തിരുവനന്തപുരം: രാജ്യസഭാ എംപിയും വ്യവസായിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുൾ വഹാബ് എംപിയുടെ മകനെ രാജ്യാന്തര വിമാനത്താവളത്തിൽ വിവസ്ത്രനാക്കി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് വിവാദമാകുന്നതിനിടെ 2008 ൽ പി.വി അബ്ദുൽ വഹാബ് എംപിയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ട സംഭവം വീണ്ടും ചർച്ചയാകുന്നു.

കോഴിക്കോട് വച്ച് ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ നിന്നുമാണ് അപമര്യാതയായി പെരുമാറിയെന്ന പേരിൽ അബ്ദുൾ വഹാബിനെ പൈലറ്റ് ഇറക്കി വിട്ടത്. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറാൻ വന്ന തന്നോട് പൈലറ്റ് അപമര്യാദയായി പെരുമാറിയെന്ന് അബ്ദുൾ വഹാബും പരാതിപ്പെട്ടിരുന്നു. തുടർന്ന് രാജ്യസഭ പ്രിവിലേജ് കമ്മിറ്റിക്കും അദ്ദേഹം പരാതി അയച്ചിരുന്നു.

ബഹ്റിൻ- ദോഹ- കാലിക്കറ്റ്-കൊച്ചി-ദോഹ ഐസി 998 ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ നിന്നാണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്. എന്നാൽ വിമാനത്തിലേക്ക് ചാർട്ട്ചെയ്ത സമയം വൈകിയെത്തിയ അബ്ദുൾ വഹാബ് എംപി അനുമതിയില്ലാതെ കോക്ക്പിറ്റിലേക്ക് കയറി ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് പൈലറ്റ് പരാതി നൽകിയത്.

വിമാനത്തിലെ നിയന്ത്രിതമേഖലയായ കോക്ക്പിറ്റിലേക്ക് എംപിയെത്തിയത് നിമയവിരുദ്ധമാണെന്നും വിഷയം ഗൗരവത്തിലെടുത്താൽ വിമാനത്തിൽ വിലക്കുൾപ്പെടെ വരാമെന്നും വിദഗ്ദ്ധർ ഈ സമയത്ത് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് പരാതി പിൻവലിച്ച് വഹാബ് നടപടിയിൽ നിന്നും തടിയൂരുകയായിരുന്നു.

അതേ സമയം മകനെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ വഹാബ് എംപി കേന്ദ്ര സർക്കാരിനു പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കസ്റ്റംസ് കമീഷണർക്ക് നൽകിയ പരാതിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മകന് താടി ഉണ്ടായിരുന്നതുകൊണ്ടാണോ എംപിയുടെ മകനാണ് എന്നറിഞ്ഞിട്ടും വസ്ത്രമുരിഞ്ഞ് പരിശോധിച്ചതെന്ന് വഹാബ് ചോദിച്ചു. കേരളപ്പിറവി ദിനത്തിൽ ശ്രീകാന്ത് എന്ന സുഹൃത്തിന്റെ വിവാഹത്തിനായി വിദേശത്ത് പോയി വന്നപ്പോഴാണ് അബ്ദുൽ വഹാബ് എംപിയുടെ മകൻ ജാവിദ് അബ്ദുൽ വഹാബിനെ കസ്റ്റംസ് വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

സംഭവത്തിൽ കസ്റ്റംസിനെതിരെ വലിയ വിമർശനമാണ് എംപി നടത്തിയത്. സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകും, കംപ്യൂട്ടറിൽ ചിലപ്പോ വന്നിട്ടുണ്ടാകും. മകന് കുറച്ച് താടിയുണ്ട്, ചിലപ്പോ അതുകൊണ്ടാകാം. പക്ഷേ മകന്റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ പ്രൊഫൈൽ ഒന്ന് നോക്കാവുന്നതായിരുന്നു. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ട് ഒന്നുകൂടി ചെക്ക് ചെയ്തുവെന്നും അബ്ദുൽ വഹാബ് ആരോപിച്ചു.

എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും, മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തിയെന്നും വഹാബ് പറയുന്നു. ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് എക്സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോയത്.

എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എക്സറേ പരിശോധനയിലും ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ജാവിദിനെ വിട്ടയച്ചു. അതേസമയം ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായതുകൊണ്ടാണ് ജാവിദ് അബ്ദുൽ വഹാബിനെ പരിശോധിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്.

എന്നാൽ ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേരളപ്പിറവി ദിനത്തിൽ ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയതായിരുന്നു അബ്ദുൾ വഹാബ് എംപിയുടെ മകൻ. കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണ്ണ കടത്ത് വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് രണ്ടും കൽപ്പിച്ച് പരിശോധിച്ചത്. കോഴിക്കോട്ടെ യാത്രക്കാരനാണെന്ന് തിരിച്ചറിഞ്ഞ് തിരുവനന്തപുരത്ത് ശക്തമായ പരിശോധന നടത്തി.

താൻ എംപിയുടെ മകനാണെന്നും പറഞ്ഞെങ്കിലും അധികൃതർ വിശ്വസിച്ചില്ല. തടഞ്ഞുവച്ച വിവരം യാത്രക്കാരൻ ബന്ധുക്കളെ അറിയിച്ചതോടെ അവർ കസ്റ്റംസുകാരോടു സംസാരിച്ചു. അതിനിടെ സ്വർണം തേടിയുള്ള ദേഹപരിശോധന ഏറെക്കുറെ പൂർത്തിയായിരുന്നു. തുടർന്നു ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്‌സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു.

വൻ വ്യവസായിയുമാണ് പി. വി. അബ്ദുൽ വഹാബ്. 130കോടിയുടെ ആസ്തിയുള്ള വിദേശ ബിസ്സിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയണ് മുസ്ലിം ലീഗ് നേതാവ്. കേരളത്തിൽ ഇൻഡസ് മോട്ടോഴ്‌സ് അടക്കം പല സ്ഥാപനങ്ങളും വഹാബിന്റേതായുണ്ട്. ആരോ ഒരാൾ കസ്റ്റംസിന് തെറ്റായ വിവരം നൽകിയതാണെന്നും സൂചനയുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ വഹാബിന്റെ മകനെ പിടികൂടുന്നതും വിവസ്ത്രനാക്കുന്നതും വിട്ടയയ്ക്കുന്നതും.

കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണം കുഴമ്പു രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടു വരുന്ന രീതിയ സജീവമാണ്. കസ്റ്റംസും കള്ളക്കടത്തുകാരും തമ്മിൽ ഒത്തുകളികൾ നടക്കുന്നുണ്ടെന്ന വിവാദവും സജീവമാണ്. അടുത്ത കാലത്ത് കസ്റ്റംസിനെ മറികടന്ന് പുറത്തെത്തുന്നവരിൽ നിന്ന് കേരളാ പൊലീസ് സ്വർണം പിടിച്ചിരുന്നു. ഇതോടെ കോഴിക്കോട്ടെ കടത്തുകാർ തിരുവനന്തപുരം വിമാനത്താവളത്തിൽ സജീവമാകുന്നുവെന്ന സൂചന കിട്ടി. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികൾ കൂടുതൽ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്. ഇതിന്റെ ഇരയാണ് അബ്ദുൾ വഹാബിന്റേയും മകൻ.