- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽസമ്മയും കുട്ടികളും പാറക്കുളത്തിൽ കുളിക്കാൻ പോയത് അയൽവാസി അമ്മിണിക്കൊപ്പം; തുണി അലക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിയത് 12 കാരി; മുത്തശ്ശി അപകടത്തിൽ പെട്ടത് പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ; രണ്ടാമത്തെ കുട്ടി വെള്ളത്തിൽ അകപ്പെട്ടത് താൻ സഹായം തേടിപ്പോയപ്പോഴെന്ന് അമ്മിണി; അടിമാലിയിൽ സംഭവിച്ചത്
ഇടുക്കി: അടിമാലി കൊമ്പൊടിഞ്ഞാലിൽ വീടിനുസമീപത്തെ പാറക്കുളത്തിൽ വീണ മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങിമരിച്ചു.
കൊമ്പൊടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കളായ ആന്മരിയ (12), അമേയ (7) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (55) യുമാണ് മരണപ്പെട്ടത്. പണിക്കൻ കുടി സർക്കാർ സ്‌കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിപ്പോയപ്പോൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണു മുത്തശിയും അപകടത്തിൽ പെട്ടത്.
എൽസമ്മയും കുട്ടികളും അയൽവാസിയുമായ അമ്മിണിയും ഒരുമിച്ചാണ് പാറക്കുളത്തിൽ കുളിക്കാൻ എത്തിയത്. തുണി അലക്കുന്നതിനിടെ ആന്മരിയ വെള്ളത്തിൽ അകപ്പെട്ടു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ എൽസമ്മയും വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു.
ഇതുകണ്ട് പേടിച്ചുപോയ താൻ അമേയയുമായി അടുത്ത വീട്ടിലെത്തി, വിവരം അറിയിച്ച് സഹായം തേടാൻ ശ്രമിച്ചെന്ന് അമ്മിണി പറഞ്ഞു. എന്നാൽ, കൂട്ടി ചേച്ചി വരാതെ വരില്ലെന്ന് ശാഠ്യംപിടിച്ചു. ഇതെത്തുടർന്ന് താൻ നിവൃത്തികെട്ട് കുട്ടിയെ അവിടെ നിർത്തി പോരുകയായിരുന്നു. തിരച്ചെത്തുമ്പോൾ ഇളയകുട്ടിയും വെള്ളത്തിൽ അകപ്പെട്ടതായി മനസ്സിലായെന്നുമാണ് അമ്മിണിയുടെ വെളിപ്പെടുത്തൽ.
പണിക്കൻകുടി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് ആന്മരിയയും അമേയയും. ജാസ്മിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ഇപ്പോൾ മാതാവും മക്കളും കൂടി നഷ്ടമായി.സംഭവം പ്രദേശത്തെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.
ഇന്ന് വൈകിട്ട് 4.30 യോടെയാണ് സംഭവം. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ. അടിമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
മറുനാടന് മലയാളി ലേഖകന്.