- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒപ്പം നിന്ന എല്ലാവർക്കും നന്ദി'; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പിക്കരഞ്ഞ് അബിഗേലിന്റെ അമ്മ സിജി; 'എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ'യെന്ന് ജോനാഥൻ; മാലാഖ വീട്ടിലേക്ക് വരുന്നത് കാത്തിരുന്നു കുടുംബവും നാട്ടുകാരും
കൊല്ലം: മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പിക്കരഞ്ഞ് അബിഗേലിന്റെ അമ്മ സിജി. 'എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു അബിഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്.
'കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാർത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി.' സിജി പറഞ്ഞു. തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയുടെ മുൾമുനയിൽ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം. 20 മണിക്കൂറിലെ കണ്ണീരിനപ്പുറം ഓയൂരിലെ റെജിയുടെ വീട്ടിലിപ്പോൾ നിറയുന്നത് സന്തോഷാശ്രുവാണ്.
കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു. ഇപ്പോൾ എആർ ക്യാംപിൽ കഴിയുന്ന കുഞ്ഞിനെ കുറച്ചു സമയങ്ങൾക്കകം വീട്ടിലെത്തിക്കും. അമ്മ സിജിയുമായും വീട്ടുകാരുമായും അബിഗേൽ വീഡിയോ കോളിൽ സംസാരിച്ചു.
ഇനി എത്രയുംവേഗം അബിഗേലുമായി പൊലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. തിങ്കളാഴ്ച വൈകിട്ട് ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ അക്രമിസംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം.
ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേൽ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ പിങ്ക് പൊലീസിനെയും കൊല്ലം ഈസ്റ്റ് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ