- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അജിത് കുമാറിനെതിരെ പോലീസ് മേധാവിക്ക് അടക്കം അതൃപ്തി; അവധി നീട്ടുന്നതില്‍ എഡിജിപിയുടെ തീരുമാനം നിര്‍ണ്ണായകമാകും; ഇടതിലും സമ്മര്‍ദ്ദം; വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രിക്ക് മടിയോ?
അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാകുമോ?
തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വികാരം പോലീസ് സേനയില്‍ ശക്തം. അജിത് കുമാറിനെ മാറ്റില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെയാണ് അതൃപ്തി ശക്തമാകുന്നത്. അതിനിടെ അവധി നീട്ടിയെടുക്കുന്ന കാര്യത്തില്‍ അജിത് കുമാര്‍ ഉടന്‍ തീരുമാനം എടുക്കും. അജിത് കുമാറിനെതിരായ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. ഈ ഒരു മാസം അജിത് കുമാര്‍ ഓഫീസിലേക്ക് വരില്ലെന്നാണ് സൂചന.
സ്വയം അവധി എടുത്ത് മാറി നില്‍ക്കും. അതിനിടെ എഡിജിപി അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സംഘാംഗങ്ങള്‍ ആരാണെന്ന വിവരം പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. അന്‍വറിന്റെ വിശദ മൊഴി ഡിഐജി എടുത്തിരുന്നു. ഇത് മുഖ്യമന്ത്രിയെ പോലീസ് മേധാവി ധരിപ്പിച്ചിട്ടുണ്ട്.
ക്രമസമാധാന പാലനത്തില്‍ നിന്നും അജിത് കുമാറിനെ മാറ്റിയാല്‍ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചേക്കും. ഇതിന്റെ സാധ്യതയും അജിത് കുമാര്‍ തേടിയിട്ടുണ്ട്. ആര്‍ എസ് എസ് കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ ഇടതുപക്ഷത്ത് നിലപാട് ശക്തമാണ്. മന്ത്രിസഭയിലും പ്രതിഷേധമുണ്ട്. സിപിഐ നിലപാടും കടുപ്പിക്കും. ഇതിനൊപ്പമാണ് അജിത് കുമാറിനെതിരായ അന്വേഷണം. ഇതിലെ കണ്ടെത്തല്‍ വരെ കാത്തിരിക്കാനാണ് പിണറായിയുടെ തീരുമാനം.
എഡിജിപിയുടെ വീട് നിര്‍മ്മാണവും, ആര്‍എസ്എസ് നേതാവിനെ കണ്ടതും ഉള്‍പ്പെടെ സകലതും അന്വേഷണ പരിധിയിലുണ്ട്. അതിനാലാണ് അന്വേഷണം അതീവ ഗൗരവത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചത്. കോവളത്തുവച്ച് അജിത്കുമാര്‍ ആര്‍എസ്എസ് ദേശീയ വക്താവായിരുന്ന ആര്‍ റാംമാധവിനെ കണ്ടെന്ന റിപ്പോര്‍ട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ തൃശൂരിലും കണ്ടു. ഇത് എഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ അ്ച്ചടക്ക നടപടി അസാധ്യമാണ്. എന്നാല്‍ ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ സര്‍ക്കാരിനെ മാറ്റാം.
അതിനിടെ, അന്വേഷണ സംഘത്തിലെ താഴ്ന്ന ഉദ്യാേഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എംആര്‍.അജിത് കുമാറിന്റെ കത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന നിര്‍ദ്ദേശവും ഡിജിപി നല്‍കിയിട്ടുണ്ട്. കത്തിനെത്തുടര്‍ന്ന് ഉത്തരവിറക്കിയാല്‍ അത് ചട്ടവിരുദ്ധമാകുമെന്ന് കണ്ടതിനാലാണിത്. താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിലുള്ളതിനാല്‍ എങ്ങനെ അന്വേഷണം മുന്നോട്ടുപോകും എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ചട്ടവിരുദ്ധമായ നിര്‍ദ്ദേശം എഡിജിപി ഇറക്കിയത്.
ഇത് സംബന്ധിച്ച ഉത്തരവിറക്കണം എന്നും ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു.അത്തരത്തില്‍ ഉത്തരവിറക്കിയാല്‍ അത് നിയമ പ്രശ്‌നങ്ങളിലേക്ക് എത്തും എന്നുകണ്ടതിനാലാണ് ഉത്തരവിറക്കേണ്ടെന്ന് തീരുമാനിച്ചത്. അജിത്ത് നാലുദിവസം അവധിയില്‍ പോകുന്നുണ്ട്. പക്ഷേ, അത് സെപ്തംബര്‍14 മുതല്‍ 17 വരെയാണ്. അതു നീട്ടാനാണ് സാധ്യത. അതിവിശ്വസ്തരുമായി അജിത് കുമാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പി.വി.അന്‍വറിന്റെ മൊഴിയെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തില്‍ 7.5 കിലോ സ്വര്‍ണം പിടിച്ച കേസുമായി ബന്ധപ്പെട്ട തെളിവ് കൈമാറിയെന്ന് അന്‍വര്‍ മൊഴിയെടുപ്പിന് ശേഷം പറഞ്ഞു. പി.ശശിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണം, പൊലീസ് അന്വേഷിക്കുന്നത് കുറ്റകൃത്യമെന്നും അന്‍വര്‍ പറഞ്ഞിട്ടുണ്ട്.
ഏഴു മണിക്കൂറില്‍ അധികം സമയമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുളളത്.