- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നോ' പറയേണ്ടിടത്ത് പറഞ്ഞാൽ തീരുന്ന പ്രശ്‌നങ്ങളെ ഉള്ളൂ; ജോലി സ്ഥലങ്ങളിൽ ആരും സ്ത്രീകളെ ബലപ്രയോഗത്തിൽ റേപ്പ് ചെയ്യില്ല; പിന്നെന്തിനാണ് ഡബ്ല്യു സി സി എന്ന സംഘടന; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി സ്വാസികയുടെ തുറന്ന് പറച്ചിൽ; ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞു കൂടെയെന്നും താരം
തിരുവനന്തപുരം : സിദ്ധാർത്ഥ് ഭരതന്റെ ചതുരം എന്ന ചിത്രത്തിലൂടെ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട നടിയാണ് സ്വാസിക.സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സ്വാസിക നടത്തിയ ചില പരാമർശങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു.ഇപ്പോഴിത സ്വാസികയുടെ മറ്റൊരു പരാമർശം കൂടുതൽ ചർച്ചയ്ക്ക് വഴിവെക്കുകയാണ്.
മലയാള സിനിമ സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി സ്വാസിക. 'നോ' പറയേണ്ടിടത്ത് പറഞ്ഞാൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് അനുഭവം. ജോലി സ്ഥലങ്ങളിൽ ആരും സ്ത്രീകളെ ബലപ്രയോഗത്തിൽ റേപ്പ് ചെയ്യില്ല. എന്താണ് ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു.
വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ഉയരുന്നത്. ഇതുപോലുള്ള അഭിപ്രായപ്രകടനങ്ങൾ പൊതു ഇടങ്ങളിൽ പറയുന്നതിന്റെ അപകടം മനസിലാക്കണമെന്നും ഡബ്ല്യൂസിസി പോലുള്ള സംഘടനകൾ രൂപീകരിക്കപ്പെട്ട സാഹചര്യം ഓർക്കണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
'ഡബ്ല്യുസിസിയുടെ പ്രവർത്തനം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഞാൻ ആദ്യം അവിടെ റിയാക്ട് ചെയ്യും. അതാണ് ആദ്യം സ്ത്രീകളെ പഠിപ്പിച്ച് കൊടുക്കേണ്ടത്. ധൈര്യം നമ്മുടെ ഉള്ളിൽ നിന്നാണ് വരേണ്ടത്.','ഡബ്ല്യുസിസിയിൽ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാതിയുമായി ചെന്നാൽ ഉടനെ തന്നെ നീതി കിട്ടുന്നുണ്ടോ? ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്?
പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞു കൂടെ. എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യില്ല.','നമ്മൾ ലോക്ക് ചെയ്ത മുറി നമ്മൾ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനകത്ത് കടന്നുവരില്ല.
ബലം പ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവർ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിർക്കാനുള്ള കഴിവ് എല്ലാ സ്ത്രീകൾക്കുമുണ്ട്. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്ന സ്ഥലം സിനിമയാണ്,' സ്വാസിക പറഞ്ഞു.
2017ൽ നടി ആക്രമിക്കപ്പെട്ട സംഭവവുമുമായി ബന്ധപ്പെട്ടാണ് ഡബ്ല്യൂസിസിയുടെ രൂപീകരണം. ഡബ്ല്യൂസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സിനിമ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന ലിംഗ അനീതികളേക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി കമ്മറ്റി രൂപീകരിക്കപ്പെട്ടു.
2019 ഡിസംബറിൽ സർക്കാരിന് മുൻപിൽ സമർപ്പിക്കപ്പെട്ട ഹേമകമ്മീഷൻ റിപ്പോർട്ടിൽ മലയാള സിനിമയിലെ ലിംഗ അസമത്വങ്ങളേക്കുറിച്ചും കാസ്റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള വിഷയത്തിലും വെളിപ്പെടുത്തലുണ്ടായി.
മറുനാടന്‍ മലയാളി ബ്യൂറോ