- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപമാന ഭാരത്താൽ അനുശോചിക്കാനോ അപലപിക്കാനോ പോലുമാകാതെ മുഖ്യമന്ത്രി; പിണറായി പ്രതികരണങ്ങൾ ഒഴിവാക്കുമ്പോൾ ആ കൂട്ടിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര നൽകി നാട്; കുടുംബവുമായി ആ അച്ഛൻ കേരളത്തിലെത്തിയത് കുട്ടികളെ നന്നായി പഠിപ്പിച്ച് മിടുമിടുക്കരാക്കാൻ; ഒടുവിൽ സഹോദരനെ മടിയിൽ ഇരുത്തി മകളുടെ അന്ത്യകർമ്മങ്ങൾ നടത്തിയ പിതാവ്; ആ കുടുംബത്തോട് കേരളം മാപ്പു പറയുമ്പോൾ
ആലുവ: കേരളം ആ കുടുംബത്തിന് മാപ്പു പറയുകയാണ്. കുട്ടികളെ പഠിപ്പിക്കാനായും നല്ല ജീവിതം സ്വപ്നം കണ്ടും കേരളത്തിലെത്തിയതായിരുന്നു ആ കുടുംബം. ജോലിക്കായി കേരളത്തിലേക്ക് വരുമ്പോൾ ഭാര്യയേയും മക്കളേയും കൂടെ കൂട്ടിയത് നല്ല ജീവിതം സ്വപ്നം കണ്ടാണ്. പക്ഷേ ആ അഞ്ചു വയസ്സുകാരിയോട് സമൂഹം കാട്ടിയത് പൊറുക്കാനാകാത്ത തെറ്റ്. മദ്യത്തിന് അടിമയായ ക്രിമിനൽ ആ കുട്ടിയേയും കൊണ്ടു പോയിട്ടും ആരും തടഞ്ഞില്ല. സംശയം തോന്നിയവർ പോലും പിറകെ പോയില്ല. പരാതി കിട്ടിയിട്ടും പൊലീസ് ഒന്നും ചെയ്തില്ല. ആ അന്വേഷണം അവസാനിച്ചത് ആ കുട്ടിയുടെ മൃതദേഹം കിട്ടിയപ്പോഴാണ്. ആ കുട്ടിക്ക് ആലുവ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
മണിപ്പൂരിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ അതിവേഗം പ്രതികരിക്കുന്നവർ പോലും ഈ ക്രുരത കണ്ടില്ലെന്ന് നടിക്കുന്നു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ഫെയ്സ് ബുക്കിൽ പോലും അനുശോചന കുറിപ്പിട്ടില്ല. കേരളത്തിലെ എല്ലാ വിഷയങ്ങളിലും അതിവേഗം പ്രതികരിക്കുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ മൗനത്തിലാകേണ്ടി വരുന്നു. കണ്ണൂരിൽ പൊതുപരിപാടികളിൽ സജീവമായ മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിലോ പി ആർഡി വെബ് സൈറ്റിലോ ഒന്നും ഈ സംഭവത്തിലെ അനുശോചനം കാണാനില്ല. കേരളത്തിന് തീരാ അപമാനമാണ് ഈ സംഭവമെന്ന് വ്യക്തം. ആലുവയിൽ കുട്ടിയുടെ അന്ത്യയാത്രയ്ക്ക് വലിയ ജനക്കൂട്ടമായിരുന്നു സാക്ഷ്യം വഹിച്ചത്. പലരും പൊട്ടിക്കരഞ്ഞാണ് ചാനലുകളോട് പ്രതികരിച്ചത്. എല്ലാവരും ആ കുടുംബത്തോട് മാപ്പു പറയുകയാണ്. ആരോ സമ്മാനിച്ച പാവകുട്ടിയെ അടക്കമാണ് മൃതദേഹം അടക്കം ചെയ്തത്.
സാക്ഷര കേരളത്തെ കുറിച്ച് കേട്ടറിഞ്ഞാണ് കേരളത്തിൽ ജോലി കിട്ടിയപ്പോൾ കുടുംബവുമായി ആ അച്ഛൻ കേരളത്തിലെത്തിയത്. പാലക്കാടായിരുന്നു അച്ഛന് ജോലി. കുട്ടികളെ നന്നായി പഠിപ്പിക്കാനായി ആലുവയെ താമസ സ്ഥലമാക്കി. അത് ദുരന്തവുമായി. ഈ മേഖലയിൽ പല കുട്ടികളും ചൂഷണത്തിന് ഇരയാകുന്നുവെന്ന വിലയിരുത്തലുണ്ട്. അതിഥി തൊഴിലാളികളുടെ വേഷത്തിൽ നിരവധി ക്രിമിനലുകൾ ഈ മേഖലയിൽ എത്തുന്നുണ്ട്.
കേരളത്തിന്റെ നോവായി മാറിയ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ വിടചൊല്ലി നാട്. കഴിഞ്ഞദിവസം ആലുവയിൽ അതിദാരുണമായി കൊല്ലപ്പെട്ട ബിഹാർ സ്വദേശിയായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10.45-ഓടെ ആലുവ കീഴ്മാട് ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിവിധ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ വൻജനാവലി സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഒട്ടേറെകുട്ടികളും കൂട്ടുകാരിക്ക് വിട പറയാനെത്തി.
ഞായറാഴ്ച രാവിലെ പെൺകുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എൽ.പി. സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധി പേരാണ് അന്ത്യാഞ്ലി അർപ്പിക്കാനെത്തിയത്. സ്കൂളിലെ കുട്ടികളും അമ്മമാരും അദ്ധ്യാപകരും കുഞ്ഞിന്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി. പല അമ്മമാരും ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ രോഷപ്രകടനങ്ങളും പലരിൽനിന്നുമുണ്ടായി. തുടർന്ന് പത്തുമണിയോടെ പൊതുദർശനം അവസാനിപ്പിച്ചശേഷമാണ് മൃതദേഹം കീഴ്മാട് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. സൗകര്യങ്ങൾ പരിമിതമായതിനാൽ ബിഹാർ സ്വദേശികൾ താമസിക്കുന്ന വീട്ടിൽ പൊതുദർശനം ഉണ്ടായിരുന്നില്ല.
പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാഖ് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇതുവരെയുള്ള ചോദ്യംചെയ്യലിൽ പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നതെന്നും കൂടുതൽപേർക്ക് പങ്കുള്ളതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആലുവ റൂറൽ എസ്പി. മാധ്യമങ്ങളോട് പറഞ്ഞു. അസ്ഫാഖ് ആലം രണ്ടരവർഷം മുൻപ് കേരളത്തിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആലുവയിലെ ബീവറേജസ് ഔട്ട്ലെറ്റിലെത്തി മദ്യംവാങ്ങിയ ഇയാൾ മറ്റുചിലരുമായി വാക്കുതർക്കത്തിലേർപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിയെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. കൊലപാതകം, ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകളാകും പ്രതിക്കെതിരേ ചുമത്തുക.
മറുനാടന് മലയാളി ബ്യൂറോ