- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപകരിൽ പൂർണ്ണവിശ്വാസം; അനുബന്ധ ഓഹരി വിൽപ്പന കാലാവധി നീട്ടുന്നതും വില വർധിപ്പിക്കുന്നതും ഉൾപ്പടെയുള്ള തീരുമാനം ഉപേക്ഷിച്ചു; എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്; പ്രതിസന്ധി മറികടക്കാൻ മാർഗ്ഗങ്ങൾ തേടുമ്പോഴും ഹിൻഡൻബർഗ് റിപ്പോർട്ടിലെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദാനി
ന്യൂഡൽഹി: അനുബന്ധ ഓഹരി വിൽപന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ്. ഈ മാസം 31വരെയാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (എഫ്പിഒ). ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ അനുബന്ധ ഓഹരി വിൽപനയിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചു. പ്രഖ്യാപിച്ച തുകയിൽ ഷെഡ്യൂൾ അനുസരിച്ച് തന്നെ എഫ്പിഒ തുടരും.
ബാങ്കർമാരും നിക്ഷേപകരും ഉൾപ്പെടെ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും എഫ്പിഒയിൽ പൂർണ്ണ വിശ്വാസമുണ്ട്. എഫ്പിഒയുടെ വിജയത്തെ കുറിച്ച് അങ്ങേയറ്റം ആത്മവിശ്വാസമുണ്ട് എന്ന് കമ്പനി അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ബാങ്കർമാർ ഇഷ്യു വിലയിൽ മാറ്റം വരുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എഫ്പിഒ വിജയകരമാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരിൽ പൂർണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മർച്ചന്റ് ബാങ്കുകളാണ് കാലാവധി നീട്ടുന്നതും ഓഹരിവില കുറയ്ക്കുന്നതും പരിഗണിച്ചത്. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്നുള്ള ആഘാതം കുറയ്ക്കാനായിരുന്നു നീക്കം.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ ഓഹരി വിപണിയിൽ കനത്ത ഇടിവാണ് അദാനി ഗ്രൂപ്പ് ഓഹരികൾ നേരിട്ടത്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ് എന്നും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 88 ചോദ്യങ്ങളാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലുള്ളത്.
മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ഓഫ്ഷോർ നികുതി സങ്കേതങ്ങളിൽ അദാനി ഗ്രൂപ്പ് എങ്ങനെയാണ് എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചോദ്യം ചെയ്തു. അദാനി ഗ്രൂപ്പിന്റെ കടബാധ്യതയും ചോദ്യ ചിഹ്നത്തിലായി. ചൊവ്വാഴ്ച ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നതിനുശേഷം, കമ്പനിയുടെ ഏഴ് ലിസ്റ്റഡ് കമ്പനികൾക്ക് മൊത്തം 48 ബില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ടു.
റിപ്പോർട്ട് പുറത്ത് വന്നതോടെ അദാനി ഓഹരികൾ ഇടിഞ്ഞു.അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 2 ദിവസത്തിനിടയിലെ നഷ്ടം 4.17 ലക്ഷം കോടി രൂപയാണ്. പിന്നാലെ ഫോബ്‌സ് പട്ടികയിൽ ലോകത്തെ സമ്പന്നരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആസ്തിമൂല്യം 9660 കോടി ഡോളറായി (ഏകദേശം 7.87 ലക്ഷം കോടി രൂപ) കുറഞ്ഞു. എൽഐസിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപത്തിന്റെ മൂല്യം 81,268 കോടി രൂപയിൽനിന്ന് 62,621 കോടിയായി.
ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസിന് കഴിഞ്ഞാൽ, അത് രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒ ആയി മാറും. 2020 ജൂലൈയിൽ എഫ്പിഒ വഴി 15,000 കോടി രൂപ സമാഹരിച്ച യെസ് ബാങ്കിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ് ഉള്ളത്. നിക്ഷേപത്തിന് മാത്രമല്ല, കടബാധ്യത കുറയ്ക്കാൻ കൂടിയാണ് എഫ്പിഒയിലൂടെ സമാഹരിക്കുന്ന തുക അദാനി വിനിയോഗിക്കുക. ആകെ കടത്തിന്റെ തോത് കുറയ്ക്കുന്നത് കമ്പനിക്ക് നേട്ടമാണ്. പക്ഷെ നിക്ഷേപകരിൽ ഇത് ആശങ്ക സൃഷ്ടിച്ചേക്കാം. കഴിഞ്ഞ സാമ്പത്തിക വർഷം അദാനി ഗ്രൂപ്പിന്റെ ആകെ കടം 40 ശതമാനം ഉയർന്ന് 2.2 ട്രില്യൺ രൂപയിലെത്തിയിരുന്നു.
ഭാവി വികസന പദ്ധതികൾക്കുള്ള മൂലധനത്തിനു വേണ്ടിയും കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് 20,000 കോടിയുടെ എഫ്പിഒയുമായി അദാനി എന്റർപ്രൈസസ് രംഗത്തെത്തിയത്. എഫ്പിഒയിലേക്ക് കൂടുതൽ റീട്ടെയിൽ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഓഹരിയുടെ ഇഷ്യൂവിന് ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, വിഭവ സമാഹരണത്തിനായി റൈറ്റ്സ് ഇഷ്യൂവിന് (അവകാശ ഓഹരി) പകരം എഫ്പിഒ എന്ന മാർഗം സ്വീകരിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുമായി അദാനി എന്റർപ്രൈസസിന്റെ നേതൃത്വം രംഗത്തെത്തിയിരുന്നു.
അവകാശ ഓഹരിക്ക് പകരം എഫ്പിഒ മാർഗം തിരഞ്ഞെടുക്കുന്നതിനു പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒയായ ജുഗേഷീന്ദർ സിങ് പ്രതികരിച്ചു. ഒന്നാമതായി, പുതിയൊരു കൂട്ടം ഓഹരിയുടമകളെ ലഭിക്കും. ഇതിലൂടെ ഇന്ത്യയിൽ നിന്നുള്ള ഓഹരിയുടമകളുടെ ശരാശരി പങ്കാളിത്തം വർധിപ്പിക്കാനുമാകും. രണ്ടാമതായി ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരെ സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ ഭാഗമാകുന്നതിനും ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിയാകുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിനുമാണെന്നും ജുഗേഷീന്ദർ സിങ് വ്യക്തമാക്കി. കൂടാതെ ഇതുവരെ കണ്ടത് ചെറിയൊരു ഘട്ടം മാത്രമാണെന്നും അദാനി എന്റർപ്രൈസസിന്റെ ഏറ്റവും മികച്ച സമയം വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ