- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാൻ മിടുമിടുക്കി; പ്ലസ് ടുവിന് നേടിയത് മികച്ച വിജയം; ആ ജപ്തി ബോർഡ് അഭിരാമിക്ക് താങ്ങാൻ ആവുന്നതിലും അപ്പുറമായിരുന്നു; ആ അച്ഛൻ വീടുവച്ചത് മകൾക്ക് ആത്മഹത്യ ചെയ്യാനെന്ന പോലെയായി; അസുഖങ്ങളും അപകടങ്ങളും തളർത്തിയപ്പോൾ തിരിച്ചടവ് മുടങ്ങി; കേരളാ ബാങ്ക് മനസാക്ഷി കാട്ടിയതുമില്ല; അഭിരാമിയും മനുഷ്യത്വം ഇല്ലായ്മയുടെ രക്തസാക്ഷി
കൊല്ലം: വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്. കേരള സർക്കാരിന് കീഴിലെ ബാങ്കാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. നോട്ടീസ് മാറ്റണമെന്ന് അച്ഛനോട് അഭിരാമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമ പ്രശ്നങ്ങൾ പറഞ്ഞ് അച്ഛൻ അതിലെ ബുദ്ധിമുട്ട് അറിയിച്ചു. അതിന് ശേഷമായിരുന്നു ആത്മഹത്യ.
ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയപ്പ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അഭിരാമി. കോളജിൽനിന്ന് മടങ്ങി വൈകിട്ട് 4.30ന് വീട്ടിലെത്തിയപ്പോഴാണ് ജപ്തി നോട്ടിസ് കണ്ടത്. ഇതിനുപിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. നോട്ടിസ് പതിക്കാനായി ബാങ്ക് അധികൃതർ എത്തിയപ്പോൾ അഭിരാമിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും മരണ വീട്ടിലായിരുന്നു. സാവകാശം നൽകണമെന്നു സമീപവാസികൾ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നോട്ടിസ് പതിച്ചു പോവുകയായിരുന്നു.
ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു അഭിരാമി. പഠനത്തിൽ മിടുക്കി. കേരള ബാങ്ക് പതാരം ശാഖയിൽനിന്ന് 2019-ൽ അജികുമാർ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണി, അച്ഛന്റെയും ഭാര്യയുടെയും ചികിത്സ എന്നിവകൊണ്ടുണ്ടായ മുൻബാധ്യതകൾ വീട്ടുന്നതിനായിരുന്നു വായ്പയെടുത്തത്. വിദേശത്തായിരുന്ന അജികുമാർ കോവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് ഉദ്യോഗസ്ഥരെത്തി വീടിനുമുന്നിൽ ജപ്തി ബോർഡ് സ്ഥാപിക്കുകയായിരുന്നു. വിവരം അന്വേഷിക്കാനായി അജികുമാറും ഭാര്യയും ബാങ്ക് ശാഖയിലേക്ക് പോയതിനു പിന്നാലെ മുറിയിൽ കയറി അഭിരാമി ജീവനൊടുക്കുകയായിരുന്നു.
പഠിക്കാൻ മിടുക്കിയായിരുന്നു, നല്ലസ്വഭാവവും. പതാരം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മികച്ചവിജയം നേടിയശേഷമാണ് ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിൽ കംപ്യൂട്ടർ സയൻസ് ബിരുദത്തിന് ചേർന്നത്. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. തിങ്കളാഴ്ചയും അഭിരാമി കോളേജിൽ പോയിരുന്നു. ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്ച രാത്രി വീട്ടിൽ വന്നതാണ്. ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിലുള്ള മരണവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ ജപ്തിനോട്ടീസ് കണ്ടത്. ഇത് ബന്ധുക്കളും നാട്ടുകാരുമൊക്കെ കണ്ടാൽ നാണക്കേടാകുമെന്നത് കുട്ടിയെ വല്ലാതെ ഉലച്ചിരുന്നു. അത് നാട്ടുകാരുടെ കിങ്ങിണിയെ തളർത്തി. അത് ആത്മഹത്യയുമായി.
അപ്പൂപ്പൻ ശശിധരൻ ആചാരിയും അമ്മുമ്മ ശാന്തമ്മയും വിളിച്ചിട്ടും കതക് തുറന്നില്ല. അയൽക്കാരെത്തി കതക് ചവിട്ടിത്തുറന്നപ്പോൾ ജന്നൽക്കമ്പിയിൽ ഷാൾ കുരുക്കി തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതിനിടെ ആദ്യത്തെ പ്രതീകാത്മക നടപടിയുടെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചതെന്നും അല്ലാതെ ജപ്തിചെയ്യുന്നതിനുവേണ്ടിയല്ലെന്നും കേരള ബാങ്ക് അധികൃതർ പറഞ്ഞു. കുടിശ്ശിക വരുത്തിയ മറ്റുവീടുകളിലും ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മകൾക്ക് മരിക്കാൻ വേണ്ടിയാണ് ഞാൻ വീടുണ്ടാക്കിയതെന്ന ചോദ്യമാണ് ഈ അച്ഛൻ ഇന്ന് ഉയർത്തുന്നത്.
'എങ്കിൽ പപ്പാ, ഒരു തുണികൊണ്ട് ആ ബോർഡ് ഒന്ന് മറയ്ക്കാമോ...' എന്നായി മകൾ. അച്ഛനും അമ്മയുംകൂടി ബാങ്കിൽ പോയി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും ബാങ്കിൽ പോയതിനുപിന്നാലെ അവൾ മുറിയിൽക്കയറി കതകടച്ചു. അപ്പൂപ്പൻ ശശിധരൻ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോൾ ശാന്തമ്മ ഉച്ചത്തിൽ വിളിച്ചുകരഞ്ഞു. അയൽവാസി ഷാജിഷാ മൻസിലിൽ ഷാജിയടക്കം ഒട്ടേറെപ്പേർ ഓടിയെത്തി. ഒടുവിൽ ഷാജി കതക് ചവിട്ടിത്തുറന്നു. ജന്നൽക്കമ്പിയിൽ ചുരിദാർ ഷാളിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. അറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ നഷ്ടമായിരുന്നു.
'ബന്ധുക്കളാരെങ്കിലും വന്ന് ആ ബോർഡ് കണ്ടാലോ എന്ന ഭയമായിരുന്നു എന്റെ കുഞ്ഞിന്. ഞാനാ ബോർഡ് എടുത്തുമാറ്റിയാൽ മതിയായിരുന്നു. എങ്കിൽ ഐന്റ മോൾ പോകില്ലായിരുന്നു'- അജയകുമാർ വിതുമ്പി. വീട്ടിലാണെങ്കിൽ മോളൊഴികെ എല്ലാവർക്കും ഓരോ അസുഖവും അപകടവുമൊക്കെയായി കടഭാരം കൂടി. ശശിധരൻ ആചാരി നല്ലൊരു ക്ഷീരകർഷകനായിരുന്നു. എന്നാൽ പാൽകൊടുത്തു വരുംവഴി അപകടത്തിൽപ്പെട്ട് കിടപ്പിലായി. അമ്മ ശാലിനിക്കും തലച്ചോറിലെ രക്തസ്രാവത്തിന്റെ പ്രശ്നമുണ്ടായി ചികിത്സിക്കേണ്ടിവന്നു. ഇതാണ് പ്രതിസന്ധിയായത്. ജാതിമതഭേദമില്ലാതെ എല്ലാവരും വളരെ സഹകരണത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ജപ്തി ബോർഡ് തൂക്കാൻ വന്ന ഉദ്യോഗസ്ഥരോട് അയൽവാസികൾതന്നെ വിവരിച്ചതാണ്, ആ വീട്ടിലെ സാഹചര്യങ്ങളെല്ലാം.
മറുനാടന് മലയാളി ബ്യൂറോ