- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ പീഡിപ്പിച്ച് കേസായപ്പോൾ കൂടെത്താമസിപ്പിച്ചു; കേസ് വകവയ്ക്കാതെ പിന്നെയും പീഡനം; അരുവിക്കരയിലെ രണ്ടു കേസിലെ പ്രതി ഷെറി എസ് രാജ്; യുവതിയെ ഗർഭിണിയാക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത റെജി ഡേവിഡ്; പീഡനക്കേസ് പുഷ്പം പോലെ ഒതുക്കിയ സിഐ അഭിലാഷ് ഡേവിഡ്; തൊപ്പി തെറിച്ച പൊലീസ് ക്രിമിനലുകളുടെ കഥ
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് കേസായപ്പോൾ കൂടെത്താമസിപ്പിച്ചു. കേസ് വകവയ്ക്കാതെ പിന്നെയും പീഡനം. സമൂഹത്തിന് മാതൃകയാവേണ്ട ഒരു പൊലീസുകാരനാണ് ഈ കേസുകളിലെ പ്രതി. ഏറെക്കാലം സംരക്ഷിച്ചെങ്കിലും കോടതിയിൽ കുറ്റപത്രം നൽകിയതിനു പിന്നാലെ 2 പീഡനക്കേസുകളിൽ പ്രതിയായ നന്ദാവനം എ.ആർ. ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ്. രാജിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടു.
ഇയാളടക്കം 2 പീഡനക്കേസ് പ്രതികളും പീഡനക്കേസ് പുഷ്പം പോലെ ഒതുക്കിയ ഒരു സിഐയുമാണ് സേനയ്ക്ക് പുറത്തായത്. 15തവണ പെരുമാറ്റദൂഷ്യത്തിന് വകുപ്പുതല നടപടിക്ക് ശിക്ഷിക്കപ്പെടുകയും മൂന്നുവട്ടം സസ്പെൻഷനിലാവുകയും പീഡനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയും ആറ് ബലാത്സംഗക്കേസുകളിൽ പ്രതിയാവുകയും ചെയ്ത ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടറായിരുന്ന പി.ആർ.സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെയാണ് ലൈംഗിക പീഡനക്കേസുകളുമായി ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥരെക്കൂടി പുറത്താക്കിയത്.
റെയിൽവേ പൊലീസിലെ സിഐ അഭിലാഷ് ഡേവിഡ്, നന്ദാവനം എ.ആർ. ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ്. രാജ്, തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഗുണ്ടാ, റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള തലസ്ഥാനത്തെ ഡിവൈ.എസ്‌പിമാരായ കെ.ജെ.ജോൺസൺ (ക്രൈം ഡിറ്റാച്ച്മെന്റ്, തിരുവനന്തപുരം റൂറൽ), എം.പ്രസാദ് (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1, വിജിലൻസ്) എന്നിവരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് അൽപ്പം മുൻപ് പിരിച്ചുവിടൽ ഉത്തരവിറങ്ങിയത്.
അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയാണ് പിരിച്ചുവിട്ട ഷെറി എസ്. രാജ്. യുവതിയെ പീഡിപ്പിച്ച ശേഷം കൂടെത്താമസപ്പിക്കുകയും പിന്നീട് തുടർച്ചയായി മർദ്ദിക്കുകയും ചെയ്തതിന് ഷെറിക്കെതിരേ അരുവിക്കര പൊലീസ് രണ്ട് കേസുകളെടുത്തിരുന്നു. ഈ കേസുകളിൽ ഷെറി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം നൽകി.
വയോധികയെ മർദ്ദിച്ച കേസും ഇയാൾക്കെതിരെയുണ്ട്. മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലെ പ്രതിയാണ് പിരിച്ചുവിട്ട റെജി ഡേവിഡ്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, അവർ ഗർഭിണിയാണെന്നറിഞ്ഞ ശേഷം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു. പരാതിയായപ്പോൾ വിവാഹ വാഗ്ദാനം നൽകി പരാതി ഒതുക്കുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഗുരുതരമായ സ്വഭാവദൂഷ്യമെന്ന് വിലയിരുത്തിയാണ് റെജി ഡേവിഡിനെ പിരിച്ചുവിട്ടത്.
ഗുണ്ടാ, റിയൽഎസ്റ്റേറ്റ് മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സേനയുടെയാകെ പ്രതിച്ഛായ നശിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞദിവസം ഡി.ജി.പി സസ്പെൻഡ് ചെയ്ത സിഐ അഭിലാഷ് ഡേവിഡാണ് പിരിച്ചുവിടപ്പെട്ട മൂന്നാമൻ. ഇദ്ദേഹം ശ്രീകാര്യം സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതിനാണ് നടപടി. പ്രതിയെ രക്ഷിക്കുന്ന തരത്തിൽ കേസ് അട്ടിമറിച്ചെന്ന് കണ്ടെത്തിയാണ് നടപടി.
ഗുണ്ടാനേതാക്കൾ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ പരിഹരിക്കാൻ അഭിലാഷ് ഡേവിഡ് മദ്ധ്യസ്ഥത വഹിച്ചെന്നും ഗുണ്ടകൾക്ക് വിവരം ചോർത്തിയെന്നുമടക്കം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാ, മാഫിയാ ബന്ധത്തിന്റെ പേരിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, മംഗലപുരം എസ്.എച്ച്.ഒ എസ്.എൽ.സജീഷ്, ചേരാനല്ലൂർ എസ്.എച്ച്.ഒ വിപിൻകുമാർ, തിരുവല്ലം എസ്‌ഐ സതീഷ് കുമാർ എന്നിവരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്