- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടൂർ ലൈഫ് ലൈൻ ആശുപത്രി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
പത്തനംതിട്ട: അടിവയറ്റിൽ വേദനയും ഛർദിയുമായി വന്ന യുവതിക്ക് നടത്തിയ ശസ്ത്രക്രിയയിൽ ചികിൽസാ പിഴവുണ്ടായി എന്ന പരാതിയിൽ അടൂർ ലൈഫ്ലൈൻ ആശുപത്രി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. കലഞ്ഞൂർ കളയിൽവിളയിൽ ഡെൽമ കുസുമൻ നൽകിയ ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിച്ചത്.
2016 ഡിസംബർ 15 നാണ് ഡെൽമ അടിവയറ്റിൽ വേദനയും ഛർദിയുമായി ലൈഫ്ലൈൻ ആശുപത്രിയിൽ ചികിൽസ തേടിയത്. ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചൻ രോഗിയെ പരിശോധിച്ചതിന് ശേഷം ഗർഭപാത്രത്തിലും ഓവറിയിലും മുഴകളുണ്ടെന്നും ഉടനെ നീക്കം ചെയ്യണമെന്നും നിർദ്ദേശിച്ചു. അതിൻ പ്രകാരം അഡ്മിറ്റായ രോഗിയെ 17 ന് ഡോ. സിറിയക് പാപ്പച്ചൻ ശസ്ത്രക്രിയ നടത്തി. 21 ന് രോഗി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും 15 ദിവസം കഴിഞ്ഞപ്പോൾ കലശലായ ബ്ലീഡിങും വേദനയും അനുഭവപ്പെട്ടു. വീണ്ടും ലൈഫ്ലൈൻ ആശുപത്രിയിലെത്തി വിവരം പറഞ്ഞു. രോഗിയുടെ അവസ്ഥ മോശമായതിനാൽ അന്നു തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രക്തം ഒരു പാട് നഷ്ടപ്പെട്ടതിനാൽ രക്തം കൊടുക്കുകയും ചെയ്തു.
എന്നാൽ, ഓരോ ദിവസവും നില വഷളായി വന്നു. ഇതിന്റെ കാരണം ചോദിച്ച ബന്ധുക്കൾക്ക് വ്യക്തമായ മറുപടി കിട്ടിയില്ല. തുടർന്ന് രോഗിയുടെ ഭർത്താവും മകനും ചേർന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുത്തിക്കെട്ടാൻ ഉപയോഗിച്ച നൂൽ നീക്കം ചെയ്യാതെ അകത്തു തന്നെ ഇരുന്നതാണ് വേദനയും ബ്ലിഡിങ്ങും ഉണ്ടാകാൻ കാരണമെന്ന് കണ്ടെത്തി. ഇത് മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതോടെ രോഗി സുഖം പ്രാപിച്ചു.
ലൈഫ്ലൈൻ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില മോശമായപ്പോഴും ഒരു വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിക്കുകയോ ആവശ്യമായ സംരക്ഷണം കൊടുക്കുകയോ ചെയ്തില്ല എന്ന ആക്ഷേപമാണ് രോഗിയുടെ ഭർത്താവും ബന്ധുക്കളും ഉന്നയിക്കുന്നത്. രോഗിക്ക് മെച്ചപ്പെട്ട ചികിൽസ ലഭിക്കാത്തതു കൊണ്ടാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പോയി രണ്ടാമതും ഒരു ഓപ്പറേഷന് വിധേയമാകേണ്ടി വന്നത്. ചികിൽസാ പിഴവു മൂലം രോഗിക്കുണ്ടായ ചെലവും നഷ്ടപരിഹാരവും ലഭിക്കുന്നതിന് വേണ്ടിയാണ് അടൂർ ലൈഫ്ലൈൻ ആശുപത്രി ആശുപത്രി ഒന്നും ഡോ. സിറിയക് പാപ്പച്ചൻ രണ്ടും പ്രതികളായി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹർജി നൽകിയത്.
കിംസ് ആശുപത്രിയിലെ ഡോക്ടറെ അടക്കം വിസ്തരിച്ച കമ്മിഷൻ ലൈഫ്ലൈൻ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ ചികിൽസാ പിഴവുണ്ടായതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് ആശുപത്രികളിലുമായി രോഗിക്ക് ചികിൽസയ്ക്ക് ചെലവായ 1.87 ലക്ഷം രൂപയും നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപയും കോടതി ചെലവിനത്തിൽ 15,000 രൂപയും ഉൾപ്പെടെ അഞ്ചുലക്ഷം രൂപ ലൈഫ്ലൈൻ ആശുപത്രിയും ഡോ. സിറിയക് പാപ്പച്ചനും ചേർന്ന് ഹർജി കക്ഷിക്ക് കൊടുക്കാൻ വിധിക്കുകയായിരുന്നു. ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ 10 ശതമാനം കമ്മിഷൻ ചേർത്ത് നൽകാനൂം കമ്മിഷൻ ഉത്തരവിട്ടു.