- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' ആഘോഷമാക്കിയത് തദ്ദേശത്തെ പിരിവിലൂടെ; തെരുവു നായയിലെ കേസ് നടത്താനും ശാസ്ത്ര മേളകൾക്കും വരെ പിരിവ്; തൃത്താലയിൽ പഞ്ചായത്ത് ദിനാഘോഷത്തിനും ക്വാട്ട; പഞ്ചായത്തുകളെ ഉപയോഗിച്ച് 'പിരിവ് ഉത്സവം'
തിരുവനന്തപുരം: ഖജനാവ് കാലിയായതിനാൽ ഫണ്ടുണ്ടാക്കാനും ആഘോഷത്തിനും പുതിയ മാർഗ്ഗം. തദ്ദേശ സ്ഥാപനങ്ങളിലൂടെ ഫണ്ട് പരിവാണ് ഇപ്പോൾ നടക്കുന്നത്. ഉത്തരവ് ഇറക്കിയാണ് ഇത് സാധ്യമാകുന്നത്. പാലക്കാട് തൃത്താലയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിന് സംസ്ഥാനത്തെ പഞ്ചായത്തുകൾ 30000, ബ്ലോക്ക് പഞ്ചായത്തുകൾ 70000, ജില്ലാ പഞ്ചായത്തുകൾ 2 ലക്ഷം, മുനിസിപ്പാലിറ്റികൾ ഒന്നേകാൽ ലക്ഷം, കോർപറേഷനുകൾ 5 ലക്ഷം എന്നിങ്ങനെ നൽകാനാണു നിർദ്ദേശം. ആവശ്യത്തിനു ഫണ്ടില്ലാത്തതു കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത 68 പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ട്. ഇത്തരത്തിലെ പഞ്ചായത്തുകൾക്ക് വലിയ പ്രതിസന്ധിയാണ് ഈ പിരിവും.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷത്തിനു പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 5000 രൂപ വീതം നൽകണമെന്ന ഉത്തരവ് വിവാദമായിരുന്നു. തെരുവുനായ ആക്രമണത്തിനു പരിഹാരം തേടി പഞ്ചായത്ത് അസോസിയേഷൻ നൽകിയ കേസ് നടത്താൻ തദ്ദേശസ്ഥാപനങ്ങളിൽനിന്നു 3000 രൂപ വീതം പിരിച്ചു. കാസർകോട് കയ്യൂരിൽ നടന്ന കയ്യൂർ ഫെസ്റ്റിനു വേണ്ടി കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകൾ നൽകിയത് ഒന്നരലക്ഷം രൂപ വീതം. ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ഒരു ലക്ഷം വീതവും പഞ്ചായത്തുകൾ 50,000 വീതവും നൽകി.
തോന്നയ്ക്കൽ സാംസ്കാരിക സമിതിയുടെ വാർഷികാഘോഷത്തിനു തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 25000 രൂപ വീതം നൽകണമായിരുന്നു്. കൊല്ലത്ത് ടെക്നിക്കൽ സ്കൂൾ ശാസ്ത്രമേളയ്ക്കായി പഞ്ചായത്തുകൾ 10000 വീതവും നഗരസഭകൾ 20000 വീതവും നൽകി. തേഞ്ഞിപ്പലത്തു നടന്ന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്കു മലപ്പുറത്തു നിന്നും കൊടുങ്ങല്ലൂരിൽ നടന്ന ടെക്നിക്കൽ ഹൈസ്കൂൾ കലോൽസവത്തിനു തൃശൂരിൽനിന്നും ഇതുപോലെ സംഭാവന പിരിച്ചു.
മങ്കടയിലും കൊണ്ടോട്ടിയിലും പൊന്നാനിയിലും ഉപജില്ലാ കലോൽസവങ്ങൾക്ക്, ഉപജില്ലകൾക്കു കീഴിലെ തദ്ദേശസ്ഥാപനങ്ങൾ 25000 രൂപ മുതൽ 50000 രൂപ വരെ നൽകി. കോട്ടൂർ പഞ്ചായത്താണു കോട്ടൂർ ഫെസ്റ്റ് നടത്തിയതെങ്കിലും കോഴിക്കോട്ടെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും 15000 രൂപ വീതം നൽകേണ്ടിവന്നു. മലപ്പുറത്തെ ഒരു കലാപഠനകേന്ദ്രത്തിനു കെട്ടിടം നിർമ്മിക്കാൻ ജില്ലയിലെ പഞ്ചായത്തുകൾ 10000 രൂപ വീതവും നഗരസഭകൾ 20000 രൂപ വീതവും നൽകി. പൊന്നാനി മണ്ഡലത്തിലെ ഓണാഘോഷത്തിന് പഞ്ചായത്തുകൾ ഒരു ലക്ഷവും നഗരസഭകൾ 3 ലക്ഷവും നൽകി.
അടൂരിലെ ചലച്ചിത്രമേളയ്ക്ക് നഗരസഭ ഒരുലക്ഷവും എം.ജി.സോമൻ ഫൗണ്ടേഷന്റെ കലാപരിപാടിക്കു തിരുവല്ല നഗരസഭ 3 ലക്ഷവും നൽകി. വെള്ളായണി കായലിലെ ജലോൽസവത്തിന് സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ച് 50000 രൂപ മുതൽ 2 ലക്ഷം രൂപ വരെ തദ്ദേശസ്ഥാപനങ്ങൾ നൽകി.
മറുനാടന് മലയാളി ബ്യൂറോ