പത്തനംതിട്ട: പെരിനാട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലിരിക്കേ മരിച്ച അഭിരാമിയെ കടിച്ചത് വളർത്തുനായയെന്ന് അമ്മ രജനി പറയുമ്പോൾ ഗൗരവം കൂടുന്നു. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയുടെ കഴുത്തിൽ ബെൽറ്റും തുടലുമുണ്ടായിരുന്നു. ഈ നായയെ കണ്ടെത്താനായിട്ടില്ല. രജനിയുടെ ദേഹത്ത് കയറി ഇരുന്നായിരുന്നു ആക്രമണം. പട്ടിയെ ചവിട്ടി വീഴ്‌ത്തിയെങ്കിലും വെറുതെ വിട്ടില്ല. മുറിവുകൾ മാരകമായിരുന്നു. കുട്ടിയെ എത്തിച്ചപ്പോൾ പെരിനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയി. അവിടെ എത്തിച്ചപ്പോൾ കുട്ടിയുടെ മുറിവ് കഴുകിയത് പിതാവാണ്. പരിക്കിന്റെ ഗൗരവം ഡോക്ടർ തിരിച്ചറിഞ്ഞെല്ലെന്നും കുടംബം ആരോപിച്ചു. ആരോഗ്യ വകുപ്പും ഇതോടെ പ്രതിക്കൂട്ടിലാണ്. ഈ കുട്ടിയുടെ ജീവനെടുത്തത് അനാസ്ഥയാണ്.

സോപ്പ് വങ്ങിച്ചുകൊണ്ട് വന്ന് ഞങ്ങൾ തന്നെയാണ് കുഞ്ഞിനെ കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി പറഞ്ഞത്. പക്ഷേ, കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. ആണുബാധയേൽക്കാൻ സാധ്യതയുണ്ടായിരുന്നങ്കിൽ അവർ എന്തുകൊണ്ട് റഫർ ചെയ്തില്ല. കുഞ്ഞ് പറയുന്നത് തെരുവ് നായ അല്ലെന്നാണ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ അല്ല. കഴുത്തിൽ ബെൽറ്റുണ്ട്, തുടലുണ്ട്. ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ അലഞ്ഞു തിരിഞ്ഞ് നടക്കില്ലല്ലോ ആരുടേയോ വീട്ടിൽ വൈറസ് ബാധിച്ച നായയെ ഇറക്കി വിട്ടതാണ് - കുട്ടിയുടെ അമ്മ പറഞ്ഞു. ഇതാണ് കേരളം നേരിടുന്ന പ്രശ്‌നവും. പട്ടിക്ക് പേ പിടിക്കുമ്പോൾ തുറന്നു വിടുന്നു. ഇതാണ് തെരുവ് നായക്കൾക്കും പ്രശ്‌നമാകുന്നത്.

ഓഗസ്റ്റ് 13-നാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. കണ്ണിന് സമീപത്തും കഴുത്തിലും തോളിലുമടക്കം എട്ടിടത്ത് കടിയേറ്റു. ഉടൻ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിലും അവിടെനിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലുമെത്തിച്ചു. ആദ്യഡോസ് വാക്സിനും മാരകമായ മുറിവുള്ളപ്പോൾ എടുക്കേണ്ട ഇമ്യുണോ ഗ്ലോബുലിനും നൽകി. ജനറൽ ആശുപത്രിയിൽ രണ്ടുദിവസം കിടത്തിച്ചികിത്സ നൽകി വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യനില മോശമായി കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. പ്രത്യേക മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. അഭിരാമിയുടെ തലച്ചോറിൽ വൈറസ് രൂക്ഷമായി ബാധിച്ചെന്നാണ് ആശുപത്രിയധികൃതർ നൽകുന്ന വിവരം.

കണ്ണിനോടുചേർന്ന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അതുവഴി വൈറസ് വളരെ വേഗം തലച്ചോറിലെത്തിയതാകാം. കടിയേറ്റ ഉടൻ വാക്സിൻ എടുത്തെങ്കിലും അതിനുമുമ്പുതന്നെ വൈറസ് തലച്ചോറിലേക്ക് കടന്നാൽ ചികിത്സകൾ ഫലിക്കണമെന്നില്ലെന്നാണഅ വിശദീകരണം. അഭിരാമിക്കു ചികിത്സ നൽകുന്നതിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നു പരാതി ഉയരുമ്പോഴാണ് ഈ വിശദീകരണം എത്തുന്നത്. മുറിവ് കഴുകി വൃത്തിയാക്കാൻ ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ല. അലക്കു സോപ്പ് വാങ്ങാൻ ഞങ്ങൾ കടയിലേക്ക് ഓടേണ്ടിവന്നു. സോപ്പുമായി എത്തിയപ്പോൾ ഡോക്ടർ നഴ്‌സിനോടു മുറിവ് വൃത്തിയാക്കാൻ പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മയും അച്ഛനും പറയുന്നു.

എന്നാൽ, നഴ്‌സ് അറ്റൻഡറോടും അറ്റൻഡർ ഞങ്ങളോടും മുറിവ് വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളാണ് ഒടുവിൽ അതു ചെയ്തത്. കണ്ണിന്റെ താഴെയുള്ള മുറിവ് എങ്ങനെ കഴുകണമെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിനെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഇവിടെ മതിയായ ചികിത്സ ലഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.  സ്രവ പരിശോധനയ്ക്കായി പുണെയിലേക്ക് സാംപിൾ അയയ്ക്കാൻ 3 പോസ്റ്റ് ഓഫിസുകളിൽ കയറിയിറങ്ങി. പിന്നീട് മെഡിക്കൽ കോളജിൽനിന്നു വിളിച്ചു സ്രവം തിരികെക്കൊണ്ടുവരാൻ പറഞ്ഞു. അതിനുശേഷമാണു കുട്ടികളുടെ ആശുപത്രിയിൽനിന്ന് സ്രവം അയച്ചത്. പരിശോധനാ ഫലം ലഭിക്കാതെ കുഞ്ഞിന് കൂടുതൽ ചികിത്സ നൽകാനാകില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു'-അവർ പറയുന്നു.

അഭിരാമിയുടെ സംസ്‌കാരം ഇന്നു നടക്കും. രാവിലെ 7.30ന് റാന്നി മാർത്തോമ്മാ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകും. 11.30ന് വീട്ടുവളപ്പിൽ സംസ്‌കാരം.