- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൻധൻ അക്കൗണ്ടുകൾ മുതൽ വനിതാ സംവരണ ബിൽ വരെ; സ്ത്രീകേന്ദ്രീകൃത പദ്ധതികൾ നടപ്പാക്കുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്ന ബിജെപിയുടെ സ്ത്രീശക്തി സംഗമത്തിൽ അണിനിരക്കുക രണ്ടുലക്ഷത്തോളം വനിതകൾ; താരത്തിളക്കമായി നടി ശോഭനയും
തൃശൂർ: പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയതിനുശേഷം ബിജെപി ദേശീയ തലത്തിൽ നടത്തുന്ന ആദ്യത്തെ സമ്മേളനമാണ് തൃശൂരിലെ മഹിള സമ്മേളനം. വനിതാബിൽ പാസാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിക്കുയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം സംസ്ഥാമ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
വനിതാ ശക്തിക്ക് പ്രാധാന്യം നൽകുന്ന സമ്മേളനത്തിൽ ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിന്നുമണി, പ്രശസ്ത സംരംഭക ബീനാ കണ്ണൻ, മറിയക്കുട്ടി, സംഗീതജ്ഞ വൈക്കം വിജയലക്ഷ്മി, പത്മശ്രീ ശോശാമ്മ ഐപ്പ് തുടങ്ങിയ സ്ത്രീസമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന പ്രഗത്ഭരായ വനിതാ രത്‌നങ്ങൾ മോദിയുമായി വേദി പങ്കിടും. ഇതിലെ താരസാന്നിധ്യം മലയാളസിനിമയിൽ പകരംവയ്ക്കാനില്ലാത്ത നടിമാരിൽ ഒരാളായ ശോഭനയാണ്. നർത്തകി എന്നറിയപ്പെടാൻ കൂടുതൽ ഇഷ്ടപ്പെടുന്ന കലാകാരിയാണ് ശോഭന. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനം പ്രത്യക്ഷപ്പെട്ടത്.
എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുന്ന നരേന്ദ്ര മോദിയെ ഇരുകൈയും ന്യൂനപക്ഷം ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുറപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഇവിടുത്തെ സങ്കുചിതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസ്സ് ഉണ്ടാകില്ലെന്നാണ് സാധാരണക്കാരിൽനിന്ന് ലഭിക്കുന്ന പ്രതികരണം കാണുമ്പോൾ മനസിലാകുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി
അവസരവാദ, സങ്കുചിത, വികസന രഹിത രാഷ്ട്രീയം കാരണം കേരളത്തിലെ ഇടത് വലത് മുന്നണികളുടെയും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണ് എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇരുമുന്നണികളുടെയും സങ്കുചിത രാഷ്ട്രീയത്തിൽ നിന്നും ഒന്നും ലഭിക്കാനില്ലെന്നും ഇനി കേരളത്തെ രക്ഷിക്കാൻ മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് നമ്മുടെ നാട് മനസിലാക്കി കഴിഞ്ഞിട്ടുണ്ടെന്നും ബിജെപി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനം കേരളത്തിന് ചരിത്രപരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി.രമേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനുവരി മൂന്നിന് പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉച്ചയ്ക്ക് ശേഷം ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിച്ച് നടുവിലാൽ, നായ്ക്കനാൽ ഭാഗങ്ങളിലൂടെ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കുമെന്ന് എംടി രമേശ് വെളിപ്പെടുത്തി.
ബിജെപിയും മഹിളാ മോർച്ചയും സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി സംഗമം എന്ന പേരിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി ജനുവരി മൂന്നിന് തൃശ്ശൂരിലെത്തുന്നത്. നാളെ ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം തൃശൂരിൽ എത്തിച്ചേരും. രണ്ടുമണിയോടെ തേക്കിൻകാട് മൈതാനം ചുറ്റി റോഡ് ഷോ നടക്കും. മൂന്നുമണിക്കാണ് 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന മഹിളാസമ്മേളനം.
പരിപാടിയിൽ 2,00,000 സ്ത്രീകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വനിതാ സംരംഭകർ, സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക.
മറുനാടന് മലയാളി ബ്യൂറോ