ബേക്കൽ: കാസർകോട് പള്ളിക്കരയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണതാകാമെന്നാണ് നിഗമനം. വയനാട് കൽപ്പറ്റ കാവുംമന്ദം മഞ്ജുമലയിൽ വീട്ടിൽ എ.വി.ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്.

കാസർകോട് പള്ളിക്കര മാസ്തിഗുഡ്ഡ റെയിൽവേ ഗേറ്റിൽ നിന്നും 200 മീറ്റർ മാറി യുവതിയെ പാളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് ശേഷമാണ് അപകടം നടന്നത്. നേത്രാവതി എക്സപ്രസ് ഈ വഴി കടന്ന് പോയ ശേഷം തീവണ്ടിയിൽ നിന്നും ഒരാൾ വീണിട്ടുണ്ടെന്ന് കാസർകോട് റെയിൽവേ പൊലീസ് രാത്രി 10 മണിയോടെ ബേക്കൽ പൊലീസിനെ അറിയിച്ചിരുന്നു.

തുടർന്ന് എസ്‌ഐ. കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിലായിരുന്ന യുവതിയെ കണ്ടെത്തിയത്. തലയ്ക്കും മുഖത്തിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഐശ്വര്യയെ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതിയെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്നും ലഭിച്ച ഹാന്റ്ബാഗും പഴ്‌സും പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ഒരു സ്ഥാപനത്തിൽ എച്ച്.ആർ.മാനേജർ ആയി ജോലി ചെയ്യുകയാണ് ഐശ്വര്യ. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മഞ്ചുമലയിൽ എ.വി. ജോസഫ്(ജോയി)യുടേയും മോളിയുടേയും മകളാണ്. സഹോദരി: അക്സ