- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോർട്ട് എഴുതി നൽകിയെന്ന് പറഞ്ഞത് ദിവാകരൻ; വേണ്ടത് സമഗ്ര അന്വേഷണം; അച്ഛന്റെ നിരപരാധിത്വം ചർച്ചയാക്കി അച്ചു ഉമ്മൻ; പരാതി കിട്ടിയാൽ പിണറായി സർക്കാർ വെട്ടിലാകും
കോട്ടയം: സോളാർ വീണ്ടും ചർച്ചയാക്കി ഉമ്മൻ ചാണ്ടിയുടെ മകൾ. സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നു മുന്മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ ആവശ്യം. പ്രസക്തമായ നിർദ്ദേശമാണ് അച്ചു ഉമ്മൻ മുമ്പോട്ട് വയ്ക്കുന്നത്. സോളാറിലെ ആക്ഷേപങ്ങളിലെ ചർച്ചകൾ പൊതു സമൂഹത്തിൽ നിന്നും വിട്ടു മാറിയിരുന്നു. ഇതിനിടെയാണ് അച്ചു ഉമ്മൻ ആവശ്യവുമായി രംഗത്തു വരുന്നത്.
ജുഡീഷ്യൽ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയതാണ് ആ വെളിപ്പെടുത്തൽ എന്നും വനിത മാസികയ്ക്കു നൽകിയ ദീർഘ അഭിമുഖത്തിൽ അച്ചു ഉമ്മൻ പറഞ്ഞു. സോളർ അന്വേഷണത്തിലെ സിബിഐ റിപ്പോർട്ട് ഒരു രീതിയിലും ഞെട്ടിച്ചില്ല, ഉമ്മൻ ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്നു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. പക്ഷേ, സി ദിവാകരന്റെ വെളിപ്പെടുത്തൽ ശരിക്കും ഞെട്ടിച്ചുവെന്നാണ് അച്ചു ഉമ്മൻ പറയുന്നത്. സൈബർ ആക്രമണം നേരിടുന്ന സ്ത്രീകൾക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണു താൻ ൈസബർ അറ്റാക്കിനെതിരെ കേസ് കൊടുത്തതെന്നു വ്യക്തമാക്കിയ അച്ചു ഉമ്മൻ, തെളിവുകൾ സഹിതം നൽകിയ പരാതി വനിതാ കമ്മിഷൻ പരിഗണിക്കാത്തതിൽ നിരാശയുണ്ടെന്നു പറഞ്ഞു. രാഷ്ട്രീയമായി പ്രവർത്തിക്കുന്ന സംഘടനയാണ് വനിതാ കമ്മീഷൻ എന്ന പരോക്ഷ വിമർശനമാണ് ആ വാക്കുകളിലുള്ളത്.
ഈ ആവശ്യം പരാതിയായി സർക്കാരിന് അച്ചു ഉമ്മൻ എഴുതി നൽകിയാൽ അത് അന്വേഷിക്കാൻ സർക്കാർ ബാധ്യസ്ഥരാകും. നേരത്തെ കൈതോലപ്പായ അടക്കമുള്ള വിഷയങ്ങളിലെ സമീപകാല വെളിപ്പെടുത്തൽ പൊലീസ് അന്വേഷിച്ചിരുന്നു. എന്നാൽ ഫെയ്സ് ബുക്കിലെ എഴുത്തിൽ മൊഴി കിട്ടാത്തതു കൊണ്ട് അന്വേഷണം എങ്ങുമെത്തിയില്ല. സോളാറിൽ ദിവാകരന്റെ മൊഴി എടുക്കുകയും ഈ നിലപാട് ദിവാകരൻ ആവർത്തിക്കുകയും ചെയ്താൽ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. ജ്യുഡീഷറിയെ സംബന്ധിച്ച ഗുരുതത വെളിപ്പെടുത്തൽ എന്ന പരിഗണനയിൽ അന്വേഷിക്കേണ്ട കാര്യങ്ങളാണ് ദിവാകരൻ ആരോപിച്ചിരുന്നത്. പരാതി എഴുതി നൽകിയാൽ പിണറായി സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നായി അതു മാറും.
സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് 'കണാ കുണാ' റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്ന് മുന്മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി ദിവാകരൻ ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടി തന്നെ വച്ച ജുഡീഷ്യൽ കമ്മിഷൻ അദ്ദേഹത്തിന് എതിരുമായി എന്നായിരുന്നു ദിവാകരൻ പറഞ്ഞത്. ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഒന്നാം പിണറായി സർക്കാർ കേസെടുത്തു മുന്നോട്ടു പോയത്. അതേ റിപ്പോർട്ടാണ് കോടികൾ വാങ്ങി തയാറാക്കിയതാണ് എന്ന ഗുരുതര ആരോപണം സിപിഐ നേതാവിൽ നിന്ന് ഉണ്ടായത്.
ആരോപണവും മറ്റും ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടിക്ക് രാജിവച്ചു പോകണമെന്നുണ്ടായിരുന്നുവെന്ന് ദിവാകരൻ പറഞ്ഞു. അദ്ദേഹം അങ്ങനെ ഒരു രീതിക്കാരനാണ്. പക്ഷേ തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും സമ്മതിച്ചില്ല. എൽഡിഎഫ് ആ ഘട്ടത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം വിചാരിക്കാത്ത സമയത്ത് അവസാനിപ്പിക്കുകയായിരുന്നു.
എന്തോ ധാരണ ആ സമയത്ത് ഉണ്ടായി. താനെല്ലാം ആ സമയത്ത് സെക്രട്ടേറിയറ്റ് നടയിൽ ഇരിക്കുകയായിരുന്നു. എന്തു സംഭവിച്ചു എന്നു മനസ്സിലായില്ല. എവിടെയോ ഒരു സംഭാഷണം നടന്നു. ഒരു പക്ഷേ സമരവുമായി മുന്നോട്ടുപോയാൽ നിയന്ത്രണാതീതമായി എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക തോന്നിക്കാണും-ഇതായിരുന്നു ദിവാകരന്റെ വിവാദ വെളിപ്പെടുത്തൽ.
സോളർ സമരവുമായി ബന്ധപ്പെട്ട് തന്റെ ആത്മകഥയിൽ നടത്തിയ വിവാദ പരാമർശങ്ങൾ വിശദീകരിച്ചുകൊണ്ടാണ് പുതിയ ആരോപണം ദിവാകരൻ ഉയർത്തിയത്. അതിന് ശേഷം സോളാറിലെ പീഡനം അന്വേഷിച്ച സിബിഐയും കേസെല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയെന്നും വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ