- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിവേണി സംഗമത്തിൽ കുളിക്കുന്നതിനിടെ മക്കൾ ഒഴുക്കിൽ പെട്ടു; മക്കളെ രക്ഷിക്കാൻ നീന്തിയടുക്കുന്നതിനിടെ അച്ഛന്മാർ മുങ്ങിത്താണു; രക്ഷാപ്രവർത്തകർ എത്തും മുമ്പേ ഇരുവർക്കും ദാരുണാന്ത്യം; സംസ്‌കാരം നാളെ
മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മക്കളെ രക്ഷിക്കുന്നതിനിടെ അച്ഛന്മാർ ഒഴുക്കിൽപ്പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു(53), സന്തോഷ് ഭവനിൽ സന്തോഷ്(54) എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളത്തെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി നോക്കിയിരുന്നത്.
എറണാകുളത്തേക്ക് മടങ്ങുന്നതിനുള്ള ഒരുക്കത്തിനിടെയാണ് ബിജുവും മക്കളായ പ്ലസ് വൺ വിദ്യാർത്ഥി സച്ചിനും ആറാം ക്ലാസ് വിദ്യാർത്ഥി സഞ്ചുവും ചേർന്ന് സന്തോഷിനും മകൻ ഒമ്പത് വയസുകാരൻ അഭിഷേകിനുമൊപ്പം ത്രിവേണി സംഗമത്തിൽ കുളിക്കാനെത്തിയത്.
ഇവിടെയെത്തിയ അഞ്ചംഗ സംഘം കുളിക്കുന്നതിനിടെ കുട്ടികൾ മൂന്ന് പേരും ഒഴുക്കിൽപ്പെട്ട് തൊട്ടടുത്തുള്ള ബിയർ കെട്ട് എന്ന ഭാഗത്തേക്ക് പോയി. ഇതോടെ രക്ഷിതാക്കളായ ബിജുവും സന്തോഷും ഇവരെ രക്ഷിക്കുന്നതിനായി മക്കളുടെ അടുത്തേയ്ക്ക്
നീന്തിയെത്തി.
മക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങി താഴ്ന്നു. ഇത് കണ്ട് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ പിടിച്ചും തുഴഞ്ഞും നിന്നതിനാൽ കുട്ടികൾ മുങ്ങി താഴ്ന്നില്ല. കുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രണ്ടുപേർ വെള്ളത്തിൽ താഴ്ന്നുപോയ വിവരം രക്ഷാപ്രവർത്തകർക്ക് മനസിലായത്.
വൈകാതെ ബിജുവിനേയും സന്തോഷിനേയും പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നും വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറം തള്ളുന്ന വെള്ളം ഒഴുകിയെത്തുന്ന ഭാഗമാണ് ത്രിവേണി സംഗമം. ഇവിടേക്ക് അപകട സമയം കൂടുതൽ വെള്ളം ഒഴുകിയെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന പരാതിയുണ്ട്. എന്നാൽ സാധാരണ തോതിലുള്ള ഉത്പാദനം മാത്രമാണ് നടക്കുന്നതെന്നും ഇന്നലെ രാവിലെ മുതൽ ഉത്പാദനം കുറച്ചിരുന്നതായും മൂലമറ്റം പവർ ഹൗസിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വ്യക്തമാക്കി..
മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് ഇരുവരുടേയും വിട്ടുവളപ്പിൽ നടക്കും.
സന്തോഷിന്റെ ഭാര്യ: ആശ. മക്കൾ: അഭിഷേക്, ദേവപ്രിയ. ബിജുവിന്റെ ഭാര്യ: ജിസ. മക്കൾ: സഞ്ചു, സച്ചിൻ. സന്തോഷ് ബിജെപി എകെജി നഗർ ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ്. ബിജു ജോലി സംബന്ധമായി എറണാകുളത്താണ് കുടുബസമേതം താമസം. ഇന്ന് തിരിച്ച് എറണാകുളത്തിന് പോകാനിരിക്കെയാണ് അപകടം.
മറുനാടന്‍ മലയാളി ലേഖകന്.