തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്കോട്ട പുളിയിറക്കു സമീപം റെയിൽവേ ട്രാക്കിലേക്ക് ലോറിമറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം ഉണ്ടായെങ്കിലും ഒഴിഞ്ഞത് വൻ ദുരന്തം. നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് വിരകയായിരുന്ന ആറ്റുകാൽ സ്‌പെഷ്യൽ ട്രെയിൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിന് കാരണം ഈ വൃദ്ധ ദമ്പതികളുടെ കരുതലും ഇടപെടലും.

ആര്യങ്കാവ് കോട്ടവാസൽ ഭാഗത്തുള്ള എസ് വളവിറങ്ങുന്നതിനിടയിൽ നിയന്ത്രണംവിട്ട ലോറി 50 അടിയോളം താഴ്ചയിലുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. ഇതേസമയത്ത് ചെങ്കോട്ടയിൽ നിന്നുള്ള ആറ്റുകാൽ സ്‌പെഷ്യൽ ട്രെയിൻ വരികയും ചെയ്തു. തുടർന്ന്, പ്രദേശവാസികളായ ഷണ്മുഖവും ഭാര്യയും ചേർന്ന് ടോർച്ച് ലൈറ്റ് തെളിച്ച് മുന്നറിയിപ്പ് നൽകി ട്രെയിൻ നിർത്തിച്ചു. ഇവരുടെ ഇടപെടൽ മൂലമാണ് വൻ ദുരന്തമൊഴിവായത്. ഈ ഇടപെടലാണ് ദുരന്തത്തിൽ മരണം ഡ്രൈവറിലേക്ക് ചുരുക്കിയത്.

തമിഴ്‌നാട് സ്വദേശി മണികണ്ഠൻ (34) ആണ് മരിച്ചത്. കേരളത്തിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് കയറ്റിപ്പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മണികണ്ഠമൊപ്പമുണ്ടായിരുന്ന സഹായി പെരുമാൾ (28) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 6.30-ഓടെ ലോറി പൂർണമായും ട്രാക്കിൽ നിന്നും നീക്കംചെയ്ത് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. അതിവേഗ രക്ഷാപ്രവർത്തനാണ് റെയിൽവേ നടത്തിയത്. ലോറി മറിഞ്ഞത് അറിയാതെ ട്രെയിൻ പാഞ്ഞെത്തിയിരുന്നുവെങ്കിൽ ദുരന്തം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആകുമായിരുന്നു.

50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കാണ് അർദ്ധരാത്രിയോടെ ലോറി വീണത്. വീഴ്ചയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു. മൂന്ന് കഷ്ണങ്ങളായാണ് ഡ്രൈവർ മണിയുടെ മൃതദേഹം ലഭിച്ചത്. അപകടത്തെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള സ്‌പെഷ്യൽ ട്രെയിൻ റദ്ദാക്കുകയും ചെയ്തു. ട്രെയിൻ വരുന്നതിന് 10 മിനിറ്റ് മുൻപാണ് അപകടമുണ്ടായത്.

അപകട സിഗ്‌നൽ നൽകി ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കൊല്ലം ചെങ്കോട്ട പാതയിൽ ഗതാഗതം പുനഃരാരംഭിച്ചത്. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് ഒരു ലോറി പാളത്തിലേക്ക് പതിച്ചിരുന്നു. എന്നാൽ അന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.