പാലക്കാട്: അട്ടപ്പാടി മധു വധം, വാളയാർ കേസുകളിൽ ഹാജരായ അഡ്വ. രാജേഷ് എം. മേനോനെ വണ്ടിപ്പെരിയാർ പീഡനക്കേസിലും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ രംഗത്ത് വരുന്നത് അഭിഭാഷകനിൽ വിശ്വാസം അർപ്പിച്ച്. ഇരകൾക്ക് വേണ്ടി നീതിക്കായി തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തി വാദിക്കുന്ന അഭിഭാഷകനാണ് അഡ്വ രാജേഷ് എം മേനോൻ. വണ്ടിപ്പെരിയാറിൽ പ്രതിസ്ഥാനത്ത് സിപിഎം പ്രാദേശിക നേതൃത്വമാണ്. അതുകൊണ്ട് തന്നെ രാജേഷ് എം മേനോനെ പോലൊരു അഡ്വക്കേറ്റിനെ സർക്കാർ വാദത്തിനായി നിയോഗിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

നേര് സിനിമ ചർച്ചയാകുന്ന കാലമാണ് ഇത്. പീഡന കേസിൽ കോടതി മുറികളിൽ തെളിവുകൾ എല്ലാ അർത്ഥത്തിലും ചർച്ചയാക്കി ഇരയ്ക്ക് നീതിയൊരുക്കിയ കഥാപാത്രമാണ് നേര് സിനിമയിലെ വിജയമോഹൻ എന്ന വക്കീൽ. മോഹൻലാൽ തകർത്ത് അഭിനയിച്ച് കൈയടി നേടിയ സിനിമ. ഈ സിനിമയിലെ വിജയമോഹന് സമാനമാണ് അഡ്വ രാജേഷ് എം മേനോന്റെ രീതികളും. തെളിവുകളും സാഹചര്യവും ശാസ്ത്രീയ വസ്തുതകളും അടിസ്ഥാനമാക്കി പ്രതിയിലേക്ക് ശിക്ഷ എത്തിക്കുന്ന വക്കീൽ. ആർക്കും വഴങ്ങാത്ത രാഷ്ട്രീയത്തിന് അപ്പുറം ഇരകൾക്ക് വേണ്ടി ചിന്തിക്കുന്ന വക്കീൽ. അതുകൊണ്ടാണ് വണ്ടിപ്പെരിയാറിലും ആ കുടുംബത്തിന്റെ പ്രതീക്ഷയായി രാജേഷ് എം മേനോൻ മാറുന്നത്.

പാലക്കാട് ബാറിലെ പ്രമുഖ ക്രിമിനൽ അഭിഷാകണാണ് അഡ്വ രാജേഷ് എം മേനോൻ. അട്ടപ്പാടിയിലും വാളയാറിലും രാജേഷ് എത്തിയത് പാലക്കാട്ടെ പേരും പെരുമയും വിശ്വാസ്യതയും അടിസ്ഥാനമാക്കിയാണ്. എന്നാൽ ഇപ്പോൾ ജില്ലയ്ക്ക് അപ്പുറത്തും രാജേഷിന്റെ വാദത്തിനും പ്രതിരോധത്തിനുമായുള്ള ആവശ്യം ശക്തമാകുന്നതിന് തെളിവാണ് വണ്ടിപ്പെരിയാർ കേസ്. ഇവിടെ പ്രതിയെ കോടതി വെറുതെ വിട്ടു. അപ്പോഴും കൊലപാതകമാണ് സംഭവിച്ചതെന്നും തെളിവുകൾ നിരത്തുന്നതിലെ വീഴ്ചയാണ് കാരണമെന്നും കോടതി പറയുന്നു. ഈ സാഹചര്യത്തിലാണ് നല്ലൊരു പ്രോസിക്യൂട്ടറുണ്ടെങ്കിൽ കേസ് ജയിക്കാമെന്ന് കുടുംബം വിശ്വസിക്കുന്നത്. പുനരന്വേഷണവും പുനർവിചാരണയിലും നീതിയൊരുക്കാൻ രാജേഷിന് കഴിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

അട്ടപ്പാടി മധു വധക്കേസിൽ പ്രതിസന്ധികൾ തുടരെ തുടരെ മധുവിന്റെ കുടുംബത്തെ വേട്ടയാടിയപ്പോൾ അവരുടെ ഏക പ്രതീക്ഷയായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ. അത് വെറുതെയായതുമില്ല. തുടക്കം മുതൽ ആത്മവിശ്വാസത്തോടെ തളരാതെ മധുവിന് നീതി നേടിക്കൊടുക്കാൻ മുൻനിരയിലുണ്ടായിരുന്ന പേരാണ് രാജേഷ് എം മേനോന്റേത്. അഡ്വ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിച്ചത്. അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം മേനോൻ. പ്രതികൾക്ക് ശിക്ഷയും കിട്ടി. പിന്നാലെ വാളയാർ കേസിലും നീതിയൊരുക്കാൻ നിയോഗിക്കപ്പെട്ടു. അതും ഇരയുടെ കുടുംബങ്ങളുടെ നിർദ്ദേശം കൂടി പരിഗണിച്ച്.

ഈ സാഹചര്യത്തിലാണ് വണ്ടിപ്പെരിയാറിലും അഡ്വ രാജേഷ് എം മേനോൻ ചർച്ചകളിൽ എത്തുന്നത്. സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചതിനാൽ തങ്ങൾക്ക് വിശ്വാസമുള്ളയാളെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് രേഖാമൂലം മുഖ്യമന്ത്രിയോട് കുടുംബം ആവശ്യപ്പെട്ടത്. അഡ്വ. രാജേഷ് എം. മേനോനെയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഇതോടൊപ്പം വാക്കാൽ അറിയിക്കുകയായിരുന്നു. ഡി.ജി.പി.യോട് ആലോചിച്ച് മറുപടിപറയാമെന്നായിരുന്നു മറുപടി. വണ്ടിപ്പെരിയാറിൽ സിപിഎം പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെ പല തലത്തിൽ ആലോചിച്ച് മാത്രമേ അഡ്വ രാജേഷ് എം മേനോനെ സർക്കാർ ചുമലത ഏൽപ്പിക്കൂ.

മധു വധക്കേസിലെ വിചാരണയും ശിക്ഷാനടപടികളും അറിയാനിടയായിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ ആവശ്യപ്പെടുന്നതെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. കേസിൽ കോടതി വെറുതേവിട്ട പ്രതിയുടെ ബന്ധുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അദ്ദേഹം ആശുപത്രി വിട്ടശേഷം ഡി.ജി.പി.യെ നേരിൽ കാണും. തന്നോട് വിഷയം സംസാരിച്ചിരുന്നെന്നും അനുമതി നൽകിയാൽ കേസിൽ ഹാജരാകാൻ തയ്യാറാണെന്നും അഡ്വ. രാജേഷ് എം. മേനോൻ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.