- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വ്രതത്തിന്റ ഭാഗമായി മാല ധരിച്ചെത്തിയ വിദ്യാർത്ഥിയെ ക്ലാസിൽ കയറ്റിയില്ല ; ക്ലാസിലേക്ക് പ്രവേശിപ്പിക്കണമെങ്കിൽ മാല ഊരി മാറ്റണമെന്ന് ടീച്ചറുടെ ആവശ്യം ; ഹൈദരാബാദിൽ സ്‌കുളിലേക്ക് അയ്യപ്പ ഭക്തരുടെ മാർച്ചും പ്രതിഷേധവും; കറുത്ത വസ്ത്രവും ഭസ്മവും മാറ്റാൻ പറഞ്ഞതായും ആരോപണം
ഹൈദരാബാദ്: ശബരിമലയിൽ പോകാനായി മാല ധരിച്ച വിദ്യാർത്ഥിയെ ക്ലാസിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. ഹൈദരാബാദ് മോഹൻസ് സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥിയോട് അയ്യപ്പമാല അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്‌കൂളിൽ പ്രതിഷേധമുണ്ടായി. മാല ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ കയറ്റിയില്ലെന്നും മാല അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.
ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശബരിമല തീർത്ഥാടനത്തിന് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ധരിക്കുന്ന കറുത്ത വസ്ത്രവും തിലകവും നീക്കം ചെയ്യാനും ആവശ്യപ്പെട്ടതായി വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ആരോപിച്ചു. തുടർന്ന് സ്‌കൂളിൽ അയ്യപ്പ ഭക്തർ പ്രതിഷേധ പ്രകടനവുമായി എത്തി. മാലധരിച്ച വിദ്യാർത്ഥിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യമുയർന്നു.
നവംബർ 23 ന് മന്ദമാരിയിലെ സിംഗരേണി ഹൈസ്‌കൂളിലും പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയ്യപ്പ മാല ധരിച്ചതിന്റെ പേരിൽ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പ്രശ്‌നമുണ്ടായിരുന്നു. മാല ധരിച്ചതിനാൽ മകനെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു.
കർണാടകയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാത്തത് വിവാദമായിരുന്നു. തുടർന്ന് സുപ്രീം കോടതി വരെ വിഷയമെത്തി. യൂണിഫോം പാലിക്കാനായി സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് കോടതികൾ അടക്കം ഈ വിഷയത്തിൽ തീരുമാനമെടുത്തത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുകയായിരുന്നു. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്.
കേസ് വിശാല ബെഞ്ച് പരിഗണിക്കണോ, ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതിൽ ഇനി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ