ പ്രഖ്യാപിക്കുന്നവരാണ് ഈ മുജാഹിദ് 'പണ്ഡിതന്മാർ'. കേരളത്തിൽനിന്ന് നടന്ന ഐഎസ് റിക്രൂട്ട്മെന്റിലും പ്രമുഖരായ മുജാഹിദ് നേതാക്കൾ ആരോപണ വിധേയർ ആയി. ഈ പ്രസ്ഥാനത്തെയാണ് ആരിഫ് വെളുപ്പിച്ചെടുക്കുന്നത്.

വിവാദ ആശംസ ഇങ്ങനെ

എ എം ആരിഫ് എം പിയുടെ ആശംസയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വബ റകാത്തു, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താം സംസ്ഥാന സമ്മേളനം, ഇൻഷാ അള്ളാ, 2002 ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്ന്വരെ കോഴിക്കോട് നടക്കുകയാണ്. ഈ സമ്മേളനത്തിൽ നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം, എന്ന സന്ദേശം ഉയർത്തിയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ കാമ്പയിൻ നിശ്ചയിച്ചിട്ടുള്ളത്. തീർച്ചയായും ഇന്നത്തെ സാഹചര്യത്തിൽ വളരെ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ട, ഒരു വലിയ സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത്.

നമ്മൾ മതം എന്ന് പറയുന്നത് അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല, അള്ളാഹുവിനെയും റസൂലിനെയുമാണ്, നാം ഭയപ്പെടുന്നത്്, അതിൽ ഉപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല, എന്നതും അതോടൊപ്പം തന്നെ വ്യത്യസ്ത മതവിഭാഗങ്ങൾ ഒന്നിച്ച്, താമസിക്കുന്ന, വിശ്വാസികളും അവിശ്വാസികളുമെല്ലാം ഇടകലർന്ന് ജീവിക്കുന്ന ഈ സമൂഹത്തിൽ, മതേതരതരത്വമാണ്, നമ്മുടെ അഭിമാനം, രാജ്യത്തെ അഭിമാനം അതാണ്, അത് സംരക്ഷിക്കുക, എന്ന സന്ദേശമാണ് ഈ സമ്മേളനം മുന്നോട്ട് വെക്കുന്നത്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും, വിജയങ്ങളും നന്മകളും നേരുന്നു. തീരുമാനങ്ങൾ എല്ലാം സമൂഹത്തിന്റെ നന്മക്കായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ''- ഇതാണ് എം എം ആരിഫ് നൽകിയ ആശംസ.

രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പ്രമോദ് പുഴങ്കര ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വബ റകാത്തു, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താം സംസ്ഥാന സമ്മേളനം ഇൻഷാ അള്ളാ ...' എന്നിങ്ങനെയായി കേരളത്തിലെ ഏക സിപിഐ (എം) ലോക്സഭാംഗം, ഒരു തരി കനലെന്നൊക്കെ വിളിക്കപ്പെടുന്ന കക്ഷി ഒരു ഇസ്ലാമിക മതസംഘടനയുടെ സമ്മേളനത്തിന് ആശംസ നേരുകയാണ്. എല്ലാവിധ ഇസ്ലാമിക മതചേരുവകളും തന്റെ ആശംസയിൽ ചേർക്കാൻ ടിയാൻ കാണിച്ച മിടുക്ക് ശ്രദ്ധേയമാണ്. അള്ളാവിനെയല്ലാതെ മറ്റൊന്നിനു മുന്നിലും വഴങ്ങേണ്ടതില്ല എന്നൊക്കെയുള്ള വയളും മൂപ്പർ ആവർത്തിക്കുന്നു.

അതായത് സ്വാമിയേ ശരണമയ്യപ്പ എന്നോ ജയ് ശ്രീരാം ശ്രീരാമനല്ലാതെ വേറൊരു ദൈവമില്ല, ഹിന്ദുപോരാളി മഹാസമ്മേളനം ശ്രീരാമചന്ദ്രൻ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അതേ താളത്തിലാണ് ഇതും.കടുത്ത സ്ത്രീവിരുദ്ധതയുടെയും ജീർണ്ണ മതബോധത്തിന്റെയും പ്രചാരണവേദികളാണ് ഇവയൊക്കെ. ഇനിയിപ്പോൾ ഒരു മതേതര മുദ്രാവാക്യം കൂട്ടിവെച്ചതിന് ആശംസ പറയുകയാണെങ്കിൽ ഒരു സിപിഎം നേതാവും ജനപ്രതിനിധിയും ഇത്രയേറെ മതബദ്ധമായ രീതി ഉപയോഗിക്കുന്നത് ശരിയാണോ ? ഇതാണ് കനലെങ്കിൽ ഇത് ആളിക്കത്തിക്കുന്ന തീ എന്തായാലും തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെയോ മതേതര ജനാധിപത്യത്തിന്റേയോ അല്ല.

സിപിഐ (എം) നേതൃത്വത്തിന്റെ ഗണ്യമായ പങ്കും അന്തഃസാരശൂന്യരായ അധികാരപ്രമത്തരുടെ കൂട്ടമായി മാറുന്നതിന്റെ ഗതിവേഗം അസാമാന്യമാണ്. തൃക്കാക്കര വാമനന് കാഴ്ചക്കുല സമർപ്പിക്കുന്ന പുതുതലമുറ സൈദ്ധാന്തിക മന്ത്രി, ജ്യോതിഷത്തിലെ ശാസ്ത്രത്തിൽ മുങ്ങിനീരാടുന്ന സി സി അംഗവും മുന്മന്ത്രിയും, മുട്ടിറക്കലും പൊങ്കാലയും ഹോമവും പൂജയും നടന്നിരുന്ന പി ബി അംഗത്തിന്റെ വീട്, ഓർത്തഡോക്സ് പള്ളി വക മന്ത്രി അങ്ങനെയങ്ങനെ.ഇങ്ങനെയൊക്കെയല്ലെങ്കിൽ പിന്നെങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആന്തരിക ജീർണ്ണതയുടെ പ്രതിസന്ധി നേരിടുന്നത് ? ''- പ്രമോദ് പുഴങ്കര ചോദിക്കുന്നു.

സ്വതന്ത്രചിന്തകരായ നിരവധി സോഷ്യൽമീഡിയാ ആക്റ്റീവിസ്റ്റുകളും ആരിഫിനെതിരെ പ്രതികരിക്കുന്നുണ്ട്. സംഭവം ഇത്രയും വിവാദമായിട്ടും ആരിഫോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല.