കോഴിക്കോട്: മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയും നടൻ ദിലീപ് രംഗത്ത്.മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.ഇത്രയും കാലം താൻ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓർത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തിൽ ദിലീപ് ആവർത്തിച്ച് പറയുന്നുണ്ട്.

മാതൃഭൂമി ന്യൂസിലെ വാർത്താ അവതാരകൻ വേണുവിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലിൽ കെട്ടിവെക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.
'വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതൽ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം.വേണു എന്ന് കേൾക്കുമ്പോൾ വേണുനാദം, ഓടക്കുഴൽ.... ഇംഗ്ലീഷിൽ ഫ്‌ളൂട്ട് എന്ന് പറയും. ഓടക്കുഴൽ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴിൽ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാൻ പറ്റില്ല.നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആൾക്കാർ ഇല്ലെങ്കിൽ ഇവർക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവർ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്.

ഒരു കുടുംബം മാത്രം നോക്കിയാൽ പോര ഇവർക്ക് .പല കുടുംബങ്ങളെ നോക്കണം.സന്തോഷത്തോടെ  'സ്മൃതിലയ'മായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കിൽ മറ്റ് ഒരുപാട് കാര്യങ്ങൾ ഇവർക്ക് ചെയ്യേണ്ടതുണ്ട്.വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവർക്കും അറിയാം. നമ്മടേത് ഓപ്പൺ ബുക്കാണ്.നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങൾ എന്റെ കൈയിലുണ്ട്.' ദിലീപ് പറയുന്നു.

തനിക്കെതിരെ നിരന്തരം എഴുതുന്ന സിനിമാ മംഗളം എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരിക്കെതിരെയും ദിലീപ് ആഞ്ഞടിക്കുന്നു. നടൻ മുകേഷ് പറയുന്ന തമാശക്കഥകളിലെ കോമാളിയായാണ് പല്ലിശ്ശേരിയെ ആദ്യം താൻ കേൾക്കുന്നത്.അസിസ്റ്റന്റ് ഡയറക്ടറായി നിൽക്കുമ്പോൾ പലപ്പോഴും വന്ന് ഒരു സ്‌മോൾ വേണമെന്ന് പറയും. ഞങ്ങൾ കൊടുക്കും. ഒരിക്കൽ തനിക്കെതിരെ വ്യാജവാർത്ത വന്നപ്പോൾ വിളിച്ചു ചോദിച്ചപ്പോൾ, കാണേണ്ടപോലെ കണ്ടില്‌ളെങ്കിൽ ഇങ്ങനെയാക്കെ ഉണ്ടാകുമെന്നായിരുന്നു പല്ലിശ്ശേരിയുടെ മറുപടി.'കഥാവശേഷന്റെ' സെറ്റിൽവെച്ച് പല്ലിശ്ശേരി ഇന്റർവ്യൂ ചോദിച്ചിട്ട് താൻ കൊടുത്തില്ല. പക്ഷേ അയാളുടെ പ്രസിദ്ധീകരണത്തിൽ താനുമായുള്ള വ്യാജ ഇന്റർവ്യൂ അടിച്ചുവന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.ഒടുവിൽ മകനെ അസിസ്റ്റന്റ് ഡയറക്ടർ ആക്കണമെന്ന് പറഞ്ഞ് പല്ലിശ്ശേരി തന്റെ അടുത്ത് വന്നെന്നും എന്നാൽ അത് തള്ളിക്കളഞ്ഞുവെന്നും ദിലീപ് പറയുന്നു.

ലിബർട്ടി ബഷീറുുമായി പ്രശ്‌നങ്ങളൊന്നുമില്‌ളെന്നും പുതിയ തീയേറ്റർ സംഘടനയുണ്ടാക്കിയതാവാം പ്രശ്‌നകാരണമെന്നും ദിലീപ് പറയുന്നു.സിനിമാ സമരത്തെക്കുറിച്ച് പറയാതെ ലിബർട്ടി ബഷീർ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഞാൻ പരസ്യമായണ് രണ്ടാം വിവാഹം കഴിച്ചത്.പക്ഷേ ബഷീർ ഒരേസമയം രണ്ടുംമൂന്നും ഭാര്യമാരെ കൈവശം വെച്ചിരിക്കയാണ്.ഇത് താൻ അദ്ദേഹത്തോട് മുമ്പും തമാശയായി ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

കടപ്പാട്: മനോരമ ഓൺലൈൻ